രചന : മാധവ് കെ വാസുദേവ് ✍
സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും ധാര്‍മ്മിക ചുമതലകള്‍ക്കും തടയിടുന്നു എന്നതുതന്നെയാണ് വാസ്തവം.
ഇതിന്നോ ഇന്നലെയോ തുടങ്ങിയ പ്രവണതയല്ല. ആദികാവ്യത്തിലെ ലക്ഷമണരേഖ മുതല്‍ മലാലയില്‍ കൂടി അടുത്തയിട നിഷ്ടൂരാമായി കൊലചെയ്യപ്പെട്ട പെരുമ്പാവൂരിലെ നമ്മുടെ സഹോദരി ജിഷയും പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാല്യം വരെ എത്തിനില്ക്കുന്നു സ്ത്രീയ്ക്കെതിരെ തിരിയുന്ന അവളുടെ സുരക്ഷയുടെയും അവകാശലംഘനങ്ങളുടെ ചരിത്രമടങ്ങുന്ന ആ ചങ്ങല. ചില അപവാദങ്ങള്‍ ചൂണ്ടിക്കാട്ടാമെങ്കിലും സ്ത്രീയുടെ ചിന്താശക്തിക്കെതിരെ നീങ്ങുന്ന പാദങ്ങള്‍ ഉയരുന്ന നാവുകള്‍
അവള്‍ക്കു ചുറ്റുമൊരു വന്മതില്‍ ഉയര്‍ത്തുന്നു.
അടുക്കളയിലും അലക്കുകല്ലിന്‍ ചുവട്ടിലും കിടപ്പറയിലും ഒതുങ്ങികൂടേണ്ടതല്ല സ്ത്രീയെന്ന ബൗദ്ധികതയെന്നു നമ്മള്‍ പൊതുവേദികളില്‍ വാചാലരാകുമ്പോഴും കാല്‍ക്കിഴില്‍ അവളെ തളച്ചിടാനുള്ള ഒരുത്വര നമ്മുടെയുള്ളില്‍ വിഷസര്‍പ്പം പോലെ തലയുര്‍ത്തുന്നു എന്നസത്യം നമ്മളിൽ ബഹുഭൂരിപക്ഷത്തിനും മറച്ചുവെയ്കാന്‍ കഴിയില്ല. അപ്പോള്‍ ഓരോ സ്ത്രീയും ചിന്തിക്കേണ്ടത് അവളുടെ അവകാശങ്ങള്‍ എത്രമാത്രം സംരക്ഷിക്കപ്പെടുന്നുവെന്നും തന്റെ അവകാശ സംരക്ഷണത്തിനു ഓരോ സ്ത്രീയും എത്രമാത്രം മുന്നിട്ടിറങ്ങുന്നുവെന്നും ആയിരിക്കണം.
എന്തുകൊണ്ടാണ് സാക്ഷരത കേരളത്തിലെന്നല്ല നമ്മുടെ ഭാരതത്തില്‍ സ്ത്രീ ശാക്തീകരണം ഫലപ്രദമാവാത്തത്. അതിന്‍റെ ഒന്നാമത്തെ കാരണമൊരു സംഘടിതമുന്നേറ്റത്തിനു ബഹുഭൂരിപക്ഷം സ്ത്രീകളും സഹകരിക്കുന്നില്ല എന്നതുതന്നെയാണ്. എന്തുകൊണ്ടു ഇത്തരമൊരു നിസ്സംഗത നമ്മുടെ സ്ത്രീസമൂഹത്തില്‍ വളര്‍ന്നു വന്നതെന്നും ഈ മനോഭാവം മാറ്റാനെങ്ങനെ സാധിക്കുമെന്നും സ്ത്രീസംഘടനകള്‍ ആലോചിക്കേണ്ടതാണ്.
അല്ലെങ്കില്‍ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി വിവിധ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര പേരിലേയ്ക്കെത്തുന്നുവെന്നതും വിലയിരുത്തേണ്ടതാണ്. ഇവിടെയാണ് നമ്മുടെ ഇരുപത്തിയൊന്നാന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന വനിതകൾ പൊതുവെ ചിന്തിക്കാത്തതും അതിലൊരു ന്യൂനപക്ഷം ചോദിച്ചാൽ തന്നെ പരാജപ്പെട്ടു പോകുന്നതും. ഈ അവസരത്തിലാണ് വനിതകള്‍ ചിന്തിക്കേണ്ടതും അതിനായി മുന്നിട്ടിറങ്ങേണ്ടതും.
ഇന്ത്യന്‍ സ്ത്രീമനസ്സുകളില്‍ അധികാരവര്‍ഗ്ഗത്തോടാദ്യം പ്രതികരിച്ച ആദ്യ സ്ത്രീനാവു കൌരവസദസ്സില്‍ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലരാജകന്യക കൃഷ്ണയുടെ തന്നെയാണ്. അതിനു മുന്‍പും അതിനു ശേഷവും സ്ത്രീവില്പന ചരക്കായി മാറ്റിവെയ്ക്കപ്പെട്ടു പല കാലഘങ്ങളിലും പല സമൂഹത്തിലും. ഇത്തരം സാമൂഹ്യ അസമത്വത്തിനെതിരെ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും അതെല്ലാമന്നത്തെ അധികാരകേന്ദ്രങ്ങളോ അല്ലെങ്കില്‍ പുരുഷ മേധാവിത്വമോ ദുര്‍ബലപ്പെടുത്തി.
ഭാരതിയ സ്ത്രീമനസ്സുകളില്‍ സ്വന്തം നിലപാടുകളിലുറച്ചു നിന്ന ചിലരാണ് മീരയും, റാണി ലക്ഷ്മിഭായിയും സരോജിനി നായിഡു, ഇന്ദിര പ്രിയദര്‍ശിനി, റസിയ സുല്‍ത്താന, കെ. ആര്‍ ഗൗരി തുടങ്ങി മേഘ വരെ.. ഇനിയും അറിയപ്പെടാത്ത എത്രയോ ജീവിതങ്ങള്‍.
ഞാന്‍ പറഞ്ഞു വന്നത് ഇവരൊക്കെ നമ്മുടെ കണ്‍മുന്നില്‍ ജീവിച്ചിരുന്നവരും ജീവിക്കുന്നവരുമാണ് . ഇവരുടെയൊക്കെ ജീവിതം നമ്മെ ചിലതു പഠിപ്പിക്കുന്നുണ്ട്. ഇവിടെയാണ് ഇന്നത്തെ സ്ത്രീ സമൂഹം എന്തുകൊണ്ടാണ് ഒരു സമൂലമാറ്റത്തിന് വേണ്ടി ഒന്നിച്ചു അണിനിരക്കുന്നില്ല അല്ലെങ്കില്‍ അതിനു വിമുഖത കാട്ടുന്നു ചിന്തിക്കേണ്ടത്.
ഒരു സ്ത്രീക്കു സമൂഹത്തില്‍ നിന്നും ലഭ്യമാകേണ്ട അടിസ്ഥാനപരമായ നീതിയും സമത്വവും അവളുടെ വ്യക്തിത്വവും അനുവദിച്ചു കൊടുക്കെണ്ട മാതൃകാപരമായ കര്‍ത്തവ്യം പൊതുസമൂഹത്തിനുണ്ട്. അവളുടെ വ്യക്തിത്വത്തെ, അവളുടെ അവകാശങ്ങളെ അവളുടെ കടമകളെ എല്ലാം മാനിച്ചു കൊടുക്കാനും അവളെ സംരക്ഷിക്കാനുമുള്ള ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട് .
ഇതു നമ്മുടെ സമൂഹമേറ്റടുക്കത്തത്തിന്‍റെ ദുരന്ത ഫലമാണ് ഡല്‍ഹിയിലും മറ്റു വടക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ പീഡനങ്ങളും കൊലപാതകങ്ങളും. സാക്ഷരത സമൂഹമെന്നഹംങ്കരിക്കുന്ന നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലുമിതാ ജിഷയെന്ന പെണ്‍കുട്ടിയും അതിനു ശേഷം നിരവധി പിഞ്ചുകുട്ടികളും.
സ്ത്രീപുരുഷസമത്വചിന്ത കുറെയേറെ കേരളസമൂഹത്തില്‍ അനുവദിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഭാരതത്തിന്‍റെ ഇതിര സ്ഥലങ്ങളില്‍ സ്ഥിതി മറ്റൊന്നാണ് . എവിടെയാണ് നമ്മള്‍ക്കു നമ്മുടെ നന്മ നഷ്ടപ്പെട്ടത് നമ്മുടെ മനസ്സുകള്‍ അപക്വമായ ചിന്തകള്‍ക്കു വഴിമാറിയത് .
സഹജീവി വെറുമൊരു ഉപകരണമാണെന്നു വിചാരിച്ചു തുടങ്ങിയത്. മറ്റൊരാളുടെ ജീവിതത്തില്‍ കൈകടത്താന്‍ ശ്രമിച്ചു തുടങ്ങിയത് . ഇതിനൊക്കെയുള്ള മറുപടിയാവണം നമ്മുടെ വനിതകൾ സമരം നടത്തി പോരാട്ടങ്ങള്‍ നടത്തി പിടിച്ചുവാങ്ങേണ്ട നീതിയും അവകാശങ്ങളും. അതിനു തിരുവനന്തപുറാം ലോ കോളേജിലെ പെൺകുട്ടികളെ മാതൃക ആക്കാവുന്നതാണ് . ആ വിജയം ഈ നാട്ടിലെ വനിതാ സമൂഹം കാണേണം സ്വീകരിക്കേണം.
ഒറ്റപ്പെട്ട സമരങ്ങളൊന്നും അത്രകണ്ടു വിജയിച്ചിട്ടില്ല ഭാരതത്തില്‍. തെങ്ങിന്റെ തലപ്പത്തു വളം ചെയ്തിട്ട് കാര്യമില്ല. അതു ചുവട്ടില്‍ തന്നെ ആവണം. എന്നാലേ ഫലമുണ്ടാവൂ. ശാക്തീകരണം ആരംഭിക്കേണ്ടത് വീടുകളില്‍ നിന്നുതന്നെയാവണം. സ്ത്രീ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ രൂപകല്‍പ്പനയില്‍ ഏറ്റവും അടിസ്ഥാനപരമായ ഘടകം കുടുംബം തന്നെയാണ്.
സ്ത്രീ, സഹനത്തിന്റെ ഭാഷയാണ്, സങ്കല്പമാണ് എന്നൊക്കൊയുള്ള പ്രാചീന സീതാപരിവേഷ കല്പനകള്‍ മാറ്റിവെച്ചു കൗരവ രാജസദസ്സിലെ കൃഷ്ണയുടെ മനസ്സിന്റെ കരുത്താര്‍ജിക്കേണ്ടതാണ് കലിയുഗ പെണ്‍മനസ്സ്. ഇതിനു ചില ഉദാഹരണങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്ക് നേരെ അമ്പുകള്‍ എയ്യുന്നതു സ്വന്തം വര്‍ഗത്തില്‍ നിന്നും തന്നെയാണ് എന്നതും ഓര്‍മ്മിക്കപ്പെടെണ്ടാതാണ് .
എന്തിനുമേതിനും പുരുഷാധിപത്യമെന്നു മുറവിളി കൂട്ടാതെ സ്വവര്‍ഗ്ഗത്തിന്റെ ശരിയായ ഉന്നമനത്തിനു വേണ്ടി സ്ത്രീകള്‍ മുന്നിട്ടിറങ്ങണം. നിര്‍ഭാഗ്യവശാല്‍ പല കൊടിത്തോരണങ്ങളാല്‍ അവള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു ശാക്തികരണം, ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സ്‌ത്രീസമൂഹം ആഗ്രഹിക്കുന്നെവെങ്കില്‍ ഇത്തരം ഒറ്റപ്പെടലുകളില്‍ നിന്നും അകന്നുമാറി ഒരുസംഘടിത ശക്തി ആര്‍ജിക്കുകയാണ് ആദ്യം വേണ്ടത്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനം അനുശാസിക്കുന്ന അവകാശങ്ങളില്‍ നട്ടെലുറപ്പോടെ ഉയര്‍ന്നുനില്‍ക്കാനും സ്ത്രീക്ക് കഴിയണം.
കാര്യം എന്തൊക്കെ പറഞ്ഞാലും സായിപ്പ് ഇന്ത്യക്കാര്‍ക്ക് ചില ഗുണ പാഠങ്ങള്‍ പറഞ്ഞു തരാറുണ്ട് . അതെല്ലാം അവരുടെ കച്ചവട തന്ത്രത്തിന്റെ ഭാഗങ്ങള്‍ ആണെങ്കിലും. ഇന്നീ വനിതാദിനത്തില്‍ സ്ത്രീകള്‍ ഓര്‍ത്തു വെയ്ക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .
ഈ കൂട്ടര്‍ ചിന്തിക്കണം സ്ത്രീജന്മം അതിന്‍റെ മഹത്വം. സ്ത്രീയെ പ്രപഞ്ച മാതാവായി കരുതുന്ന ഒരു സംസ്ക്കാരത്തില്‍ നിന്ന് കൊണ്ട് ചിന്തിക്കു മ്പോള്‍ സ്ത്രീത്വത്തിന്റെ മൂല്യങ്ങളെ അതെങ്ങിനെ ഇവിടെ വിലയിരുത്തിയിരുന്നു എന്നും ഇപ്പോള്‍ എങ്ങിനെ അതിനെ വിലയിരുത്തുന്നു എന്നും നോക്കി കാണണം.
ഇതിഹാസങ്ങളില്‍ സീതയും കൃഷ്ണയും താരയും അഹല്യയും രാധയും ഊര്‍മ്മിളയും ഒക്കെ സത്ചിന്തയുടെ സ്ത്രീത്വത്തിന്റെ നേര്‍ മുഖങ്ങള്‍ ആയിരുന്നു. കാലം ഉരുണ്ടു നീങ്ങിയപ്പോള്‍ സുല്‍ത്താണ റാസിയും റാണി ലക്ഷ്മിഭായും മീരയും ചരിത്ര താളുകളില്‍ ഇടം പിടിച്ചു. പിന്നെ സരോജിനി നായിഡു , വിജയലക്ഷി പണ്ഡിറ്റ് , ക്യാപ്റ്റന്‍ ലക്ഷ്മി, മദര്‍ തെരേസ, ഇന്ദിര ഗാന്ധി, സുചേതാ കൃപാലിനി, അന്ന ചാണ്ടി, കെ ആര്‍ ഗൗരി, തുടങ്ങി പലരും സമൂഹത്തിന്‍റെ വേലിക്കെട്ടുകള്‍ അതിനു എതിരെ ചിന്തിച്ചവര്‍ ഏറെ.
ഇന്ന് ചിലെരെങ്കിലും കളങ്കിത രൂപത്തില്‍ സ്ത്രീത്വത്തില്‍ ജനിക്കുന്നു വളരുന്നു പടര്‍ന്നു പന്തലിക്കുന്നു. അതിനു രാഷ്ട്രിയവും ആത്മിയതയും സ്വാര്‍ത്ഥതയും മറയായ്ക്കുന്നു. ഇവിടെയാണ് നമ്മുടെ വനിതകള്‍ ഉണരേണ്ടതും ചിന്തിയ്ക്കേണ്ടതും. നീതി നിഷേധങ്ങള്‍ക്കും അവകാശങ്ങള്‍ക്കും പോരാടാന്‍ അവര്‍ക്ക് പല നിറത്തിലുള്ള കൊടികള്‍ വേണ്ടി വരുന്നു. എന്തിനു ഒരു ഇലക്ഷന്‍ വരുമ്പോള്‍ ബാലറ്റ് പെട്ടിയില്‍ വീഴുന്ന വോട്ടുകളില്‍ പകുതിയും ഈ വനിതകളുടെ ആണ് . ഒരു കൊടികൂറയ്ക്കും പിന്നാലെ പോവാതെ ആം ആദ്മി പാര്‍ടി പോലെ ഒരു വനിതാ പാര്‍ട്ടി രൂപികരിയ്ക്കുന്നതിനെ കുറിച്ച് ഇവര്‍ക്ക് ഒന്ന് ആലോചിച്ചു കൂടെ.
എന്തുകൊണ്ട് അങ്ങിനെ ചിന്തിച്ചു കൂടാ. ഒറ്റപ്പെട്ട നിലവിളികളെക്കാള്‍, ശക്തിയുഇല്ലെ ഒരു കൂട്ട നിലവിളിക്കു . നിങ്ങള്‍ നിങ്ങളുടെ ശക്തി തെളിയ്ക്കേണ്ട ഒരു സഹ ചാര്യമാണിന്നുള്ളത്. ഇനിയും പ്രിയപ്പെട്ട വനിതകളെ നിങ്ങള്‍ പല മാളങ്ങളില്‍ നിന്നും ഇറങ്ങി വന്നു ഒരു പ്രസ്ഥാനത്തിന്റെ കീഴില്‍ നിങ്ങളുടെ ശക്തി തെളിയുക്കുക. അമ്മയാണ് സഹോദരിയാണ് ഭാര്യ ആണ് മകളാണ് വീടിന്റെ വെളിച്ചം ആണ് പുരുഷന്റെ ശക്തിയാണ് ബുദ്ധിയാണ് എന്നെക്കോ ഓര്‍മ്മിച്ചുകൊണ്ട് സംഘടിയ്ക്കുക അനീതികള്‍ക്കെതിരെ പോരാടുക..