രചന : സാബു നീറുവേലിൽ✍
യുദ്ധം ഒരു കളിയാണ്
മരണവും ജീവനും തമ്മിൽ!
ജീവനിലേക്ക് മരണം
എറിയുന്ന കളി
കാണികൾ കുറവ്
പരസ്യങ്ങളുമില്ല
റൺസിൻ്റെയും
ഗോളിൻ്റെയും
വിലയില്ലാത്ത
ജീവനുകൾ;
വർണ്ണനകളില്ലാതെ
മണ്ണിലടിയുന്നു.
ചിലപ്പോൾ
സാറ്റ് കളി പോലെ
ഒന്ന് മുതൽ
എണ്ണിത്തുടങ്ങുന്നു
നീ ഒളിച്ചിരിക്കുന്നു
ഏതെങ്കിലും ഒരു
സംഖ്യയാൽ
നീ എണ്ണപ്പെടുന്നു.
അവസാനം മരണം
നിന്നെ കണ്ട് പിടിക്കുന്നു
ഗർഭപാത്രത്തിൻ്റെ
വാടക പോലും
തികയ്ക്കാതെ
നീ കടന്നു പോകുന്നു.
വാചാലമാകുന്ന
ആഗോള മൗനങ്ങൾ!
അവർ സമാധാനം
സംസാരിക്കുന്നു.
അസമാധാനത്തിൻ്റെ
കഴുകനെ പറത്തി വിടുന്നു!
നീ കരുതുന്നു, യുദ്ധം
റഷ്യയും യുക്രെയിനും
തമ്മിലാണെന്ന്
യുദ്ധം മനസ്സുകൾ
തമ്മിലാണ്.
ആർത്തിയും ആർത്തിയും
തമ്മിലാണ്.
നീയും ഞാനും തമ്മിലാണ്.
നിൻ്റെ കണ്ണിലെ
കരടടെടുക്കുവാൻ
ഞാൻ യുദ്ധം ചെയ്യുന്നു
എൻ്റെ കണ്ണിലെ തടി വീണു
ഞാൻ മരിക്കുന്നു.
കൊന്നവനും ചത്തവനും
ഒരേ മണ്ണിൽ പുൽകി
ഉറങ്ങുമ്പോൾ “നീ
കൊന്നില്ലേലും ഞാൻ
ചത്തേനേ” ആത്മഗതം
കേട്ട് മരണം പോലും
കുലുങ്ങിച്ചിരിക്കുന്നു.