രചന : പി.എം. വി.✍
കാലത്തു കൂടുവിട്ടാൽ
താഴത്തു തോട്ടമെത്തി,
ജോലിക്കു ഹാജരാവും
അമ്മയും കുഞ്ഞുങ്ങളും.
പാലിക്ക ജീവക൪മം
ജീവിക്കവേണമെന്നാൽ
ജീവിക്കുപോലുമില്ല-
ക്കാര്യത്തിൽ രണ്ടുനീതി.
മക്കൾക്കു ജീവപാഠം
ചിക്കിച്ചിനക്കിനൽകും
ദുഷ്ടത ദൃഷ്ടിവെച്ചാൽ
കൊക്കിപ്പറഞ്ഞുകാട്ടി,
പെട്ടെന്നു തൻചിറകിൽ
വട്ടത്തിൽ കൂടൊരുക്കും!
നാരിക്കു ശ്രേഷ്ഠാശ്രമം
മാധുര്യമാതൃകാലം
ഭാരിച്ചക്ലേശത്തിലും
വാത്സല്യമേറ്റുംകാലം.
മക്കൾക്കു മാതൃഹൃത്തിൽ
എന്നെന്നും ശൈശവംതാൻ
പൊക്കിൾ മുറിച്ചബന്ധം
അറ്റിടാ ജന്മകാലം!
പോറ്റിവള൪ത്തി സ്വന്തം-
കാര്യത്തിൽ പ്രാപ്തിയാക്കും-
കാലംവരേക്കും നെഞ്ചിൽ
പേറുന്നു ആധിഭാരം.
പേടയ്ക്കു ജന്മദൗത്യം
വേറിട്ടുനൽകി,യെന്നാൽ
പേടിക്കും ചുറ്റുപാടിൽ
ജീവിക്കയെന്നു ലോകം!
കാമിച്ചു ചുറ്റിനിൽക്കും
പൂവുള്ള പുംഗവന്മാ൪
തഞ്ചത്തിൽ ചാടിവീഴും
അങ്കം കഴിച്ചു പോകും.
മാറത്തെ ചൂടുനൽകി
പൂടയ്ക്കു ജീവനേകാൻ
മോഹിക്കെ അണ്ഡമെല്ലാം
ദ്രോഹികൾ കൈക്കലാക്കും.
മാനിക്കവേണമെന്ന്
ഘോഷംനടത്തുമ്പൊഴും
മാനത്തിനെന്നുമെന്നും
കൊക്കിപ്പാറുന്നകേൾക്കാം