രചന : പള്ളിയിൽ മണികണ്ഠൻ ✍

നിറ,ഗുണമൊക്കെയുമൊത്തവളാകിയ
നിരവധിപേരെ കണ്ടെന്നാലും
മകനൊരുപെണ്ണ് തിരഞ്ഞിട്ടനവധി
കുടിലുകൾ കേറിയിറങ്ങീ താതൻ.
ദേവതപോലതിസുന്ദരിയാകിയ
തരുണികളൊരുപാടുണ്ടെന്നാലും
മൂന്നരസെന്റിലെയോലപ്പുരയുടെ
മുതലാളിയ്ക്ക് മനസ്സിലതൃപ്തി.
മുക്കാൽചക്രക്കൂലിയ്‌ക്കെങ്കിലു-
മൊരുതൊഴിലില്ല മകനെന്നാലും
താതന് ചിന്തയതൊന്നേയുള്ളൂ
സ്ത്രിധനമതുപവനിരുപതുവേണം
പലപലദിക്കിലലഞ്ഞതിനൊടുവിൽ
കരുതിയപോലൊരു പെണ്ണ് ലഭിച്ചു
മകനുടെ മംഗലമങ്ങനെ താതൻ
അമിതാഹ്ലാദത്തോടെ നടത്തി.

ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരു
വരനെ തേടിനടക്കുംനേരം
വന്നവരൊക്കെ സ്ത്രീധനമായി
പവനുടെയെണ്ണം ചോദിക്കുമ്പോൾ….
മകനന്നിരുപതുപവനിനുവേണ്ടി
പലപലദിക്കിലലഞ്ഞുനടന്നോൻ
മകളുടെകാര്യം വന്നൊരുനേരം
തെരുവിലിറങ്ങി പ്രസംഗിക്കുന്നു.
സ്ത്രിയെന്നാലതിനെക്കാൾ വലിയൊരു
ധനമായുലകിൽ മറ്റെന്തുണ്ട്
സ്ത്രിധനമെന്ന ദുരാചാരത്തിനെ
നമ്മൾക്കൊന്നായാട്ടിയകറ്റാം..

By ivayana