രചന : വിനോദ്.വി.ദേവ്✍

അന്യർക്ക് പ്രവേശനം നിഷേധിച്ച
ഒരു കൂറ്റൻവാതിൽ ഞാൻ
അടച്ചുസൂക്ഷിയ്ക്കുന്നുണ്ട്.
അത്ര പരിചിതനല്ലാത്ത
സുഹൃത്തോ ,
കാമുകിയോ,
വേശ്യയോ
അതിലൂടെ കടന്ന്
ഇരുൾച്ചിത്രങ്ങൾ നിറഞ്ഞ,
നിശബ്ദമായ ഇടനാഴികളിലേക്ക്
ഒരിയ്ക്കലും പ്രവേശിച്ചിട്ടില്ല.
കാരണം അപരിചിതരുടെ
അറിയിപ്പുമണികളുടെ ഒച്ച
ഉള്ളിൽ മുഴങ്ങാറേയില്ല.
ഉള്ളിലേക്ക് കടന്നാൽ,
വിറകെരിയുന്ന ഒരടുപ്പ്
കെടാതെ കത്തിക്കൊണ്ടിരിയ്ക്കുന്നുണ്ട്.
അവിടെ പൊരിഞ്ഞ ഹൃദയത്തിന്റെ ,
കണ്ണിന്റെ ,തലച്ചോറിന്റെ
പച്ചവെയിലിനെ വേവിച്ചതുപോലെയുള്ള
ഒരു ഗന്ധം തങ്ങിനിൽക്കുന്നുണ്ടാകും.
കാട്ടുമൃഗത്തിന്റെ ചോരയിറ്റുന്ന മാംസം
തൂങ്ങിനിൽക്കുന്നുണ്ടാകും .
ഇരയാക്കപ്പെട്ടവരുടെ പഴുത്ത കണ്ണുകളുടെ
ഒരു ആൽബം
സൂക്ഷിച്ചുവച്ചിട്ടുണ്ടാകും.
പ്രാചീനനായ ഒരു ചരിത്രകാരന്റെ
പഠനമുറിയ്ക്കുള്ളിലെ ,
ലിപിയറിയാത്ത ചെമ്പോലകളും
ഓർമ്മകളുടെ നന്നങ്ങാടികളും
വിഷാദത്തിന്റെ ഫോസിലുകളും
നരച്ച പെട്ടിയിൽ ഉറങ്ങുന്നുണ്ടാകും.
ഇവിടെ അന്യർക്ക് പ്രവേശനം നിഷേധിച്ചിരിയ്ക്കുന്നതിന്റെ രഹസ്യം
പരസ്യമായിട്ടുണ്ടാകുമെല്ലോ !

By ivayana