രചന : ഹാരിസ് ഖാൻ ✍
മുക്കം ശിവരാത്രിയെ പറ്റിയുള്ള വാർത്ത രാവിലെ പത്രത്തിൽ വായിച്ചപ്പോൾ തുടങ്ങിയ നൊക്ലാജിയയാണ്….
കേരളത്തിൽ ആലുവ കഴിഞ്ഞാൽ ഏറ്റവും വലിയ ഉത്സവമാണ് മുക്കത്തെ ശിവരാത്രി. പുഴയുടെ ഒത്ത നടുക്ക് ഒരു മൺതിട്ടയും, അതിൽ ഒരാലും, ശിവനുമാണ് മേൽക്കൂരയൊന്നുമില്ലാത്ത ഈ അമ്പലം
എന്ന് പറയുന്നത്. മഴക്കാലത്ത് അത് ആറ് മാസത്തോളം വെള്ളത്തിലങ്ങിനെ മുങ്ങി കിടക്കും.
കോളേജ് കാലത്താണ്, ഞാനും സുഹൃത്തും അവൻെറ ബന്ധുവിൻെറ മെഡിക്കൽ ഷോപ്പിൽ നിൽക്കുന്ന കാലമാണ്. ഉച്ചവരെ കോളേജ് ഉച്ചക്ക്ശേഷം മെഡിക്കൽ ഷോപ്പ്.
സംഘിയും സുടാപ്പിയും കൃസംഘിയുമില്ലാത്ത മനുഷ്യർ മാത്രം വാഴുന്ന കാലമാണ്. എല്ലാ മതസ്ഥരും ഒത്തൊരുമിച്ച് ഉത്സവങ്ങൾ ആറാാാടുകയാണ് ചെയ്യാറ്.
പലാഴി കടഞ്ഞപ്പോൾ പൊങ്ങിവന്ന കാളകൂട വിഷം വിഴുങ്ങിയ ശിവൻെറ കൊങ്ങായ്ക്ക് കിട്ടിയ ചാൻസിന് കയറി പിടിച്ച പാർവ്വതി വിഷമിറങ്ങാറാതെ രാത്രിമൊത്തം ഉറങ്ങാതിരിക്കുന്ന ദിവസമാണ് ശിവരാത്രി.
പാർവ്വതിക്ക് സപ്പോർട്ടായി നമ്മളും കട്ടക്ക് ഉറങ്ങാതെ കൂടെ നിൽക്കും…
വൈകുന്നേരമായാൽ കോളേജ് ഫ്രണ്ട്സ് മൊത്തം വരും. അഛനമ്മമാരുടെ അകമ്പടിയോടെ പട്ടു പാവാടെയുമിട്ട് അച്ചടക്കത്തോടെ തലകുമ്പിട്ട് പൂച്ചകുട്ടികളെ പോലെ വരുന്ന ഓരോരുത്തരുടേയും കാമുകിമാരെ അമ്പലം വരെ അകമ്പടി സേവിക്കുക എന്നതാണ് മുഖ്യ ദൗത്യം. ഇന്നത്തെ പോലെയല്ല ഒരു കടാക്ഷം മതി ഞങ്ങൾ തൃപ്തരായിരുന്നു..
“ദർശ്ശനേ പുണ്യം സ്പർശ്ശനേ പാപം ന്നല്ല്യേ ഉണ്ണായി വാര്യർ…
സമയം പന്ത്രണ്ടെല്ലാം കഴിഞ്ഞാൽ മൂഡ് മാറും. ഉരസാൻ ഏതേലും സാങ്കൽപിക ശത്രുവിനെ കിട്ടുമോ എന്ന് നോക്കിയുള്ള കറക്കമാണ്. ഉത്സവ തല്ലിന് ഞങ്ങൾ ആണുങ്ങൾക്ക് അങ്ങിനെ പ്രത്യേകം കാരണങ്ങളൊന്നും വേണ്ട. അങ്ങിനെ ഒരു ഇരയെ തേടി നടക്കുമ്പോഴാണ് എതിരിൽ ഒരു ഭീമാകാരൻ. ആറടി മൂന്നിഞ്ച് ഉയരവും മുട്ടോളം കൈകളുമുള്ള
കീരിക്കാടൻ എന്ന് വിളിപ്പേരുള്ള ശിവാനന്ദൻ..!!
ഇത് ഇരയല്ല തിമിംഗലമാണെന്നറിഞ്ഞ് ഞങ്ങൾ ഒഴിഞ്ഞ് പോവാൻ നോക്കിയപ്പോൾ വിലങ്ങനെ കയറി നെടുനീളത്തിൽ മുന്നിൽ നിന്നു കീരിക്കാടൻ.നന്നായി മദ്യപിച്ചിട്ടുണ്ട്.
അവനും ഇരയെ അന്വേഷിച്ചിറങ്ങിയതാണ്.
അവന് ഞങ്ങൾ വെറും നത്തേലിയാണ്..
സിനിമയിൽ മാത്രം വയലൻസ് ഇഷ്ടപ്പെടുന്ന ആറടി ഉയരമുള്ള എന്നെ മുന്നിൽ നിർത്തി പിന്നിൽ പതുങ്ങി എൻെറ മൂന്ന് കൂട്ടുകാരും.
Nitravate എന്ന മയക്ക് ഗുളിക മെഡിക്കൽ ഷോപ്പിൽ അവൻ വന്ന് ചോദിച്ചിട്ട് ഞങ്ങൾ കൊടുത്തില്ല എന്നതാണ് ഞങ്ങളുടെ പേരിലുള്ള കുറ്റം ..
പരസ്പരം സംസാരമായി.. ഇടക്ക് അവൻ ഞങ്ങളുടെ മാതാ പിതാക്കളെയും ലൈംഗികാവയവങ്ങളേയും സ്മരിച്ചു..
പെട്ടന്ന് എൻെറ പിന്നിൽ നിന്നിരുന്ന സുഹൃത്ത് മൂന്ന് കഷണം പുട്ടിൻെറ വലിപ്പം മാത്രമുള്ള ശിവാനന്ദൻെറ അരക്കൊപ്പം പോലുമില്ലാത്ത ഉല്ലാസ് കുമാർ ഉയർന്ന് ചാടി കഫാലക്കുറ്റിക്ക് ഒറ്റ പെരുക്കാണ്.
“പ്ലേം….”
അപ്രതീക്ഷിതമാണ്….
ഞങ്ങൾ ഞെട്ടി, ശിവാനന്ദൻ അതിലേറെ ഞെട്ടി…
ഒരു മിനുട്ട് നേരം തലക്ക് ചുറ്റും പറന്ന പൊന്നീച്ചക്കും കിളികൾക്കുമൊപ്പം വെട്ടിയിട്ട പീറ്റതെങ്ങ് പോലെ ശിവാനന്ദൻ റോഡ് സൈഡിലെ ചാലിലേക്ക് ചെരിഞ്ഞ് നിലം പൊത്തി..
അവൻ എഴുന്നേൽക്കും വരെ വെയ്റ്റ് ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് കണ്ട് ഞങ്ങൾ അവിടെ നിന്നും വേഗം നിഷ്ക്രമിച്ചു….
കാലം പിന്നെയുമുരുണ്ടു വിഷുവന്നു, വർഷം വന്നു, തിരുവോണം വന്നു, പിന്നെ ഓരോ തളിരിനും പൂവും കായും വന്നു…
സുഹൃത്തുക്കളെല്ലാം ജീവിത പ്രാരാബ്ദങ്ങളുമായി പലവഴി പിരിഞ്ഞു..
ഞാൻ ഗൾഫിലേക്ക് പോയി..
മൂന്ന് വർഷത്തെ സ്തുത്യർഹ സേവനം കഴിഞ്ഞ് നാട്ടിലെത്തി..
ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനെ കാണാൻ പോവുകയാണ്. ഇരുവഴിഞ്ഞിപ്പുഴ തോണിയിൽ കടക്കണം. അന്ന് പാലം വന്നിട്ടില്ല. അവസാനം തോണിയിൽ കയറിയത് ഞാനാണ്. തോണിയുടെ അറ്റത്ത് ഞാൻ ഇരിപ്പുറപ്പിച്ചു.
തോണി കൊമ്പത്ത് പൊന്മ ഇരിക്കും പോലെ എന്നൊരു ചൊല്ലുണ്ട്.
പൊന്മ മൂക്ക് കൂർപ്പിച്ച് പുഴയിലേക്ക് നോക്കി. നല്ല ആഴം, ഒഴുക്ക്. ഇതേ സ്ഥലത്ത് ഇതേ ആഴങ്ങളിലാണ് കാഞ്ചനമാലക്ക് തൻെറ മൊയ്തീനെ നഷ്ടമായത്…
തോണി പുഴയുടെ മധ്യത്തിലെത്തിയിട്ടുണ്ട്.
ഞാൻ കണ്ണുയർത്തി നോക്കി തോണിയിൽ എട്ടോളം പേരുണ്ട് , തോണിയുടെ മറ്റെ അറ്റത്തിരുന്ന് ആരോ പുരികം ചുളിച്ച് എന്നെ രൂക്ഷമായി നോക്കുന്നുണ്ട്. എന്നെ കണ്ടിട്ട് പെട്ടന്ന് മനസ്സിലാവാത്ത ആരോ ആവും..
കറുത്ത ഷർട്ടും ജീൻസും കഴുത്തിൽ കറുത്ത ചരടിൽ ആങ്കറിൻെറ ലോക്കറ്റമിട്ട് നടക്കുന്ന നീണ്ട് മെലിഞ്ഞ നത്തോലിയല്ല ഇന്ന് ഞാൻ…
ഗൾഫ് എന്നിലെ പോഷാകഹാരക്കുറവ് നികത്തിയിട്ടുണ്ട്. ധാതുലവണങ്ങൾ പൊട്ടാഷ്, യൂറിയ എന്നിവ ആവശ്യത്തിന് ലഭ്യമായിട്ടുണ്ട്.
സ്തനശുഷ്കയായ യുവതി പഞ്ചജീരക ഗുടം കഴിച്ചപ്പോലെ, പേറ് കഴിഞ്ഞ് തേങ്ങിൻ പൂക്കുലാതി ലേഹ്യം സേവിച്ച് നാല്പത് കുളിച്ചെണീറ്റ പെണ്ണിനെപോലെ ഞാനൊന്ന് തുടുത്തിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞോളണ മെന്നില്ല. അവരെ കുറ്റം പറയാനൊക്കില്ല…
ഞാൻ ഒന്നൂടെ കണ്ണ് തിരുമ്മി ആളെ നോക്കി.
ദൈവമേ..
ശിവാനന്ദൻ..!
കീരിക്കാടൻ ശിവാനന്ദൻ …!!
എനിക്ക് തലചുറ്റി…
സിവനേ ഇതേത് ജില്ല…
ഈ പ്രബഞ്ചത്തിൽ ഇത്ര സ്ഥലമുണ്ടായിട്ട് ഞങ്ങളുടെ സമാഗമം ഇവിടെ തന്നെയൊരുക്കിയ എൻെറ ദൈവമേ…
അടി ഉറപ്പ്.
പുഴയിലേക്ക് ചാടേണ്ടി വരും…
നീന്തൽ വശമില്ല.
മൊയ്തീന് ശേഷം ഇരുവഴിഞ്ഞി കൊണ്ട് പോയ എൻെറ പേരിലുള്ള സ്മാരക ബസ്റ്റോപ്പുകളും, എന്നെയോർത്ത് വിവാഹം കഴിക്കാതെ പുരനിറഞ്ഞ് പോവുന്ന ആറോളം കാഞ്ചനമാലമാരും എൻെറ മനോമുകുരത്തിൽ തെളിഞ്ഞു….
ആറടി മൂന്നിഞ്ച് നീളവും മുട്ടോളം കൈകളുമുള്ള ശിവാനന്ദൻ തോണി തുമ്പിൽ നിന്നെഴുനേറ്റു.
ആൾക്കാരെ വകഞ്ഞ് മാറ്റി മുന്നോട്ട് വന്നു…
കീരിക്കാടൻ എൻെറ മുന്നിൽ നെടുനീളത്തിൽ നിന്നു…
സേതുമാധവൻ പതിയെ ദയനീയമായി കണ്ണടച്ച് എഴുനേറ്റ് നിന്നു …
വെട്ടിയിട്ട വാഴപ്പേലെ “ഗ്ലും” എന്ന് പുഴയിലേക്ക് വീഴുന്ന സ്വന്തം ശരീരത്തിൻെറ ശബ്ദത്തിനായി ഞാൻ കാതോർത്തു.
ഇല്ല ഒന്നുമില്ല..
പതിയെ കണ്ണ് തുറന്ന് മുന്നിലെ
പീറ്റ തെങ്ങിൻെറ മണ്ടയിലേക്ക് തലയുയർത്തി നോക്കി …
കീരിക്കാടൻ തൻെറ മൂട്ടോളമെത്തുന്ന ബാഹുക്കൾ വിടർത്തി ആലിംഗനത്തിനായി ചിരിച്ച് നിൽക്കുന്നു..
ഞാനും കൈകൾ വിടർത്തി…