രചന : സുനു വിജയൻ ✍

വസുമതിക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ പ്രതികരിച്ചാൽ അത് അബദ്ധമായിരിക്കും എന്നു മനസിലാക്കി അവർ മിണ്ടാതെയിരുന്നു. അണപ്പല്ല് ഇറുമിക്കൊണ്ട് അവർ മുഖത്ത് പുഞ്ചിരി വിടർത്തി മരുമകളെ നോക്കി പറഞ്ഞു.

“സീമക്ക് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം ഉണ്ടങ്കിൽ അത് മുൻപുതന്നെ എന്നോടു പറഞ്ഞാൽ മതിയായിരുന്നു. ഇപ്പോൾ കറൊക്കെ ഓടിക്കുക വളരെ അത്യാവശ്യം അറിയേണ്ട കാര്യംതന്നെയാണ്. എന്തായാലും വിനു വരട്ടെ നമുക്ക് വേണ്ടത് ചെയ്യാം.”
പഞ്ചായത്തിൽ വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി എന്ന നിലയിൽ തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകൾക്ക് ‘സ്ത്രീ സ്വാതന്ത്രവും, സ്ത്രീകളുടെ ഉന്നമനവും’ എന്ന വിഷയത്തെക്കുറിച്ചു ക്ലാസ്സുനൽകിയതിനു ശേഷം വിശ്രമിക്കുന്ന സമയത്താണ് പ്രസ്തുത ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ മരുമകൾ സീമയുടെ ഡ്രൈവിംഗ് പഠിക്കുവാനുള്ള മോഹത്തെക്കുറിച്ച് അവൾ ഓഫീസിൽ ഇരുന്ന് മറ്റുള്ളവരോട് വിളമ്പിയത്.

മരുമകൾ തന്നെ കൊച്ചാക്കി കാണിക്കാൻ മനഃപൂർവ്വം ആ വിഷയം സംസാരിച്ചതാണ് എന്ന് വാസുമതിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. എന്തൊക്കയോ പൊട്ടും, പൊടിയും കുത്തിക്കുറിക്കുന്ന ഒരെഴുത്തുകാരി എന്ന പുച്ഛത്തിൽ ഉള്ള സമീപനം അല്ലാതെ അത്യാവശ്യം നന്നായി കവിതകളും, കഥകളും എഴുതുന്ന മരുമകളുടെ കഴിവിനെ അംഗീകരിക്കാൻ വസുമതി ഒരിക്കലും തയ്യാറായിരുന്നില്ല.

വെളിയന്നൂർ പഞ്ചായത്തിൽ അറിയപ്പെടുന്ന കവയത്രി എന്ന ലേബൽ സീമക്കും അൽപ്പം തലക്കനം സമ്മാനിച്ചിരുന്നു. തീരെ ചേരില്ലെങ്കിലും നെറ്റിയിൽ ശിങ്കാർ ചാന്തു കൊണ്ട് വലിയ പൊട്ടു തൊട്ട്, കാതു പറിഞ്ഞു ഇപ്പോൾ താഴെപ്പോകും എന്ന നിലയിൽ തോന്നിപ്പിക്കുന്ന ബ്ലാക്ക് മെറ്റലിന്റെ വലിയ ജിമിക്കി തൂക്കി, താലിമാല ഊരിവെച്ചു ഒഴിഞ്ഞ കഴുത്തും, കൈത്തണ്ടയിൽ നിറയെ കുപ്പിവളകളും അണിഞ്ഞു കറുപ്പു ബോർഡർ ഉള്ള വെളുത്ത സാരിയും, ക്രമതീതമായി പുറകു വെട്ടിയിറക്കി തയ്യിച്ച ബ്ലൗസും, തടിയിൽ നിർമ്മിച്ച ഹീൽ വളരെ കൂടിയ ആരോ സമ്മാനിച്ച ചെരുപ്പും അണിഞ്ഞു, കാലിന് മുകളിൽ കാലു കയറ്റിവച്ച് ഇരിക്കുന്ന മരുമകളെ കാണുംതോറും വാസുമതിക്ക് ഉള്ളിക്ക് ഒരു കടലിരമ്പും പോലെ ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.

പഞ്ചായത്തു സെക്രട്ടറിയ്യുടെ ഗർവ്വിൽ ഞെളിഞ്ഞു തൻറെ മുന്നിൽ ഇരിക്കുന്ന അമ്മായി അമ്മയെ എങ്ങനെ താഴ്ത്തികെട്ടാം എന്ന ചിന്തയിൽ സീമ ഒരവസരം നോക്കി പ്രയോഗിച്ചതാണ് ഡ്രൈവിംഗ് പഠിക്കാൻ പോകണം എന്ന ആഗ്രഹം.
വസുമതിയുടെ ഒരേയൊരു മകൻ വിനീതിന്റെ ഭാര്യയാണ് സീമ. എൻജിനീയറായ വിനീത് സ്നേഹിച്ചു വിവാഹം കഴിച്ചതാണ് സീമയെ. നായരായ തൻറെ മകൻ ഒരു പുലയപ്പെണ്ണിനെ വിവാഹം കഴിച്ചതിൽ അടിമുടി എതിർത്തു മകനോട് പരാജയം സമ്മതിച്ചു വിവാഹത്തിനു സമ്മതം മൂളിയെങ്കിലും ഉള്ളിൽ അണയാത്ത ജ്വാലയായി ചില അസ്വാരസ്യങ്ങൾ വസുമതി സൂക്ഷിച്ചിരുന്നു.

കുലമഹിമയും, തറവാട്ടു മഹിമയും വാനോളം പാടി നടക്കുന്ന വസുമതിയെ ചൊടിപ്പിക്കാനും, തരം കിട്ടുമ്പോളൊക്കെ അവരെ വിലകുറച്ചു കാണിക്കാനും സീമയും പിന്നിലായിരുന്നില്ല. അതിന്റെ ഭാഗമായി സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നതും, താലി അണിയുന്നതും, ഈശ്വര വിശ്വാസം തീരെ ഇല്ല എന്നു നടിക്കുന്നതും സീമ ഒരു ആയുധം പോലെയാണ് വസുമതിക്ക് എതിരെ പ്രയോഗിച്ചിരുന്നത്.

വസുമതിയുടെ ഭർത്താവ് ഗോപൻ ഒരു പലചരക്കു കട നടത്തുകയാണ്. ഒരൽപ്പം ജന്മിത്തവും, ആട്യത്തവും വച്ചു പുലർത്തുന്ന ഒരു കേമൻ നായരാണ് ഗോപാലകൃഷ്ണൻ എന്ന ഗോപൻ. വിവാഹ ശേഷമാണ് വസുമതിക്ക് പഞ്ചായത്തു സെക്രട്ടറി ആയി ജോലി ലഭിച്ചത്.ആ ജോലിയെ തങ്ങളുടെ തറവാടിത്തത്തിന്റെ മറ്റൊരു അളവുകോലായിട്ടാണ് ഗോപനും, വസുമതിയും കണ്ടിരുന്നത്.

എന്നാൽ അവരുടെ മകൻ വിനീത് വളരെ ശുദ്ധനും, നന്മ നിറഞ്ഞവനും ആയിരുന്നു. ഗ്രാമത്തിലെ എഴുത്തുകാരിയായ, അല്ലങ്കിൽ എഴുത്തുകാരി എന്നു സ്വയം പൊങ്ങച്ചം പറയുന്ന സീമയുടെ കവിതകൾ ചൊല്ലാനുള്ള കഴിവിൽ മയങ്ങി ആ മയക്കം ആരാധനയിലേക്കും, പിന്നെ പ്രേമത്തിലേക്കും, വിവാഹത്തിലേക്കും എത്തിയത്, അല്ലങ്കിൽ എത്തിച്ചത് സീമയുടെ മിടുക്ക് ഒന്നുകൊണ്ടു മാത്രമായിരുന്നു.
ഗോപാലകൃഷ്ണന്റെ മുന്നിൽ വിധേയത്വമുള്ള ഒരു ഭാര്യയുടെ റോളായിരുന്നു വസുമതിക്കുള്ളതെങ്കിൽ, വിനീത് സീമയുടെ കണ്ണിളക്കത്തിൽ തരളിതനാകുന്ന ഭർത്താവായിരുന്നു. വസുമതിയുടെ ഭർത്താവിനായിരുന്നു കിടപ്പറയിൽ മേൽക്കോയ്മയെങ്കിൽ, വിനീതിന്റെ കാര്യത്തിൽ അത്‌ സീമക്ക് അനുകൂലമായിരുന്നു.
വെളിയന്നൂർ പഞ്ചായത്തിൽ താമസക്കാരനായി ജീവിക്കുന്നു എന്നതുകൊണ്ട് എനിക്കെന്നല്ല ഒട്ടുമിക്ക ആളുകൾക്കും വസുമതിയുടെയും സീമയുടെയും ഇങ്ങനെയുള്ള ചില പ്രത്യേകതകൾ ആരും പറയാതെതന്നെ അറിവുള്ളതായിരുന്നു.
അമ്പതിനായിരം മുടക്കി വെയ്റ്റിംഗ് ഷെഡ് പണിതിട്ട് അഞ്ചുലക്ഷം രൂപ ഫണ്ട്‌ അനുവദിച്ച നേതാക്കന്മാർക്ക് വേണ്ടി അനുമോദനത്തിന്റെ ഫ്ലെക്സ് വയ്ക്കുന്ന കേരളത്തിലെ ഒരു ശരാശരിക്കാരന് ഇങ്ങനെയുള്ള ചേഷ്ടകൾ മനസിലാക്കാൻ പ്രത്യേക കഴിവൊന്നും വേണമെന്നില്ല.

ശുദ്ധ വെജിറ്ററിയനായ വസുമതിയുടെ ഡെയിനിങ് ടേബിളിൽ തൻറെ വീട്ടിൽ നിന്നും വരുന്ന വിരുന്നുകാർക്ക് കടയിൽ നിന്നും വാങ്ങിയ ചുട്ട കോഴിയിറച്ചി എന്ന അൽ ഫഹം വിളമ്പുമ്പോൾ സീമ എന്ന യുവ എഴുത്തുകാരി മനസ്സിൽ അനുഭവിക്കുന്ന അനുഭൂതിക്ക് പകരമായി വസുമതി മറുപടി കൊടുത്തിരുന്നത് മറ്റൊരു തരത്തിലായിരുന്നു.

അടുത്ത വീട്ടിലെ അതും പുലയനായ മാത്തനെയും ഭാര്യ ചെല്ലയെയും വീട്ടിൽ പണിക്കു വിളിച്ചു വരുത്തി, മുറ്റത്ത് അലുമിനിയം പിഞ്ഞാണത്തിൽ നിലത്തിരുത്തി വയറു നിറയെ ഭക്ഷണം കൊടുക്കുകയും, വീട്ടിൽ ബാക്കിവരുന്ന പഴയ ഭക്ഷണമൊക്കെ ജാതിപ്പേരുപറഞ്ഞു ആ പുലയി ചെല്ലക്ക് കൊടുക്കാം എന്ന് പറഞ്ഞു ആനന്ദം അനുഭവിക്കുന്ന രീതിയായിരുന്നു വസുമതിയുടേത്.
വനിതാ ദിനത്തിന്റെ പ്രഭാഷണങ്ങൾ കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ വസുമതി വൈകിട്ട് വീട്ടിൽ ആരോടെന്നില്ലാതെ പറഞ്ഞു.

“ഉന്തിക്കൊണ്ട് നടക്കാൻ ഒരു സൈക്കിൾ പോലും ഇല്ലാത്തവരൊക്കെ ഇപ്പോൾ കാറിലെ യാത്രചെയ്യൂ എന്ന കാലം വന്നല്ലോ എന്റെ ഭാഗവാനേ “
“വിനീതേട്ട അടുത്ത തവണ പാർട്ടി ടിക്കറ്റിൽ പഞ്ചായത്തു പ്രസിഡന്റായി ഞാനാണ് മത്സരിക്കുക എന്നത് ഏറെക്കുറെ തീരുമാനമായി.” തനിക്കുള്ള സീമയുടെ മറുപടി കേട്ട് വസുമതി അൽപ്പം ഒന്നമ്പരക്കാതിരുന്നില്ല.
എഴുതിയ കഥ തിണ്ണയിലെ മേശപ്പുറത്തു വച്ചിട്ട് ഫോണിൽ ചില ഗ്രൂപ്പുകൾക്ക് വനിതാദിന സന്ദേശങ്ങൾക്കുള്ള മറുപടി കൊടുക്കാൻ ഞാൻ മുറിയിലേക്ക് പോയി മടങ്ങിവന്നപ്പോൾ എഴുതിയ കഥ മേശപ്പുറത്തു കാണുന്നില്ല.
ഇതെവിടെപ്പോയി?
ഇനി കാറ്റടിച്ചു മുറ്റത്തേക്കു പറന്നു വീണിട്ടുണ്ടാകുമോ?
ഞാൻ വേഗം മുറ്റത്തിറങ്ങി നോക്കി.

അവിടേക്കു വന്ന എന്റെ ഭാര്യ ചോദിച്ചു
“ആ കഥയാണോ നിങ്ങൾ നോക്കുന്നത്?
കഥ എന്നപേരിൽ നിങ്ങൾ എഴുതിയ ആ സാധനം ഞാൻ അടുക്കളയിലെ വിറകടുപ്പിൽ കൊണ്ടിട്ടു കത്തിച്ചു.
ആ കഥ കത്തിയ ചൂടിൽ വെള്ളം ചൂടായിട്ടുണ്ട്. പോയി കുളിച്ചിട്ടു വരൂ. കഞ്ഞി കുടിക്കാം. എനിക്കു വിശക്കുന്നു.”
ഒന്നും മിണ്ടാതെ ദേഷ്യത്തോടെ ഞാൻ കുളിമുറിയിലേക്ക് നടക്കുമ്പോൾ ഭാര്യ പറയുന്നത് കേട്ടു.
“ഒരു കഥയൊക്കെ എഴുതുമ്പോൾ ചില മിനിമം മര്യാദകളെങ്കിലും നോക്കണ്ടേ?”

സുനു വിജയൻ

By ivayana