രചന : എൻ. അജിത് വട്ടപ്പാറ ✍

പ്രണയത്തിൽ കരിനീല മിഴിയുള്ള സന്ധ്യേ
മകരനിലാവിന്റെ മറുകുള്ള പെണ്ണേ ,
മധുമാസ സരസ്സോ തപസ്സുണരും മലരോ
അനുരാഗ രാഗത്തിൽ പ്രണയിനി പ്രകൃതി.

ഹൃദയത്തിൻ താഴ് വാരം ശ്യംഗാരസാനുക്കൾ
സ്നേഹ പ്രഞ്ചമാം പ്രണയാർദ്ര ലഹരി,
ഇതളിടും കൗമാര പുഷ്പങ്ങൾ നിറമേകും
കവിത രചിക്കുന്ന സായാഹ്നസദസ്സുകൾ .

കൃഷ്ണന്റെ രാധതൻ ശ്രുതി ചേർന്ന തീരം
ശ്രുതി ചേർന്നു തിരകൾതൻ നൃത്ത സൗന്ദര്യം,
മൃദുല തരംഗത്തിൽ സ്വർഗ്ഗാനുഭൂതി
ലയ ലാസ്യ നടനത്തിൽ ഋതുസംഗമ യാമം .

മാനസം തളിരിടും തുളസി കതിർ ചൂടി
പനിനീർ സുഗന്ധത്തിൽ അമ്പിളി പ്രഭയിൽ
നക്ഷത്ര തിരി കത്തും ഗോപുര വാതിലിൽ
ഭൂമിയിൽ തേർ തെളിച്ചെത്തുന്നു സൂര്യൻ .

പ്രകൃതിതന്മാത്മാവിൽ മണിവീണ മീട്ടി
ജീവരാഗങ്ങളുയർത്തും ആദിത്യൻ,
സമത്വ പ്രവാഹിയായ് സൗരയൂഥത്തിൽ
ഊർജ്ജവും തേജസും സമന്വയിച്ചീടുന്നു.

എൻ. അജിത് വട്ടപ്പാറ

By ivayana