രചന : സെഹ്‌റാൻ ✍

‘ജെ’ എന്ന നഗരം.
‘കിംഗ്‌സ് ‘ ലോഡ്ജ്.
ചായം നരച്ചുപോയ, വിണ്ടടർന്ന ഭിത്തികളുള്ള, വിയർപ്പുവാട തങ്ങിനിൽക്കുന്ന മുറി.
ഞാനും, എന്റെ കാമുകിയും…
★★★
മഴപെയ്യുമ്പോൾ ‘ജെ’ യുടെ തെരുവുകളിൽ ചെളിവെള്ളം നിറയും.
ചേരിയിലെ വീടുകളുടെ മേൽക്കൂരകളിൽ
മഴയൊച്ചകൾ ചിതറും. ലോഡ്ജ്മുറിയുടെ
ജാലകം തുറന്നാൽ മഴവെള്ളം അകത്തേക്കടിക്കും. അടച്ചിട്ടാൽ പൂപ്പൽ പിടിച്ച ജാലകച്ചില്ലുകൾ മഴയെ മറയ്ക്കും.
ചാരനിറം പൂണ്ട മഴയത്ത് വിഷാദരോഗത്തിന്റെ ചെമ്പൻകുതിരകളുടെ കുഞ്ചിരോമങ്ങളിൽ പരസ്പരം മൃദുവായ് തലോടിക്കൊണ്ടിരിക്കും ഞങ്ങളിരുപേർ…
(മനോരോഗാശുപത്രിയുടെ ഇരുണ്ട സെല്ലിൽ പിന്നീടെത്രയോകാലം ആ മഴയൊച്ചകൾ നിരന്തരം കേട്ടുകൊണ്ടിരുന്നു ഞാൻ. രാപ്പകലില്ലാതെ…)
★★★
ആ രാത്രികളിൽ നഗരത്തിൽ നടക്കാനിറങ്ങും ഞങ്ങൾ. നഗരവെളിച്ചങ്ങൾ… പ്രൗഢിയാർന്ന വമ്പൻ ഭക്ഷണശാലകൾ… തീപ്പെട്ടിക്കൂടുകൾ അടുക്കിയതുപോൽ കൊച്ചുകൊച്ചു തട്ടുകടകൾ… കടലവിൽപ്പനക്കാർ…
ഭക്ഷണഗന്ധങ്ങൾ ഞങ്ങളുടെ വിശപ്പിനെ
ആളിക്കത്തിക്കും. പണമില്ലാക്കീശയിൽ തെരുപ്പിടിച്ച് നെടുവീർപ്പുകളയച്ചുവിടും ഞങ്ങൾ…
(സ്ഥിരം ജോലിയോ, വരുമാനമോ ഇല്ലാത്ത ഞങ്ങളിരുപേർ…)
ഒടുവിൽ ആളൊഴിഞ്ഞ ബീച്ചിലേക്ക് നടക്കും ഞങ്ങൾ. നഗ്നരാകും.
കടൽത്തിരകളിൽ കെട്ടിമറിയും.
ഉപ്പുവെള്ളം കുടിക്കും. വിശപ്പ്…
★★★
‘ജെ’ ഗ്രന്ഥശാലകളുടെ നഗരമായിരുന്നു.
മദ്യശാലകളുടെയും…
കൈയിൽ പണം വരുമ്പോഴെല്ലാം മദ്യപിച്ച് ആഘോഷമാക്കും ഞങ്ങൾ. മദ്യം എരിയിക്കുന്ന ഉദരങ്ങളോടെ പുസ്തകം വായിക്കും. ഞങ്ങൾ എഴുത്തുകാരാവാൻ ആഗ്രഹിച്ചു. എഴുതാനാഗ്രഹിച്ചത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ചല്ല. മതിഭ്രമപ്പക്ഷികൾ തങ്ങളുടെ കനത്ത ചിറകുകളാൽ ദിനരാത്രങ്ങളെ മറച്ചുപിടിച്ച് മെനഞ്ഞെടുക്കുന്ന മായക്കാഴ്ച്ചകളിലെ ഭാവപരിണാമങ്ങളെ കുറിച്ച്!
ചുറ്റുമുള്ള എന്തിനെയും തീർത്തും വ്യത്യസ്തമായ കാഴ്ച്ചപ്പാടോടെ വ്യാഖ്യാനിക്കാൻ പ്രാപ്തമായ എഴുത്ത്…
‘ജെ’ എന്ന നഗരത്തെ വരെ!
(എഴുതിയിരുന്നെങ്കിൽ നിങ്ങളതിനെ സർറിയലിസമെന്ന് വിളിച്ചേനേ. അങ്ങനെയല്ലെങ്കിൽക്കൂടി…
★★★
പടിഞ്ഞാറോട്ട് പോകുന്ന ബസ്സ് ഒരുദിവസം ഞങ്ങളുടെ ലോഡ്ജിൽ കയറിവന്നു. നിർത്തിയിട്ടപ്പോൾ അതിന്റെ മുൻചക്രങ്ങൾ ഞങ്ങളുടെ കിടക്കയിലായിരുന്നു. നങ്കൂരം പോലൊന്ന് അതിൽ നിന്നും മുറിയുടെ ഭിത്തിയിൽ തറച്ചുനിന്നു. ബസ്സിന്റെ പുക മുറിക്കുള്ളിൽ നിറഞ്ഞുതിങ്ങി. എനിക്ക് ശ്വാസം മുട്ടി. ഞാൻ ചുമച്ചു. നിർത്താതെ…
ബസ്സ് പുറപ്പെടുമ്പോൾ അവളതിൽ കയറിയിരുന്നു. തിരിഞ്ഞുനോക്കാതെ. ഒന്നും മിണ്ടാതെ. ഞാനവളെ തിരികെ വിളിച്ചില്ല.
★★★
അന്നുരാത്രി ഞാൻ കഴിച്ചത് അവൾ പാകം ചെയ്തു വെച്ചിരുന്ന ഭക്ഷണമായിരുന്നു. അത് കേടുവന്നിരുന്നു.
മൂടിവെക്കാത്തതിനാൽ അതിൽ പാറ്റകളും, പല്ലികളും കയറിയിറങ്ങിയിരുന്നു. മുറിയിൽ അവശേഷിച്ചിരുന്ന അവസാന ധാന്യമണിയും അവളത് തയ്യാറാക്കാൻ എടുത്തിരുന്നു. അതിനൊരു ചവർപ്പുണ്ടായിരുന്നു. വല്ലാത്ത ചവർപ്പ്!
(ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് വരെ ആ ചവർപ്പെന്റെ നാവിലുടനീളം പറ്റിപ്പിടിച്ച് കിടന്നിരുന്നു.)
★★★
മനോരോഗചികിത്സകർ രോഗിയിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള (?)
സർഗാത്മകതയ്ക്ക് എന്ത് വില കൽപ്പിക്കുന്നുണ്ട്?
അറിയില്ല!! മതിഭ്രമപ്പക്ഷികളെക്കുറിച്ച് എഴുതാനാഗ്രഹിച്ചത് എപ്പോഴെങ്കിലും എന്റെ കാമുകി എഴുതാൻ സാധ്യതയുണ്ടോ…?
‘ജെ’ എന്ന നഗരം അവളുടെ ഓർമ്മകളിൽ ഇപ്പോഴും ഉണ്ടാവുമോ…?
എങ്കിൽ അവളിപ്പോൾ എവിടെയായിരിക്കും…?
അവൾ ഒടുവിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ ചവർപ്പ് ഇപ്പോഴും,
ആത്മഹത്യയ്ക്ക് ശേഷവും എന്റെ നാവിൽ….
⭕⭕
‘കിംഗ്‌സ് ‘ ലോഡ്ജിലെ പഴയ ഷെൽഫിൽ നിന്നും കിട്ടിയ ഡയറിയിലെ കുറിപ്പുകളിൽ നിന്നും തെരെഞ്ഞടുത്തവയാണ് നിങ്ങളിവിടെ വായിച്ചത്. ആരുടെ ഡയറിയെന്ന് അതിൽ രേഖപ്പെടുത്തിക്കണ്ടില്ല. അവസാന കുറിപ്പ് അയാൾ എപ്പോഴായിരിക്കും എഴുതിയിട്ടുണ്ടാവുക? ആത്മഹത്യയ്ക്ക് മുൻപോ, ശേഷമോ…?
മായക്കാഴ്ച്ചകളുടെ നഗരത്തിലൂടെ പേപ്പർബോട്ട് ഡയറീസ് തുടരുകയാണ്…
⭕⭕⭕

By ivayana