രചന : മൻസൂർ നൈന ✍️

ലോകത്ത് ഒരു ടാക്സിക്കും പറയാനില്ലാത്ത കഥയാണ് കൊച്ചി മട്ടാഞ്ചേരിയിലെ കുമാർ ടാക്സിക്ക് പറയാനുള്ളത് .
കുമാർ ടാക്സി കേരളത്തിലെ അറിയപ്പെടുന്ന ടാക്സി സർവ്വീസാണ് . ഡച്ച് പാലസ് അഥവാ മട്ടാഞ്ചേരി കൊട്ടാരം സ്ഥിതി ചെയ്യുന്ന ആനവാതിൽ ജംഗഷ്നിൽ നിന്ന് പാലസ് റോഡിലേക്കുള്ള തിരിവിൽ ഒരു കൊച്ച് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുമാർ ടാക്സിക്ക് ഇങ്ങനെയൊരു കഥയുണ്ടായിരുന്നുവെന്ന് എത്ര പേർക്കറിയാം .

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി , ശ്രീമതി. ഇന്ദിരാ ഗാന്ധി , ശ്രീ മൊറാർജി ദേശായി , ശ്രീ ലാൽ ബഹദൂർ ശാസ്ത്രി , പണ്ഡിറ്റ് ജവഹർലാൽ നെഹ്രു , ഡോ.സാക്കിർ ഹുസൈൻ , ശ്രീ വി.വി. ഗിരി , ശ്രീ നീലം സഞ്ജീവ് റെഡ്ഡി , ശ്രീ സെയിൽ സിങ്ങ് , ശ്രീ വെങ്കിട്ടരാമൻ , ശ്രീ കെ.ആർ. നാരായണൻ , ശ്രീ എ.ബി. വാജ്പേയി , ശ്രീമതി വിജയരാജ സിന്ധ്യ , തുടങ്ങിയ ഇന്ത്യയിലെ നിരവധി പ്രശസ്തർ , വിദേശ രാഷ്ട്ര തലവന്മാർ , ധീരുഭായി അംബാനിയും , ടാറ്റയും , ബിർളയുമടക്കമുള്ള വൻ വ്യവസായികൾ വരെ ഈ ടാക്സിയിൽ സഞ്ചരിച്ചു .
കുമാർ ടാക്സിയുടെ യാത്ര തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് തികയാൻ ഇനി 6 വർഷം മാത്രം ബാക്കി .

എന്നാൽ കഥ പറഞ്ഞു തടങ്ങാല്ലോ ….
1922 – ൽ കൊച്ചി മട്ടാഞ്ചേരി ജ്യൂടൗണിൽ എസ്. കൃഷ്ണൻ & സൺസ് എന്ന പേരിൽ വസ്ത്ര വ്യാപാരം ആരംഭിച്ച എസ്. കൃഷ്ണൻ അദ്ദേഹത്തിന്റെ ഇളയ പുത്രി വിജയുടെ പേരിൽ വിജയ മോട്ടോർസ് എന്ന പേരിൽ മട്ടാഞ്ചേരി – ഇടക്കൊച്ചി റൂട്ടിൽ ഒരു ബസ് സർവ്വീസും , എറണാകുളം – ആലുവ ഭാഗത്തേക്ക് മറ്റൊന്നും , പിന്നെ ബ്രിട്ടീഷ് കൊച്ചിയിൽ നിന്ന് രാജ്യാതിർത്തി കടന്ന് ആലപ്പുഴയിലേക്ക് യാത്രക്കാരെയും , തപാൽ ഉരുപ്പിടികളുമായി മറ്റൊരു സർവ്വീസും ആരംഭിച്ചു . ബസ്സിൽ എട്ട് യാത്രക്കാർക്ക് മാത്രം ഇരിക്കാവുന്ന ബെഞ്ചാണുള്ളത് .

രസകരമായ ഒരു കാര്യം പറയട്ടെ …
ബ്രിട്ടീഷ് കൊച്ചിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ബസ്സിലെ ഡ്രൈവറെ നിങ്ങൾ നേരത്തെ വിവരം അറിയിച്ചാൽ നിങ്ങളെ കയറ്റി കൊണ്ടു പോകാൻ ബസ്സ് നിങ്ങളുടെ വീടിന്റെ മുന്നിൽ വരും .
1928 – ൽ ബ്രിട്ടീഷ് കൊച്ചിയിലെ M/s Peirce Leslie & Co , യുടെ ഡീലർഷിപ്പിൽ ഒരു ഓവർലാന്റ് വിപ്പറ്റ് കാറ് എസ്. കൃഷ്ണൻ 825 രൂപ 12 അണക്ക് സ്വന്തമാക്കി . അന്ന് ഇവിടെയൊന്നും ഒരു പെട്രോൾ പമ്പ് പോലുമില്ല . പെട്രോൾ ലഭിക്കുക 5 ഗ്യാലൺന്റെ ഒരു കണ്ടയിനറിലാണ് ( ഏകദേശം 22.7304 ലിറ്റർ വരും ) അന്നത്തെ പെട്രോൾ വില ലിറ്ററിന് 15 പൈസയാണ് . ഡീസലാവട്ടെ അന്ന് ഇന്ത്യയിലേക്ക് വന്നിട്ടുമില്ല .
രണ്ടാം ലോക മഹായുദ്ധ കാലത്ത് മിലിറ്ററിക്കായി ടാക്‌സി കാറ് നൽകുന്ന കോൺട്രാക്റ്റ്‌ ഏറ്റെടുത്തു . അപ്പോൾ എസ്.കൃഷ്ണന്റെ ഭാര്യാ സഹോദരൻ K.B. കുമാരനായിരുന്നു കുമാർ ടാക്സിയുടെ അമരത്ത് . രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നിരവധി ഫോറിൻ കാറുകൾ കുമാർ ടാക്സിയിലെത്തി . Cheverlet , Ford, Dodge, Chrysler , Plymouth തുടങ്ങി അക്കാലത്ത് 12 വിദേശ കാറുകൾ കുമാർ ടാക്സിക്ക് സ്വന്തമായി


1962 -ൽ തന്റെ അമ്മാവനായ കെ.ബി. കുമാരന്റെ മരണശേഷം അന്നത്തെ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് കുമാർ ടാക്സിയുടെ സാരഥ്യം മൂന്നാം തലമുറയിൽപ്പെട്ട കെ.കെ. മോഹൻ ദാസിന്റെ കൈകളിലായി . മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സ് ആന്റ് പൊളിറ്റിക്സിൽ ബിരുദ്ധം നേടിയ ആളാണ് മോഹൻദാസ് .

ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നിട്ടുണ്ട് . കെ.കെ. മോഹൻദാസ് ന്യൂഡൽഹിയിലെ ടൂറിസം ഡയറക്ടർ ജനറലിൽ നിന്ന് അംഗീകാരം നേടി – TAAI (ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ) യുടെ സ്ഥാപക അംഗമായി. യു.എസ്.എ.യിൽ നിന്ന് ഇമ്പാല , ജർമ്മനിയിൽ നിന്ന് മെഴ്‌സിഡസ് ബെൻസ് , ജപ്പാനിൽ നിന്ന് ടൊയോട്ട തുടങ്ങിയ പുതിയ കാറുകൾ നേരിട്ട് ഇറക്കുമതി ചെയ്തു കൊണ്ട് അദ്ദേഹം ഇന്ത്യയിലെ ടാക്സി രംഗത്ത് വിപ്ലവം സൃഷ്ടിച്ചു . രണ്ട് സോഡിയം സിലിക്കേറ്റ് രാജാറാം കെമിക്കൽ കമ്പനി & രാജ് കെമിക്കൽ ഫാക്ടറികൾ തുടങ്ങി .
കുമാർ ടാക്സിയിലെ ടാറ്റയുടെ യാത്രയും ഒരു തമാശയും …….😀

1950 കളിലാണ് സംഭവം ജെ.ആർ.ഡി. ടാറ്റായും ഭാര്യയും കൊച്ചിയിലെത്തി . അവർക്ക് മൂന്നാറിലെ കണ്ണൻ ദേവൻ എസ്റ്റേറ്റിലേക്ക് പോകാൻ ഒരു കാറ് വേണം . ബോംബേയിൽ നിന്നെത്തിയ ടാറ്റയുടെ എഞ്ചിനിയർമാർ ടാറ്റയുടെ യാത്രയ്ക്കായി കാറ് കണ്ടെത്തിയത് മട്ടാഞ്ചേരിയിലെ കുമാർ ടാക്സിയിൽ നിന്ന് . കുമാർ ടാക്സിയുടെ ഇംപാല കാറിൽ ടാറ്റയും ഭാര്യയും യാത്രയാരംഭിച്ചു . പനയപ്പിള്ളിക്കാരൻ അരവിന്ദാക്ഷനായിരുന്നു ഡ്രൈവർ . യാത്രക്കിടയിൽ ടാറ്റ ആ കാഴ്ച്ച കണ്ടു .

വഹിക്കാവുന്നതിനേക്കാൾ ഏറെ ഭാരത്താൽ തടി കയറ്റിയ ഒരു ടാറ്റാ ലോറി പോകുന്നു . അടുത്ത ഒരു ലോറി ഇത് പോലെ കാണുകയാണെങ്കിൽ ലോറി കൈകാണിച്ച് നിർത്താൻ ടാറ്റ ഡ്രൈവർ അരവിന്ദാക്ഷനോട് നിർദ്ദേശിച്ചു . ഇങ്ങനെ ഓവർലോഡ് കയറ്റിയാൽ വാഹനം വേഗത്തിൽ നാശമാവില്ലേ എന്ന് ലോറി ഡ്രൈവറോട് ചോദിക്കാനായിരുന്നു . അടിമാലി കഴിഞ്ഞിട്ടുണ്ടാവണം അടുത്ത ലോറി വരുന്നത് കണ്ട് ലോറി കൈകാണിച്ച് നിർത്തിച്ച ശേഷം ടാറ്റയും ഡ്രൈവറും കൂടി ലോറി ഡ്രൈവറുടെ അടുത്തേക്ക് ചെന്നു .

അനുവദനീയമായതിലും അധികം തടികൾ കയറ്റിയതിനാൽ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് തെറ്റിദ്ധരിച്ച ലോറി ഡ്രൈവർ റജിസ്ട്രേഷൻ ബുക്കിനുള്ളിൽ 25 രൂപ വെച്ച് ടാറ്റയ്ക്ക് നൽകി . ഉടനെ കാർ ഡ്രൈവർ അരവിന്ദാക്ഷൻ ഇടപെട്ടു . ലോറി ഡ്രൈവറോട് അരവിന്ദാക്ഷൻ ചോദിച്ചു
“തനിക്ക് ഇതാരെന്ന് മനസിലായൊ , ജെ.ആർ.ഡി. ടാറ്റയാണ് “
പണം ലോറി ഡ്രൈവർക്ക് തന്നെ തിരികെ നൽകിയ ശേഷം ടാറ്റ കാറിൽ കയറി പോയി . സംഭവം ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ ചോദിച്ചു പണം നിങ്ങൾക്കെടുക്കാമായിരുന്നില്ലേന്ന് . ടാറ്റ ചിരിച്ചു പോയി .

ഗാന്ധിജി കുമാർ ടാക്സിയിൽ ……
രണ്ടു തവണ മഹാത്മാ ഗാന്ധി കുമാർ ടാക്സിയുടെ കാറിൽ യാത്ര ചെയ്തു . 1934 ജനുവരി 19 ന് കുമാർ ടാക്സി തുടക്കത്തിൽ വാങ്ങിയ ഓവർലാന്റ് വിപ്പറ്റിന്റെ തുറന്ന കാറിൽ .
1936 -ൽ ക്ഷേത്ര പ്രവേശന വിളംബരത്തിന് തൊട്ട് ശേഷമായിരുന്നു ഗാന്ധിജിയുടെ അടുത്ത യാത്ര . കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്ക് പോയത് കുമാർ ടാക്സിയുടെ ഫോർഡ് കാറിലാണ് . ഡ്രൈവർമാരായി പനയപ്പിള്ളിയിലെ നാരായണനും ഫോർട്ടുക്കൊച്ചിക്കാരൻ ആംഗ്ലോ ഇന്ത്യക്കാരനായ മിറാൻഡയും .

ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ ഇംഗ്ലീഷിൽ നല്ല പ്രാവിണ്യമുണ്ടായിരുന്ന മിറാൻഡ ചുറ്റുമുള്ള കാഴ്ച്ചകൾ ഗാന്ധിജിക്ക് വിവരിച്ചു കൊടുത്തു . മിറാൻഡ ആംഗ്ലോ ഇന്ത്യക്കാരനാണ് എന്നറിഞ്ഞപ്പോൾ ഗാന്ധിജിക്ക് താൽപ്പര്യമേറി കാരണം അക്കാലത്ത് ആംഗ്ലോ ഇന്ത്യൻ സമൂഹം ദേശീയ പ്രസ്ഥാനത്തോട് അടുത്തിരുന്നില്ല . ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരാനും കോൺഗ്രസിൽ അംഗത്വമെടുക്കാനും മിറാൻഡയെ ഗാന്ധിജി ഉപദേശിച്ചു .

ഗാന്ധിജിയുടെ അരയിലെ ചെറിയ ഘടികാരം കാണുന്നില്ല ….
ആലപ്പുഴയിൽ വെച്ച് ആളുകളുടെ ഹാരാർപ്പണത്തിനിടയിലാണ് ഘടികാരം കാണാതായത് . മിറാൻഡ കാറിൽ നിന്ന് ഘടികാരം കണ്ടെടുത്തു നൽകി . ഗാന്ധിജി മിറാൻഡയുടെ തോളിൽ തട്ടി നന്ദി പറഞ്ഞു. മടങ്ങുമ്പോൾ വിക്ടോറിയ രാജ്ഞിയുടെ മുഖം മുദ്രണം ചെയ്ത ഒറ്റ രൂപ നാണയം മിറാൻഡക്ക് നൽകി കൊണ്ട് ഗാന്ധിജി ഇങ്ങനെ പറഞ്ഞു ..
” മിറാൻഡ ഞാൻ ഇന്ത്യയിലെ ദരിദ്രനായ ഒരു മനുഷ്യനാണ് ഇതിൽ കൂടുതലൊന്നും എനിക്ക് നൽകാനാവില്ല “

B.B.C. യെ വട്ടം കറക്കി …..
ഏകദേശം 15 വർഷം മുൻപാണ് ഈ സംഭവം . നീലഗിരിയിലെ കൂണൂരിൽ തേയില തോട്ടത്തിന്റെ കഥയെടുക്കാനാണ് BBC എത്തിയത് . മട്ടാഞ്ചേരി കുമാർ ടാക്സിയിൽ നിന്ന് കാറുമായി യാത്ര തിരിച്ച് . ഡ്രൈവർ ഷൺമുഖും കൂണൂർ എന്നതിന് പകരം മനസിലാക്കിയത് കണ്ണൂർ എന്നാണ് . കണ്ണൂരിലെത്തിയ BBC സംഘത്തിന് എവിടെയും തേയിലത്തോട്ടം കാണാനായില്ല . അബദ്ധം മനസിലായ സംഘത്തിന് പിറ്റേന്നാണ് കൂണുരിലേക്ക് പുറപ്പെടാനായത് . തിരിതെ ഡൽഹി ഓഫീസിൽ എത്തിയ ശേഷം 50,000 രൂപ നഷ്ട്ട പരിഹാരം ആവശ്യപ്പെട്ട് അവർ കേസ് ഫയൽ ചെയ്തു . ഷെഡ്യൂൾ തെറ്റിയതോടെ ഫ്ലൈറ്റ് കിട്ടിയില്ലെന്നും അധികബാധ്യത വന്നെന്നും പറഞ്ഞായിരുന്നു വക്കീൽ നോട്ടീസ് . വക്കീൽ നോട്ടീസ് കിട്ടിയപ്പോൾ മോഹൻദാസ് ഇടപെട്ടു . ഡ്രൈവറെ കൊണ്ട് BBC ക്ക് കത്തെഴുതി .” വഴി തെറ്റിയതിനാൽ ജോലി നഷ്ട്ടമായി വളരെ കഷ്ട്ടപാടിലാണ് ഭാര്യ ഗർഭിണിയുമാണ് ജോലിയിൽ തിരിച്ചെടുക്കാൻ കുമാർ ടാക്സിക്കാരോട് പറയണം ” . പിന്നാലെ BBC യുടെ കത്ത് മോഹൻദാസിന് കിട്ടി. ” ആ പാവത്തിനെ തിരിച്ചെടുക്കണം വളരെ കഷ്ട്ടപാടിലാണ് “.

സക്കീർ ഹുസൈൻ മറന്നു വെച്ച നിസ്ക്കാര പുല്പായ ………
തമിഴ് നാട്ടിലെ തിരുന്നൽ വേലിയിൽ നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ മുൻ രാഷ്ട്രപതി സക്കീർ ഹുസൈനു ഉപഹാരമായി അതി മനോഹരമായ ഒരു പുല്പായ കിട്ടിയിരുന്നു . കുമാർ ടാക്സിയുടെ ഇംപാല കാറിൽ കൊച്ചിയിൽ സന്ദർശനം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് പോയി. അവിടെ വെച്ച് നിസ്ക്കാര സമയത്ത് വിശേഷമായ പുല്പായ രാഷ്ട്രപതി അന്വേഷിച്ചു . എന്നാൽ പുല്പായ കൊച്ചിയിലെ ഇംപാല കാറിൽ മറന്നു വെച്ചിരുന്നു . പുല്പായ കൊണ്ടു പോകുന്നതിനായി
ലക്ഷദ്വീപിൽ നിന്നും ഹെലിക്കോപ്റ്ററെത്തി . പുല്പായ ഇംപാല കാറിന്റെ പിന്നിൽ ഭദ്രമായിരുന്നു .

ബക്കിങ്ങ്ഹാം പാലസിന്റെ ചരിത്രത്തിലാദ്യം …….
ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ചരിത്രത്തിലാദ്യമായിരുന്നു ബ്രിട്ടീഷ് രാജാവൊ രാജ്ഞിയൊ ഒരു ടാക്സി കാറിൽ സഞ്ചരിക്കുകയെന്നത് . 1997 ഒക്ടോബർ 17 ന് ബ്രിട്ടണിൽ നിന്ന് കൊച്ചിയിലെത്തിയ എലിസബത്ത് രാജ്ഞിയും ഫിലിപ് രാജകുമാരനും കുമാർ ടാക്സിയുടെ മെർസിഡെസ് ബെൻസ് കാറിലാണ് യാത്ര ചെയ്തത് . 1995 -ൽ ജർമ്മനിയിലെ Stuttgart ഫാക്ടറിയിൽ നിന്ന് ഇരുപത്തിയാറ് ലക്ഷം രൂപയ്ക്ക് നേരിട്ട് വാങ്ങിയതാണ് ഈ ബെൻസ് കാർ .

ഡ്രൈവർ ഗോപാലന്റെ പെൻഷൻ …
മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനും ടെക്സ്റ്റൈൽ വ്യവസായിയുമായ വിജയ് മർച്ചന്റ് തിരുവതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാളിനെ കാണാനാണ് കേരളത്തിലെത്തിയത് . മട്ടാഞ്ചരിയിലെ കുമാർ ടാക്സിയുടെ കാറിലായിരുന്നു യാത്ര. ഡ്രൈവർ പള്ളുരുത്തി സ്വദേശി പട്ടത്തറ ഗോപാലനായിരുന്നു കൊച്ചിയി നിന്ന് തിരുവനന്തപുരം വരെയും പിന്നെ 8 ദിവസത്തെ പലയിടത്തായുള്ള യാത്രയും . വിജയ് മർച്ചന്റെ മൂന്ന് വയസുള്ള മകളും ഒപ്പമുണ്ടായിരുന്നു . ഗോപാലൻ തന്നെയാണ് മകളെ പലപ്പോഴായി എടുത്ത് കൊണ്ട് നടന്നത് . തിരികെ പോകുമ്പോൾ ഗോപാലനെ വിജയ് മർച്ചന്റ് ബോംബെയിലേക്ക് ക്ഷണിക്കുകയും ചെയ്തു .

ഗോപാലൻ റിട്ടയേർഡായ ശേഷം വർഷങ്ങൾ കഴിഞ്ഞ് വിജയ് മർച്ചന്റിന്റെ മകളെ കാണാൻ ഗോപാലന് ഒരാഗ്രഹം . ആഗ്രഹം കുമാർ ടാക്സിയുടെ ഉടമ മോഹൻ ദാസിനെ അറിയിച്ചു . മോഹൻദാസ് ഗോപാലന്റെ പേരിൽ വിജയ് മർച്ചന്റിന് കത്തെഴുതി . മറുപടി വന്നു ” ഗോപാലാ താങ്കളുടെ വിചാരം അതിഥി ഇപ്പോഴും കൊച്ച് കുട്ടിയാണെന്നാണൊ , അവൾ വലുതായി വിവാഹം കഴിഞ്ഞു ” ഗോപാലൻ പറയാത്ത ഒരു കാര്യവും കൂടി മോഹൻദാസ് കത്തിൽ പറഞ്ഞിരുന്നു വലിയ ബുദ്ധിമുട്ടിലാണെന്ന കാര്യം . വിത്തൽ ഭായ് ട്രസ്റ്റിൽ നിന്ന് മാസം 500 രൂപ അനുവദിച്ച് കൊണ്ടാണ് മർച്ചന്റ് കത്തിനോട് പ്രതികരിച്ചത് . മോഹൻ ദാസ് കാണണം എന്നാഗ്രഹിച്ചു പറഞ്ഞ കാര്യം മകളോട് മർച്ചന്റ് പറഞ്ഞിരുന്നു . കത്തയച്ച് എട്ട് മാസങ്ങൾക്ക് ശേഷം മർച്ചന്റിന്റെ മകൾ ഗോപാലനെ കാണാൻ സമ്മതമറിയിച്ച് ചെന്നെയിൽ നിന്നും മോഹൻ ദാസിനെ ഫോണിൽ വിളിച്ചു , പക്ഷെ … ആ ഫോൺ കോൾ എത്തുന്നതിന് രണ്ട് മാസം മുൻപ് ഗോപാലൻ ഈ ലോകം വിട്ട് യാത്രയായി കഴിഞ്ഞിരുന്നു .

2013 -ലെ മോഹൻദാസിന്റെ വേർപാടിന് ശേഷം കുമാർ ടാക്സിയുടെ അമരത്ത് മക്കളായ കെ.എം. സന്തോഷ കുമാറും , കെ.എം. അജിത് കുമാറുമായി . അതിന് മുൻപും അവർ കുമാർ ടാക്സിയുടെ ഉത്തരവാദിത്വങ്ങളുമായി മുന്നിലുണ്ടായിരുന്നു .
കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ മുൻകൂട്ടി കണ്ടു ദീർഘവീക്ഷണത്തോടെ ഇടപെടലുകൾ നടത്തിയ വ്യക്തിയാണ് അജിത് കുമാർ . ഇവന്റ് മാനേജ്മെന്റ് എന്ന സങ്കൽപ്പം ആദ്യമായി സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കിയതും അജിത് കുമാറാണ് . 80 കളിൽ അജിത് കുമാർ മുൻകൈയ്യെടുത്തു ഡോക്ടർമാരുടെ സമ്മേളനങ്ങളിലൂടെയും മറ്റും ഇവന്റ് മാനേജ്മെന്റ് സംവിധാനം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു . ബാംഗ്ലൂർ , കോയമ്പത്തൂർ , ചെന്നൈ എന്നിവിടങ്ങളിലെല്ലാം ടൂറിസ്റ്റ് ബസ് സർവീസ് ആദ്യമായി ഓപ്പറേറ്റ് ചെയ്തതും ഇദ്ദേഹമാണ് . അയൽ സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തുന്ന സർവ്വീസുകൾ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കി . 2018 – ൽ അജിത് കുമാർ യാത്രയായി .

ഇന്ന് അജിത് കുമാറിന്റെ സഹോദരൻ കെ.എം. സന്തോഷ് കുമാറും , സന്തോഷ് കുമാറിന്റെ മകൻ വിപിൻ കുമാറും , അജിത് കുമാറിന്റെ പത്നി ആശ അജിത് കുമാറും ജനങ്ങൾക്കായി ലക്ഷ്വറി യാത്രകൾ ഒരുക്കുന്നു .
ആഡംബരത്തോടെ കുമാർ ടാക്സിയുടെ പിൻസീറ്റിലിരുന്ന് വലിയ ഗമയോടെ ചരിത്രം ലക്ഷ്വറി യാത്രയിലാണ് , അതെ ആറ് വർഷങ്ങൾ കൂടി പിന്നിടുമ്പോൾ ഒരു നൂറ്റാണ്ടിലേക്കുള്ള യാത്ര ……..🚙🚙
Kumar Taxi : 0484 – 2221213

By ivayana