രചന : സണ്ണി കല്ലൂർ ✍️
Survival of the fittest
Mr. Herbert Spencer (1820 – 1903) English philosopher, (Wikipedia)
ഭൂമിയുടെ ചരിത്രത്തിൽ വളരെയധികം ജീവജാലങ്ങൾ വംശമറ്റു പോയിട്ടുണ്ട്. മാറി വരുന്ന പ്രകൃതി, മറ്റു പ്രതികൂല സാഹചര്യങ്ങൾ. അവയെ എന്നന്നേക്കുമായി അപത്യക്ഷമാക്കി.
. ഈ തത്വം ആദ്യമായി നമുക്ക് പറഞ്ഞു തന്നത് ഇംഗ്ളീഷ് ഫിലോസഫറായ ഹെർബർട്ട് സ്പെൻസർ ആയിരുന്നു.
2019 അവസാനം പ്രത്യക്ഷപ്പെട്ട് കോവിഡ് മഹാമാരി പല പേരുകളിൽ രൂപമാറ്റം സംഭവിച്ച് ഇന്നും ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഇതുവരെ മരണപെട്ടവരുടെ കണക്ക് ആർക്കറിയാം….
എൻറ ബന്ധുക്കളും സ്നേഹിതരും പരിചയക്കാരും അതിൽ പെടുന്നു. ആദരാജ്ഞലികൾ…
ഇന്നത്തെ പഠനങ്ങൾ പ്രകാരം ഒമിക്രോൺ വളരെ വേഗത്തിൽ പടരുമെങ്കിലും പ്രഹരശേഷി കുറവാണ്. കാരണം.. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പകുതി പേരെങ്കിലും വാക്സിനേഷൻ നടത്തിയിരിക്കണം. മനുഷ്യൻ അറിയാതെ തന്നെ അവനിൽ പ്രതിരോധശക്തി വളരുന്നുണ്ടാകും. വൈറസ്സിൻറ മാരകാവസ്ഥ കുറഞ്ഞു കാണുമായിരിക്കും.
ഇപ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പരിധി വരെയെങ്കിലും കോവിഡിനെ ചെറുക്കാനുള്ള ശക്തി കൈവന്നിരിക്കണം…
ഈ മഹാമാരിയുടെ വരവോടെ ശതകോടികൾ സമ്പാദിച്ചവരും നഷ്ടപെട്ടവരും ഉണ്ടാകാം.. മനുഷ്യൻറ യാത്ര തടസ്സപെട്ടതോടെ ആയിരകണക്കിന് വിമാനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കുവാൻ അനേകം ജോലിക്കാർ അറ്റകുറ്റ പണികൾ നടത്തുന്നു.
ഒരു അപൂർവ്വ രോഗത്തിന് ഒരു കോടി രൂപയുടെ മരുന്ന് വിദേശത്തുനിന്നും വരുത്തണം, അല്ലെങ്കിൽ ചികിൽസക്കായി സമ്പന്ന രാജ്യങ്ങളിൽ പോകണം എന്നൊക്കെ വാർത്തകൾ വരാറുണ്ട്. മറ്റു രാജ്യങ്ങളിൽ മരുന്ന് നിർമ്മിക്കാമെങ്കിൽ എന്തു കൊണ്ട് നമുക്ക് ആയികൂടാ.. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
ലോകത്തിലെ പ്രധാനപെട്ട കമ്പൃൂട്ടർ ടെക്നോളജി, ബാങ്കിങ്ങ് രംഗത്ത് തലപ്പത്ത് ഇരിക്കുന്ന ഇൻഡ്യാക്കാരെപറ്റിയും കേട്ടുകാണും കൂട്ടത്തിൽ നഴ്സുമാരും ഇവർക്കെല്ലാം പഠിക്കുവാനുള്ള കോളേജുകളും ആശുപത്രികളും ഇവിടെ ഇഷ്ടം പോലെയുണ്ട്. മറുവശത്ത് രോഗങ്ങളെ പറ്റി അന്തരാഷ്ട്രനിലവാരത്തിൽ പഠിക്കുവാനും പുതിയ മരുന്നുകൾ കണ്ടെത്തി ഗവേഷണങ്ങൾ നടത്തുവാനുമുള്ള അത്യന്താധുനിക ഉപകരണങ്ങൾ. അവർക്ക് സഹായത്തിന് ഉയർന്ന സാങ്കേതിക പരിജ്ഞാനമുള്ള ശാസ്ത്രജ്ഞൻമാർ ഇവിടെ കുറവാണെന്നാണ് ഞാൻ അനുമാനിക്കുന്നത്… പറഞ്ഞുവരുന്നത് മരുന്നുകളും വാക്സിനുകളും മറ്റും കുടിൽ വ്യവസായം പോലെ നിസ്സാരമായി നിർമ്മിക്കുവാൻ കഴിവുള്ള മനഷ്യരാണ് ഇവിടെ ജീവിക്കുന്നത്… അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോ… ചുമരുണ്ടെങ്കിലെ ചിത്രം വരക്കാനാവു.
ഒന്നാം ക്ളാസ്സിൽ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു അച്ചുകുത്തിയത്. ഒരു ബട്ടൺസിൻറ വലുപ്പമുള്ള വൃത്താകാരത്തിലുള്ള സൂചി മരുന്നിൽ മുക്കി കൈയ്യിൽ രണ്ടിടത്ത് തിരിക്കും.. അൽപം ചോര പൊടിയും…
രണ്ടു ദിവസം കഴിയുമ്പോൾ പഴുത്ത് മഞ്ഞനിറമാകും ക്ലാസ്സിൽ വൃണത്തിന് മുകളിൽ ചാണാൻ തേച്ചവരും മഷി പരുട്ടിയവരും ഉണ്ടായിരുന്നു. എങ്ങിനെയായാലും രണ്ടാഴ്ച കഴിയുമ്പോൾ പൊറുത്ത് രണ്ട് വലിയ പാടുകൾ അവശേഷിക്കും. അഞ്ചാംക്ളാസിൽ കൈതണ്ടയിൽ രണ്ടെണ്ണം കിട്ടി. പിന്നീട് ക്ഷയരോഗത്തിനുള്ള വാക്സിനേഷൻ. അങ്ങനെ പോകുന്നു. കുത്തിവയ്പിൻറ കഥ.
കോവിഡ് വാക്സിൻ എടുക്കുവാൻ ഭൂരിഭാഗം ജനങ്ങൾക്കും എതിർപ്പില്ല. എന്നാൽ ചിലർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാകുന്നു.
നമ്മുടെ ടെന്നീസ് കളിക്കാരൻ ഓസ്ട്രേലിയയിൽ പോയിവന്ന വിവരം എല്ലാവർക്കും അറിയാമായിരിക്കും.
എനിക്ക് പരിചയമുള്ള ചിലർ ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് പ്രയോജനമില്ല. ഗൂഡാലോചനയുണ്ട്. ഏറ്റവും തമാശ വാക്സിനെ ചെകുത്താനുമായി ബന്ധിപ്പിക്കുന്ന വാർത്തകളാണ്. ഈ കഥകൾ പറഞ്ഞു പരത്തുന്ന വിദ്വാൻമാർ എല്ലാ വാക്സിനും എടുത്തു, മാസ്ക്കും ഉപയോഗിക്കുന്നവരായിരിക്കും, ഇതു കേട്ട് വിശ്വസിച്ച് വാക്സിനെടുക്കാതെ നടക്കുന്ന മണ്ടൻമാരായ വിശ്വാസികൾ താമസിയാതെ സാത്താനെ നേരിട്ട് കാണും….
യൂറോപ്പിൽ ഒരു ഹോട്ടലിലോ..കടയിലോ യാത്ര ചെയ്യാനോ .കോവിഡ് സർട്ടിഫിക്കറ്റ്ആവശ്യമാണ്. ഇല്ലെങ്കിൽ പള്ളിയിൽ പോലും പ്രവേശനമില്ല. കൂടാതെ ഓരോ പ്രാവശ്യവും ടെസ്റ്റ് നടത്തണമെങ്കിൽ കൈയ്യിൽ നിന്നും പണം മുടക്കണം.
ഭൂലോകത്ത് എവിടെ ഒളിച്ചാലും കോവിഡ് പിന്നാലെ വരും പ്രായം മറ്റ് അസുഖങ്ങൾ മൂലം സ്വന്തം ആരോഗ്യത്തിൽ ആശങ്കയുള്ളവർ വളരെ സൂക്ഷിക്കണം.
ഓരോ കാലത്തും മലമ്പനി പ്ലേഗ് പോലെയുള്ള പകർച്ചവ്യാധികൾ പിടിച്ച് അനേകം പേർ മരിച്ചിരുന്നു. അന്ന് യാത്രാസൗകര്യം കുറവായിരുന്നു. കാളവണ്ടിയും കുതിരവണ്ടിയും വഴി രോഗം ബാധിച്ചവർക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയില്ലായിരുന്നു. ഒരു ഗ്രാമത്തിലോ പട്ടണത്തിലോ പകർച്ചവ്യാധികൾ അവസാനിക്കുമായിരുന്നു. അന്നും കപ്പൽ യാത്രവഴി രോഗം പടർന്നിരുന്നു.
ഇന്ന് കാലം മാറി. യാത്രാസൗകര്യങ്ങൾ വർദ്ധിച്ചു. നല്ല വാർത്തയും ചീത്തവാർത്തയും സെക്കൻറുകൾക്കുള്ളിൽ ലോകം മുഴുവൻ പരക്കുന്നു.
ശരിയായ ഭക്ഷണം വെള്ളം, വ്യായാമം ശുദ്ധവായു സൂര്യപ്രകാശം എന്നിവയിലൂടെ നമ്മുടെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ കഴിയും.
കെടാൻ പോകുന്ന തീനാളം ആളികത്തും…… ഇന്ന് അതിവേഗത്തിൽ ലോകം കീഴടക്കാൻ ശ്രമിക്കുന്ന കോവിഡ് ഏതാനും മാസങ്ങൾക്കുള്ളിൽ പഴങ്കഥയായിതീരും എന്നാണ് തെളിവുകളിലൂടെ അനുമാനിക്കുന്നത്…..
എങ്കിലും താരതമ്യേനെ ശക്തി കുറഞ്ഞ വൈറസ്സ് മനുഷ്യരിലും മൃഗങ്ങളിലും ജീവിക്കുകയും ചെയ്യും.