രചന : പെരിങ്ങോടൻ അരുൺ ✍️

തുടര്‍ച്ചയായുള്ള മൊബൈല്‍ റിങ്ങ് കേട്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത്. ഉച്ചയൂണ് കഴിഞ്ഞുള്ള ചെറിയ മയക്കത്തിലായിരുന്നു ഞാൻ. ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ പയിചയമില്ലാത്ത നമ്പര്‍ ആയിരുന്നു. രണ്ടു തവണ ഫോണ്‍ ബെല്ലടിച്ചു നിശബ്ദമാകുന്നത് ഞാന്‍ നോക്കി നിന്നു.

മൂന്നാം തവണ ബെല്ലടിച്ചപ്പോള്‍ ഫോണ്‍ എടുത്തു ചെവിയോട് ചേര്‍ത്തു .
“ഹലോ”
“ഹലോ ചേച്ചീ… സുഖല്ലേ എന്‍റെ ചേച്ചിക്ക്. എന്താ എന്നെ കാണാന്‍ ആശുപത്രിയില്‍ വരാഞ്ഞെ. ഞാന്‍ എന്നും നോക്കി ഇരിക്കാറുണ്ടായിരുന്നു. അമ്മയോട് പിണങ്ങി പോയതാ അല്ലേ. നമ്മുടെ അമ്മ പാവല്ലേ ചേച്ചി. ചേച്ചിയെ കാണാഞ്ഞിട്ട് അമ്മക്ക് നല്ല വിഷമമുണ്ട് എനിക്കും ഉണ്ട് സങ്കടം, ചേച്ചിയെ കണ്ടാലേ അതിനി മാറൂ. ഞാന്‍ ആശുപത്രീന്ന് വീട്ടില്‍ ഇന്ന് എത്തീട്ടോ. എന്നാണാവോ ചേച്ചി ഇങ്ങോട്ട് വരുന്നത്. ചേട്ടന്‍റെ തിരക്കൊഴിയുമ്പോള്‍ രണ്ടാളും കൂടി ഇങ്ങോട്ട് വന്നോളണം. പിന്നെ ചേച്ചിടെ വയറ്റിലെ കുഞ്ഞാവയോട് മാമന്‍റെ അന്വേഷണം പറയണം”

എനിക്ക് ഒന്നും സംസാരിക്കാന്‍ ഇടം തരാതെ അപ്പുറത്ത് നിന്നും സംസാരം തുടര്‍ന്നു. എന്‍റെ ഹൃദയം വല്ലാതെ തുടിച്ചു. എന്‍റെ വയറ്റിലും ഒരു അനക്കം ഉണ്ടായോ എന്നെനിക്ക് തോന്നി. ആരെന്നറിയാത്ത അമ്പരപ്പില്‍ ഞാന്‍ ആ ആണ്‍ ശബ്ദത്തെ ശ്രദ്ധിച്ചു. ആരാണെന്ന് ചോദിക്കാന്‍ എന്‍റെ നാവ് അനങ്ങിയില്ല.

എനിക്ക് ഒരു അനിയനില്ലാത്ത വിഷമം പതിയെ അകലുന്നതായി തോന്നി. അവന് നമ്പര്‍ തെറ്റിയതാകാം ആ ശബ്ദമോ നമ്പറോ എനിക്ക് പരിചിതമായി തോന്നിയില്ല. പക്ഷെ ആ മനസ് ഒരു കുഞ്ഞനിയന്‍റേതാണ്. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന ഒരനിയന്‍റേത്. പക്ഷെ അവനെങ്ങനെ അറിയാം എന്‍റെ വയറ്റിലെ കുഞ്ഞു ജീവനെ കുറിച്ച്. ഞാന്‍ ഓരോന്ന് ചിന്തിച്ച് കട്ടിലില്‍ നിന്നും എഴുന്നേറ്റു. ഉച്ചയുറക്കത്തിന്‍റെ ആലസ്യം വിട്ടകന്ന് അടുക്കള ജോലികളില്‍ മുഴുകിയപ്പോള്‍ ആ ചിന്തകള്‍ എങ്ങോ പോയ് മറഞ്ഞു.

അപ്പൊള്‍ എവിടെ നിന്നൊ ഒരു മിസ്സ് കോള്‍ പറന്നു വന്നു. ഞാന്‍ പ്രതീക്ഷിച്ചതു പോലെ അതവനായിരുന്നു. തിരിച്ചു വിളിച്ചിട്ട് ആരാണെന്ന് ചോദിച്ചാലോ ഞാന്‍ ഒരു വേള ചിന്തിച്ചു. പെട്ടന്ന് തന്നെ മനസെന്നെ വിലക്കി.
തൊട്ടടുത്ത നിമിഷം വീണ്ടും ആ കോള്‍ എൻറെ ഫോണിലേക്ക് വിരുന്നു വന്നു.
“ചേച്ചി അടുക്കളയിലാകും അല്ലേ? ഏട്ടന്‍ വരാരായില്ലേ അഞ്ചുമണിക്കല്ലെ എപ്പോഴും എത്താറ്. ഏട്ടന്‍ പുതിയ കാറ് വാങ്ങുന്നെന്ന് പറഞ്ഞിട്ട് വാങ്ങിയോ? എങ്ങനെ വാങ്ങാനാ അല്ലേ വീടിന്‍റെ ലോണ്‍ അടച്ച് കഴിയണ്ടെ”.

അവന്‍ നിര്‍ത്താതെ സംസാരിച്ചു. ഏട്ടന്‍റെ കുറേ കാലമായുള്ള ആഗ്രഹമാണ് ഒരു കാറ് വാങ്ങുക എന്നത്. അതുപോലും അവന് അറിയാം. ആരായിരിക്കും അവന്‍, ഞാന്‍ ചിന്തയില്‍ മുഴുകി. അവന്‍ സംസാരം തുടര്‍ന്നു കൊണ്ടിരുന്നപ്പൊള്‍ ഞാന്‍ മൂളുക മാത്രം ചെയ്തു. ഫോണ്‍ കട്ടാക്കാനും തോന്നിയില്ല, പണിത്തിരക്ക് ഉണ്ടായിട്ടും.
എന്തോ വല്ലാത്തൊരു അടുപ്പം തോന്നുന്നു ആ ശബ്ദത്തോട്.
വൈകിട്ട് ഏട്ടന്‍ വന്നപ്പോള്‍ വിശദമായി തന്നെ വിവരിച്ചു കൊടുത്തു എല്ലാം. അപരിചിതരെ വിശ്വസിക്കരുതെന്നും, ആളറിയാതെ സംസാരിക്കേണ്ടെന്നും, അപരിചിതരുമായി ചങ്ങാത്തം കൂടെണ്ടെന്നും ശാസിച്ചു.

ഇനി ഫോണ്‍ വന്നാല്‍ എടുക്കേണ്ടെന്നും പറഞ്ഞ് ആ നമ്പര്‍ വാങ്ങി, എന്നോട് ചായയിടാനായി പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. മുറ്റത്തു നിന്നും കുറേ സമയം സംസാരിക്കുന്നത് അടുക്കള ജനലയിലൂടെ ഞാന്‍ നോക്കി നിന്നു.
പിന്നീട് എന്‍റെ ഫോണിലേക്ക് അവന്‍റെ കോള്‍ വന്നില്ല. എന്തിനെന്നില്ലാതെ ആ വിളിക്കായ് ഞാന്‍ കൊതിച്ചു. ദിവസങ്ങള്‍ ഓരോന്നായി ഉദിച്ചസ്തമിച്ചു. ആരാണെന്നറിയാനുള്ള ആകാംക്ഷ എന്നെ വിയര്‍പ്പു മുട്ടിച്ചു. എനിക്ക് കിട്ടാതെ പോയൊരനിയന്‍റെ സ്നേഹം അത് അകന്നു പോയിരിക്കുന്നു.
ഞാന്‍ പോലുമറിയാതെ എൻറെ ഫോണിൽ നിന്ന് അവന്‍റെ ഫോണിലേക്കൊരു കോള്‍ പോവുകയായിരുന്നു.

പലതവണ ചിലച്ച് നിശബ്ദമായതല്ലാതെ ആരും ആ കോൾ എടുത്തില്ല. അവനെന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ ആകുലപ്പെട്ടു. അവനെന്തെങ്കിലും ആപത്ത് പറ്റിയോ എന്ന് ഞാന്‍ സന്ദേഹിച്ചു. എന്‍റെ മനസില്‍ എന്തെന്നില്ലാത്ത ആകുലതയും വിഷമവും വന്നു നിറഞ്ഞു.

പിന്നെയും വിളിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോള്‍ കോള്‍ എടുത്തത് അവന്‍റെ അമ്മയായിരുന്നു. അവരോട് അവനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവര്‍ പറഞ്ഞത്, കുറച്ചു ദിവസം മുന്‍പ് അവന്‍ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയില്‍ ആണെന്നായിരുന്നു. ഏതൊ ഒരു ഫോണ്‍ കോളിനു ശേഷമാണ് അവന്‍ മുറിയടച്ച് ഞരമ്പ് മുറിച്ചതെന്ന് പറഞ്ഞ് അവര്‍ കരഞ്ഞു. ഞാന്‍ അത് കേട്ട് അറിയാതെ എന്‍റെ ഫോണ്‍ കൈയ്യില്‍ നിന്നും ഊര്‍ന്നു വീണു.

വൈകിട്ട് ഏട്ടന്‍ വന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ വിഷണ്ണയായി കിടക്കുകയായിരുന്നു രാവിലെ മുതല്‍ ഒന്നും കഴിച്ചിരുന്നില്ല ഒന്നും ഉണ്ടാക്കിയതും ഇല്ല. വാടി തളര്‍ന്ന എന്നെ കണ്ടപ്പോള്‍ ഏട്ടന്‍റെ മനസ്സും പിടച്ചു കാണണം. അച്ഛനും അമ്മയും മരിച്ച ശേഷം എനിക്ക് ഏട്ടനല്ലേ ഉള്ളു. ഞാന്‍ എല്ലാ സങ്കടവും എന്‍റെ ഏട്ടനോട് പറഞ്ഞു. അവനെ വിളിച്ച് താക്കീത് നല്‍കുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചു കാണില്ല പാവം. എനിക്കവനെ കാണണമെന്ന് പറഞ്ഞപ്പോള്‍ ഏട്ടന്‍ എതിര്‍പ്പൊന്നും കൂടാതെ പൊകാമെന്ന് സമ്മതിച്ചു. എന്‍റെ മനസില്‍ ഒരു കുഞ്ഞനിയനോടുള്ള വാത്സല്യം വന്നു നിറഞ്ഞു.

അങ്ങനെ പിറ്റേന്നാള്‍ ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അത്യാഹിതവിഭാഗത്തിനു മുന്നില്‍ അവന്‍റെ അമ്മ നിറകണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു.
ഞങ്ങള്‍ അമ്മയുടെ അടുത്ത് ചെന്നിരുന്ന് സമാധാനിപ്പിച്ചു. അവന്‍ വിളിച്ചതും സംസാരിച്ചതുമായ കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. അവര്‍ കണ്ണീരോടെ ഒരു അനിയന്‍റെയും ചേച്ചിയുടെയും കഥ പറഞ്ഞു തന്നു. അവരുടെ രണ്ട് മക്കളുടെ സ്നേഹ ബന്ധത്തിന്‍റെ കഥ. അവനെപ്പോലെ തന്‍റെ ചേച്ചിയെ സനേഹിക്കാന്‍ ഒരനിയനും കഴിയില്ല. അവളെപ്പൊലെ ഒരു ചേച്ചിയെ ഒരനിയനും കിട്ടിക്കാണില്ല അമ്മയ്ക്കുപൊലും അസൂയ തോന്നിപ്പിക്കുന്ന സഹോദരി-സഹോദര സ്നേഹം. ഇണങ്ങിയും പിണങ്ങിയും അടികൂടിയുമൊക്കെ അവരുടെ നാളുകള്‍ സന്തോഷകരമായി അവരെ പിന്നിട്ടു പോയി.

വരണമാല്യവുമായി ആ കുടുബത്തിലേക്ക് കയറി വന്ന ആളെ അവന്‍ കണ്ടത് ഒരു വില്ലനായിട്ടാണ്. അയാള്‍ അവന്‍റെ ചേച്ചിയെ അവനില്‍ നിന്നും അടര്‍ത്തി കൊണ്ടു പോയി. രണ്ടാള്‍ക്കും ഹൃദയം തകര്‍ന്ന അവസ്ഥയായിരുന്നു ആദ്യമൊക്കെ. പിന്നെ അയാളെ തന്‍റെ സ്വന്തം ചേട്ടനായി അവന്‍ ദത്തെടുത്തു അതുപോലെ അയാള്‍ അവനെയും. അങ്ങനെ ആ കുടുബത്തില്‍ വീണ്ടും സന്തോഷം പരന്നു. മധുരത്തിന് അതിമധുരമായി ചേച്ചിയുടെ വയറ്റില്‍ ഒരു കുഞ്ഞു ജീവന്‍ മുള പൊട്ടാന്‍ അതികം സമയം വേണ്ടി വന്നില്ല. സന്തോഷം ആ കുടുബത്തില്‍ നിന്ന് നുരഞ്ഞ് പൊങ്ങി.

ഓരോ സന്തോഷത്തിന് പിന്നിലും ദുഃഖം ഒളിഞ്ഞിരിപ്പുണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല അത് ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് ഒരു ദുരന്തം അവരുടെ കുടുബത്തിലേക്ക് കടന്നു വന്നു. ചേച്ചിയും ചേട്ടനും അവനും യാത്ര ചെയ്തിരുന്ന ഓട്ടൊ മറഞ്ഞ് അവന്‍റെ മുന്നില്‍ വെച്ച് ഇരുവരും രക്തത്തിൽ കുളിച്ച് മരിച്ചു. അവന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുമായി. അവന് ബോധം വന്നപ്പോള്‍ അപകടം നടന്ന കാര്യം അവന്‍റെ മനസ് സൗകര്യ പൂര്‍വ്വം മറന്നു. മരണം കൊണ്ടുപോയ ചേച്ചിയേയും ചേട്ടനെയും കാണണമെന്നായി അവന്‍റെ ആവശ്യം. പല നുണകളിലൂടെ അമ്മ അവന്‍റെ പിടിവാശിയുള്ള മനസിനെ സമാധാനിപ്പിച്ചു.

മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിയ അവന്‍ ചേച്ചിയുടെ നമ്പറില്‍ വിളിച്ചു. ആ കോള്‍ വന്നത് എന്‍റെ ഫോണിലേക്കായിരുന്നു. പുതിയ സിം എടുത്തപ്പോള്‍ അവന്‍റെ ചേച്ചിയുടെ നമ്പറാകണം എനിക്ക് കിട്ടിയത്. അങ്ങനെ ആ ഫോണ്‍കോള്‍ എന്നെ ആ ആശുപത്രി വരാന്തയിലെത്തിച്ചിരിക്കുന്നു.
മകളും മരുമകനും മരിച്ചു, ഇപ്പൊ മകന്‍ മരണത്തോട് മല്ലിട്ട് ശീതീകരിച്ച മുറിയില്‍ കിടക്കുന്നു. ഇതിനും മാത്രം അനുഭവിക്കാന്‍ ഈ അമ്മ എന്ത് പാപം ചെയ്തു എന്ന് ഞാന്‍ ആലോചിച്ചു.

അവനെ അകത്തു കയറി കാണാന്‍ ഡോക്ടര്‍ അനുമതി നല്‍കിയില്ല, പിറ്റേന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അന്ന് ഞങ്ങൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല, പലതും സംസാരിച്ച് നേരം വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെ തന്നെ ആശുപത്രിയിലേക്ക് ചെല്ലുമ്പോൾ അവന്റെ കട്ടിലിനരികിൽ ഇരിക്കുക ആയിരുന്നു ആ അമ്മ. ഞങ്ങള്‍ അവര്‍ക്ക് അരികിലേക്ക് ചെന്നു. ഞങ്ങള്‍ രണ്ടുപേരും അമ്മയോട് സംസാരിച്ചു നിൽകുകയായിരുന്നു അവന്‍
ഉണര്‍ന്ന് കിടക്കുകയായിരുന്നു.

ഞങ്ങള്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോൾ അമ്മ ഞങ്ങളെ പരിചയപ്പെടുത്തി.
മെലിഞ്ഞ് ഉണങ്ങിയ ആ കൗമാരക്കാരൻ ഞങ്ങളെ നോക്കി. അവന്‍ പതിയെ എന്നോടായി പറഞ്ഞു.
” ചേച്ചിയെ ഞാന്‍ ഫോണ്‍ വിളിച്ച് ബുദ്ധിമുട്ടിച്ചത്, ഓർമ്മയില്ലാത്തത് കൊണ്ടാട്ടോ, എന്നോട് രണ്ടാളും ക്ഷമിക്കണം. ചേച്ചിയുടെ കൈയ്യില്‍ ഉളളത് എന്റെ ചേച്ചി ഉപയോഗിച്ച നമ്പറാണ്. ചേച്ചി ഈ ലോകത്തില്ലെന്ന് വിശ്വാസിക്കാൻ കഴിയുന്നില്ല, അത്രക്ക് ഇഷ്ടമാ എനിക്കെൻറെ ചേച്ചിയെ”. അവന്‍ കൊച്ചുകുഞ്ഞിനെ പോലെ തേങ്ങി.
“സാരമില്ല എനിക്ക് ബുദ്ധിമുട്ടൊന്നും ആയില്ല നീ ഇനിയും വിളിച്ചോളൂ” ഞാന്‍ പറഞ്ഞു
“ഏട്ടന് ഞാന്‍ വിളിച്ചത് ഇഷ്ടായില്ലെന്ന് അറിയാം, പെൺകുട്ടികളെ വഴിതെറ്റിക്കാനുളള ഒരു നമ്പരും എനിക്ക് അറിയില്ല. അമ്മ,ചേച്ചി, സ്കൂള്‍, വീട്, വീടിനടുത്തുളള കട ഇത്രയുമേ എനിക്കറിയൂ. അത് മാത്രമാണ് എന്‍റെ ലോകം. എന്‍റെ ചേച്ചിയുടെ ഓർമ്മയിലാണ് ആ നമ്പറിൽ വിളിച്ചത്. ചേച്ചിയെ എന്നും വിളിക്കുന്ന സമയം ആകുമ്പോള്‍ എല്ലാം മറക്കും. ആ നമ്പറിൽ വിളിച്ചു സംസാരിച്ചു ഫോണ്‍ വെക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാ. ക്ഷമിക്കണം ഇനി ബുദ്ധിമുട്ടിക്കില്ല” അവന്റെ കണ്ണുനീർ എന്നെ ചുട്ടു പൊളളിച്ചു.

“നീ ഇനിയും വിളിക്കണം, ഏട്ടന്‍ ഒന്നും പറയില്ല, എനിക്കൊരു ശല്യമായി തോന്നിയിട്ടില്ല നിൻറെ വിളികൾ, നീ സംസാരിക്കുമ്പോൾ വര്‍ഷങ്ങൾക്ക് മുന്‍പ് എനിക്ക് നഷ്ടമായ എന്റെ കുഞ്ഞനിയനിൽ ആയിരുന്നു എന്റെ മനസ് . എന്‍റെ കൊച്ചച്ഛൻറെ മകന്‍ പേരൊ മുഖമോ ഓർമ്മയില്ലാത്ത എന്‍റെ അനിയന്‍. കുഞ്ഞൂസേന്നാ ഞാന്‍ അവനെ വിളിച്ചിരുന്നത് അത് മാത്രം ഓര്‍മ്മയുണ്ട്.
അച്ഛനും, കൊച്ചഛനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചത് ശത്രുതയിലാണ്. കേസ് നടത്തി രണ്ടു പേരും വീതിച്ചെടുത്തു ഞങ്ങളുടെ മനസടക്കം എല്ലാ സ്വത്തുക്കളും കൊച്ചച്ഛനുമായോ, കുടുംബവുമായൊ ഒരു ബന്ധവും ഉണ്ടാവാതിരിക്കാൻ വളരെ ദൂരേക്കാണ് അച്ഛന്‍ എന്നെയും അമ്മയേയും കൊണ്ട് പോയത്.

ഒന്നിലോ രണ്ടിലോ ആയിരുന്ന എനിക്ക് തറവാട്ടിനെ കുറച്ചോ നാടിനെ കുറച്ചോ ഒന്നും ഓര്‍മ്മയും ഇല്ല.
ആകെയുള്ള അവന്‍റെ കുസൃതിയിൽ കിട്ടിയ മായാത്തൊരു മുറിപ്പാടാണ്. അവന്‍ കല്ലു കൊണ്ട് എറിഞ്ഞതാണ് നെറ്റിയിൽ ഇപ്പോഴും അവശേഷിക്കുന്ന അടയാളം”.
ആ അടയാളം ഞാന്‍ തൊട്ടു കാണിച്ചു. അവനത് കണ്ണീരോടെ നോക്കി.
ഇതൊക്കെ കേട്ട് അമ്മ എന്റെ അരികിലേക്ക് വന്നു. ആ മുറിപ്പാടിൽ നോക്കി. പിന്നെ എൻറെ കഴുത്തിന് പുറകിലും, അവിടൊരു മറുകുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല.

“എന്റെ പൊന്നു മോളാ നീ, എവിടെയെല്ലാം അന്വഷിച്ചു ഞങ്ങള്‍ നിന്നെ, അവൾക്കായിരുന്നു നിന്നെ കാണാന്‍ അതിയായ ആഗ്രഹം, നീ പോകുമ്പോൾ ഇവന്‍ കുഞ്ഞായിരുന്നല്ലൊ, എന്‍റെ പൊന്നു മോളെ, നിന്റെ അനിയത്തിക്ക് നിന്നെ ഒന്നു കാണാനുളള ഭാഗ്യം ഉണ്ടായില്ലല്ലോ”
എന്റെ കണ്ണുകള്‍ ‍നിറഞ്ഞു തുളുമ്പി. എത്രയോ കാലമായി ഞാന്‍ അന്വേഷിച്ച എന്റെ കുഞ്ഞമ്മ, എന്‍റെ അനിയന്‍. ഞാന്‍ സ്വപനം കാണുകയാണൊ എന്ന് തോന്നി.
“എത്ര ദൂരത്തായാലും രക്തം രക്തത്തെ തിരിച്ചറിയുമെന്ന് പറയുന്നത് ഇതാണ്‌, എനിക്കൊരു മോളെ നഷ്ടമായി അതിന് പകരമായി വെറൊരു മക്കളെ തിരിച്ചു കിട്ടിയിരിക്കുന്നു. എനിക്ക് ഇനി മരിച്ചാലും വേണ്ടീല്ല” കുഞമ്മ എന്നിൽ നിന്നും അടര്‍ന്നു മാറി കൊണ്ട് പറഞ്ഞു. കുറച്ചു സമയം കൂടി അങ്ങിനെ നിന്നിരുന്നെങ്കിൽ ഞാന്‍ ആഗ്രഹിച്ചു.

കണ്ണ് തുടച്ചു കൊണ്ട് ഞാന്‍ അനിയന്‍റ അരികിലേക്ക് മടങ്ങി ചെന്നു അവന്‍റെ മുഖത്ത് മഴക്കാറ് നീങ്ങി വെയില്‍ പരന്നതു പോലെ വിടർന്ന പുഞ്ചിരിയുണ്ടായിരുന്നു എങ്കിലും കൺകോണില്‍ കണ്ണുനീര്‍ തുള്ളികള്‍ തെളങ്ങുന്നുണ്ടായിരുന്നു.
ഞാന്‍ പതിയെ കൈവിരൽ കൊണ്ടാ നീർത്തുളളികൾ തുടച്ചു. പിന്നെ നെറ്റിയിലും, നെറുകയിലിലും, ഇരു കവിളിലും മുത്തം നല്‍കി. പിന്നെ അവനെ പതിയെ ഉയര്‍ത്തി മാറോട് അണച്ചു. അങ്ങനെ കുറച്ചു നേരം നിന്നപ്പോൾ എന്തെന്നില്ലാത്ത പറഞ്ഞറിയിക്കാൻ പറ്റാത്ത ആനന്ദം എന്റെ മനസിനെ കീഴിടക്കി.

എല്ലാം കണ്ടുംകേട്ടും ഏട്ടന്‍റെ കണ്ണും നിറഞ്ഞിരുന്നു. ഞാന്‍ ഇപ്പോള്‍ അനാഥയല്ലെന്ന് ഈ ലോകത്തോട് വിളിച്ചു പറയാന്‍ തോന്നി. ഞാന്‍ ഏട്ടനെ അരികിലേക്ക് വിളിച്ചു.
“ഏട്ടാ എന്റെ അനിയനെ കണ്ടോ, എന്റെ സ്വന്തം അനിയനാ ഇത്” അത് പറയുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ഇത്രയും വര്‍ഷം കാത്തിരുന്നത ഇതിനായിരുന്നു, ജന്മംസഫലമായിരിക്കുന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു.

By ivayana