രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍️

മുകളിൽ നീരദനിർഭരവാനവും
ചുമരു ശോഭനപാദപജാലവും
പുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻ
അരുതു വേദനയല്പവുമുള്ളിലായ്
പഴയതാളുകൾ നീർത്തിയ തിണ്ണയിൽ
അഴലിൽ മുങ്ങിമയങ്ങുന്ന വേളയിൽ
പുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻ
അരുതു വേദനയല്പവുമുള്ളിലായ്
(മുകളിൽ)

പലനിറത്തിലെ സുന്ദരകാഴ്ചയാൽ
ഒളി നിറച്ചിടുമീ ഗൃഹമെപ്പൊഴും
അഗതിമാനസവേദനയീ വിധം
തഴുകി മാറ്റിടുവാൻ സുരശില്പികൾ
ഇവിടെ കൃത്രിമപങ്കകളെന്തിനായ്
ഒഴുകിയെത്തിടുമുത്തമമാരുതൻ
പുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻ
അരുതു വേദനയല്പവുമുള്ളിലായ്
(മുകളിൽ)

വെയിലു പൂത്തിടുമിപ്പുര തന്നിലായ്
മഴ പൊഴിഞ്ഞിടുമെത്ര സുഖം തരും
സകലജീവിയുമെന്തിനു സാഗരം
ഭുവനമൊക്കെയുമുള്ളിലൊതുങ്ങിടും
തിരി കൊളുത്തിടുവാൻ നലദീപകം
വരുമൊരായിരമൊത്തു നൽസന്ധ്യയിൽ
പുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻ
അരുതു വേദനയല്പവുമുള്ളിലായ്
(മുകളിൽ)

അഭിലാഷ് സുരേന്ദ്രൻ

By ivayana