രചന : ജിബിൽ പെരേര✍️
കാലത്തെണീറ്റപ്പോൾ
എന്റെ മാലാഖയെ കാണുന്നില്ല.
താഴെ കിടന്ന
പൊട്ടിയ മദ്യക്കുപ്പിയും
സിഗരറ്റുകുറ്റികളും
ചിതറിക്കെടുക്കുന്ന വസ്ത്രങ്ങളും
കീറിപ്പറിഞ്ഞ പുസ്തകങ്ങളും
അവൾ പോയെന്ന് കട്ടായം പറഞ്ഞു.
ഇറയത്തെ നനഞ്ഞ പത്രവും
മതിലിലെ പാൽക്കുപ്പിയും
തൂക്കാത്ത മുറ്റവും
കുട്ടികളുടെ നിർത്താത്ത കരച്ചിലും
നിശ്ശബ്ദമായ അടുക്കളയും
അവളുടെ യാത്രാകുറിപ്പ് എഴുതിവെച്ചിരുന്നു.
ഭൂതകാലത്തിന്റെ അബോധവഴികളിൽ
ഞാൻ അവളെ തേടിയലഞ്ഞു.
മദ്യത്തിനിപ്പോൾ
ചെകുത്താന്റെ മണം.
അന്ന് രുചിയുടെ കറിപ്പാത്രങ്ങളൊക്കെയും
തകർത്തത് താനല്ല;
നിക്കോട്ടിന്റെ പ്രേതങ്ങളായിരുന്നു.
അപരാധങ്ങളുടെ കുന്നുകൾ
അൾത്താരമേൽ നിരത്തി,
മനസ്സൊരു മെഴുകുതിരിയായി ഉരുകിയൊലിച്ചു .
മഴയും വെയിലും
ആകാശവും നക്ഷത്രവും
പഠിക്കാതെ പോയ
“അവൾ” എന്ന വിഷയത്തെക്കുറിച്ച്
ഏകാന്തതയുടെ
നരകബെഞ്ചിലിരുത്തി
നിർത്താതെ ക്ലാസുകളെടുക്കുന്നു.
അവളുടെ ഓർമ്മകൾ
കാറ്റായും കടന്നലായും
കരളിൽ ചുംബിച്ചുകുത്തി
മെത്തയിൽ പ്രളയങ്ങൾ തീർക്കുന്നു.
പുലർച്ചെയുള്ള ട്രെയിനിൽ
ഒരിടം വരെയച്ഛൻ
പോയിട്ട് വരാമെന്ന കള്ളത്തിൽ
കണ്ണീരിന്റെ കടൽ ഞാനൊളിപ്പിക്കുകയാണ്.
മരണക്കുറിപ്പെടുക്കാനോർമ്മിപ്പിച്ചു കൊണ്ട്
പത്രക്കാരന്റെ ബെല്ലും
പാൽക്കാരന്റെ മെതിയടിയും
മുൻവശത്തു നിന്ന് വിളിക്കുന്നുണ്ട് . .
ഉമ്മറത്തെത്തുമ്പോൾ
ടീപ്പോയിയിൽ നനയാത്ത പത്രമുണ്ട്.
പാൽക്കുപ്പി മതിലിലില്ല.
തൂത്തു വൃത്തിയാക്കിയ മുറ്റത്തു
കുട്ടികൾ ഓടിനടക്കുന്നു.
അടുക്കളയിലെ പാത്രങ്ങൾ
ആരോടോ ചിണുങ്ങുന്നുണ്ട്.
ഏലമിട്ട് തിളപ്പിച്ച
എന്റെ പ്രിയപ്പെട്ട ചായയുടെ മണം
ഓടി വന്നെന്നോട്
സ്വകാര്യം പറഞ്ഞു:
“നിന്റെ മാലാഖ വീണ്ടും പ്രത്യക്ഷയാ”യെന്ന്.