രചന : ഷബ്‌നഅബൂബക്കർ✍

നോവുപേറുന്ന പാവമീ പെണ്ണിന്റെ
നീറും വ്യഥകളെ നെഞ്ചിലേറ്റുന്നൊരു
നിഗൂഢതയേറെ നിറഞ്ഞൊരു തോഴൻ
നിറമൗന ഭാവമായെത്തും നിശീഥിനി.

പ്രണയം നിറയുന്ന നേരം മിഴികളിൽ
പൗർണമി തിങ്കളുദിക്കുന്നു ചേലിൽ
നിശ്വാസമുയരുന്ന മൗനയാമങ്ങളിൽ
നിലാവായ് പെയ്യുന്നു നീല നിശീഥിനി.

ഇരുളിൻ മറപറ്റി ചലിക്കുന്ന കൈകളിൽ
ഇടറി വീഴുന്ന ജന്മങ്ങൾ കാണുമ്പോൾ
ഭീതി നിറക്കുന്ന കരിമ്പടം പുതച്ചിട്ട്
അമാവാസിയായ് മാറും നിശീഥിനി.

നിദ്രയില്ലാതെ കരയുന്ന കുഞ്ഞിനെ
നിദ്രയെ ഓടിച്ചു മാറോടു ചേർക്കുമ്പോൾ
അമ്മതൻ താരാട്ടിൻ ഈരടികൾ കേട്ട്
പകലിന്റെ ഭാവം ചൊരിയും നിശീഥിനി.

By ivayana