രചന : കൃഷ്ണ മോഹൻ കെ പി ✍

അംഗനയല്ലവൾ ആത്മഹർഷത്തിൻ്റെ
അഞ്ചിത രോമാഞ്ചമൊന്നുമാത്രം
ആലംബഹീനർക്കു പുഞ്ചിരിയാലൊരു
ആലയം തീർക്കുന്ന കാവ്യബിംബം
ഇച്ചെറു ജീവിത പർണ്ണകുടീരത്തിൽ
ഇത്തിരി വെട്ടത്തെയേകുവാനായ്
ഈടുറ്റ മാറാപ്പു തോളത്തതേന്തിയും
ഈഷലില്ലാതവൾ വർത്തിക്കുന്നൂ
ഉത്തമയാണവൾ ഉൾത്താരിലേന്തുന്നു
ഉൽക്കർഷ ചിന്തകൾ എന്നുമെന്നും
ഊഷരഭൂമിയും ഉർവരമാക്കിടും
ഊമയ്ക്കു പോലും വചസ്സു നല്കും
എത്രയും സൗഭാഗ്യമേകുന്നു നാൾക്കുനാൾ
എങ്ങിനെയെന്നതറിയുകില്ല
ഏണാങ്കബിംബമുഖിയായി മാനിനി
ഏതു ദുഃഖത്തിനും ശാന്തിയേകും
ഒട്ടൊന്നു കെട്ടിപ്പിടിച്ചു കൊണ്ടോമലാൾ
ഒട്ടിച്ചേർന്നങ്ങോട്ടിരുന്നിടുമ്പോൾ
ഓർമ്മകളോടിക്കളിയ്ക്കുന്ന കായലിൻ
ഓളപ്പരപ്പിലെ വഞ്ചി പോലെ
ഔഷധമായിട്ടു മാറുന്നു വാക്കുകൾ
ഔഷധിയാകുമവളുമപ്പോൾ
അംബോധി പോലെയലകളുയരിലും
അംഗനാരത്നമതേറ്റെടുക്കും
അ:ന്തക്കരണത്തിൽ ആശമുളപ്പിക്കും
“അഗ്നിച്ചിറകുള്ള പക്ഷി”യവൾ.

By ivayana