ഭൂമി നിനയ്ക്കായിയെഴുതുന്നു ഞാനും
ഒരു ചരമഗീതം കൂടി വീണ്ടും
അതില്‍ നിന്റെയുല്പ്പത്തിയതിജീവനം
പിന്നെ അകലെനിന്നണയുന്ന
ശവഘോഷയാത്രയും.
നിശ്ചലമാകുന്ന നിന്‍ ശ്വാസ വേഗങ്ങള്‍
കണ്മുന്നില്‍ മറയുന്ന ഹാരിതാഭ ഭംഗികള്‍
വറ്റിവരളുന്ന നിന്‍ സിരാധമനികള്‍
പെയ്യാതകലുന്ന കാര്‍മേഘ തുണ്ടുകള്‍.
ലാവയായി ഉരുകുന്ന ഉള്‍ത്തട വ്യഥകളും
ഉരുള്‍പൊട്ടി ഉടയുന്ന നിന്‍ നെടുവീര്‍പ്പുകള്‍
വന്‍ തിരമാലകള്‍ ഉയര്‍ത്തുന്ന ഗദ്ഗദം
വൈകിയെത്തുന്ന തുലാവര്‍ഷ മേഘവും.
മാറി മറിയുന്ന ഋതുഭേദ കാലവും
പൊലിയുന്ന തിരുനെറ്റി സിന്ദൂരവട്ടവും
ഉറയുന്ന സന്ധ്യയും രാവിൻ മിഴിനീരും
അകലെ മായുന്ന നക്ഷത്ര ശോഭയും.
പതിയെ മങ്ങുന്ന വാര്‍മഴ വില്ലും
കടലിന്റെ നീലിമ, അമരുമാ ശാന്തത
എരിയുന്നു മുന്നില്‍ വനാന്തര ഗര്‍ഭങ്ങള്‍
ഉയരുന്നു നഗ്നത പുണരുന്ന പാറകള്‍.
നിലയ്ക്കുന്നു കാട്ടരുവിതന്‍ കളകളം
വലിക്കുന്നു നീ നിന്നവസാന ശ്വാസവും.