രചന : സുധീഷ് സുബ്രമണ്യൻ ✍
അന്ന് പഠിപ്പുമുടക്കായിരുന്നു.
തൃശൂർ എം.ടി.ഐ ലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു ഞാൻ. കോളേജിൽ പോയി പഠിപ്പുമുടക്കിന്റെ കാര്യങ്ങളും മറ്റും കഴിഞ്ഞ് ഉച്ചയോടെ തിരികെവരുന്ന സമയം. കുന്നംകുളത്തുനിന്ന് കുണ്ടുകടവ ജംഗ്ഷനിലേക്കുള്ള ബസ്സിൽ കയറുന്നു. തിരക്ക് കുറവായതിനാൽ കണ്ടക്ടർ പിറകിലെ സീറ്റിൽത്തന്നെ ഇരിക്കുന്നുണ്ട്. കൺസഷൻ ടിക്കറ്റ് ചാർജ്ജായ മൂന്നുരൂപ എടുത്തു നൽകിയപ്പോൾ അയാൾ കുപിതനായി.
“ഇന്ന് കോളേജൊന്നുമില്ല കൺസഷൻ തരാനുമൊക്കില്ല. ഫുൾ ചാർജ്ജില്ലേൽ ഇറങ്ങിക്കോ.”
“ഫുൾ ചാർജ്ജ് ഇല്ല. തരാനുമൊക്കില്ല. പഠിപ്പുമുടക്ക് / സമരം എന്നാൽ വിദ്യാർത്തികൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ചെയ്യുന്നതാണു. നിങ്ങൾ ഇന്ധനവില കൂടുമ്പോളും വസ് ചാർജ്ജ് കൂട്ടാനും സമരം ചെയ്യുന്നപോലെതന്നെ.”
“എനിക്കതൊന്നും കേൾക്കണ്ട.
ഇറങ്ങിക്കോ ഇത് ആർക്കും ഓശാരത്തിനു യാത്ര ചെയ്യാനുള്ളതല്ല.”
ഏതാണ്ട് പത്തൻപത് വയസു പ്രായം തോനിക്കുന്ന അയാൾ വീണ്ടും ശബ്ദമുയർത്തി.
ബസ്സപ്പോൾ സ്റ്റാന്റിൽ നിന്ന് വന്ന് വലത്തോട്ടുതിരിഞ്ഞ് ഒനീറോ ടെക്സ്റ്റെയിൽസിന്റെ മുന്നിലെ സ്റ്റോപ്പിൽ നിന്നൽപം മുന്നോട്ടു പോയി ഇടത്തോട്ടേക്ക് തിരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ.
അയാൾ സിംഗിൾ ബെല്ലടിച്ചു.
ബസ്സ് നിന്നു.
ഡോർ തുറങ്ങ് “ഇറങ്ങ്” എന്ന്
കനത്തിലയാൾ പറഞ്ഞു.
“പറ്റില്ല പിടിച്ചിറക്കേണ്ടിവരും”
എന്നായിരുന്നു മറുപടി.
എന്നാപ്പുന്നെ അതാകട്ടെ എന്നും പറഞ്ഞ് അയാളെന്റെ കയ്യിൽപ്പിടിച്ച് പുറത്തേക്ക് തള്ളി.
ബാലൻസ് നഷ്ടപ്പെട്ട് നേരെ താഴേക്ക് വീണ ഞാൻ റോഡിൽ നിന്നും ബാഗും പെറുക്കിയെടുത്ത് അയാളെ ഒന്ന് നോക്കിയശേഷം നേരെ പിറകോട്ട് നടന്നു.
ബസ് ആ വഴിക്ക് പോയി.
ജീവിതത്തിൽ ആദ്യമായിട്ട് സ്വന്തം കാര്യത്തിനു പോലീസ് സ്റ്റേഷനിൽ കയറുന്നതും,
സ്വന്തം കൈപ്പടയിൽ ഒരു
പരാതിനൽകുന്നതും അന്നാണു.
കുന്നം കുളം സ്റ്റേഷനിൽ പരാതിയെഴുതിനൽകിയപ്പോൾ
അവർ വിളിക്കാമെന്ന് പറഞ്ഞു.
അന്ന് ഫോണില്ല. അച്ഛന്റെ കയ്യിലുള്ള ഫോണാണു വീട്ടിലെ ആകെയുള്ള ഒന്ന്.
നമ്പരും എഴുതിനൽകി
അടുത്ത ബസ്സിനു കേറി ഞാൻ വീട്ടിൽപ്പോയി.
വൈകിട്ട് ഒരേഴുമണിയായപ്പോൾ
സതീഷേട്ടൻ വീട്ടിൽ വന്നു.
സതീഷേട്ടൻ എന്റെ അയൽക്കാരനു ജ്യേഷ്ഠതുല്യനുമാണു. ബസ് കണ്ടക്ടർ ആയിത്തന്നെ ജോലി നോക്കുകയാണു വർഷങ്ങളായിട്ട് അങ്ങേർ.
“സുധീ ഒരു കാര്യം അറിയണമെടാ. യൂണിയന്റെ ആൾക്കാർ വിളിച്ചിരുന്നു. ഇന്നുച്ചക്ക് ബസ്സിൽ ഏതോ ഒരു പയ്യൻ കേറി കണ്ടക്ടറോട് പ്രശ്നമുണ്ടാക്കി കൺസഷൻ കൊടുത്തില്ലാന്ന് പറഞ്ഞിട്ട്. അയാളിറക്കിവിട്ടു അവനെ. ഇപ്പോ സ്റ്റേഷനീന്ന് ബസ്സിന്റെ ടീമിനു കോൾ വന്നെന്ന്. നാളെ ബസ്സും കണ്ടക്ടറും സ്റ്റേഷനിൽ ചെല്ലണമെന്ന്. ആകെ ചൊറയാകും ട്രിപ്പ് പൊട്ടിയാ വല്യ പ്രശ്നമാ.
പയ്യന്റെ ഡീറ്റയിൽസ് ചോദിച്ചപ്പോ പോളിടെ യൂണിഫോമാണെന്നും കയ്യിൽ കുറേ ബാന്റ് ഒക്കെ ഉണ്ടെന്നും ബാഗിൽ ചെഗുവേരയുടെ കീ ചെയിൻ ഉണ്ടെന്നും കണ്ണടവച്ച് തടിച്ച ആളാന്നും പറഞ്ഞു. സൂചനവച്ച് നീയാണോന്ന് തോന്നിയതിയണ്ട് അന്വേഷിക്കാൻ വന്നതാ.”
ഞാൻ കാര്യം പറഞ്ഞു.
കൺസഷൻ തരേണ്ടതായിരുന്നു എന്നതിൽ സതീഷേട്ടനുപക്ഷേ തർക്കമുണ്ടാർന്നില്ല. എസ്.ഐ.എ ഫോണിൽ വിളിച്ച് കേസ് പിൻവലിക്കുകയാണെന്ന് പറഞ്ഞില്ലേൽ
പിറ്റേന്നത്തെ ട്രിപ് മുടങ്ങും.
പരാതി ഞാൻ പിൻവലിക്കണം എന്നതാണാവശ്യം.
കണ്ടക്ടർ എന്നെ വിളിച്ച്
ക്ഷമചോദിക്കും
എന്നും പറഞ്ഞു.
“ശരി ഞാൻ പിൻ വലിക്കാം. പക്ഷേ വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ എനിക്കുമുൻപേ എത്രപേർ തെരുവിൽ തല്ലുകൊണ്ടിട്ടുണ്ടെന്നതും അത് നിലനിർത്തിപ്പോരാൻ എത്രയെത്ര സമരങ്ങൾ നടന്നിട്ടുണ്ടെന്നതും ആരു മറന്നാലും
ഇടതുപക്ഷ അനുകൂല സംഘടനയിലെ ആളുകൾ മറക്കരുതല്ലോ. ആയതുകൊണ്ട് അതങ്ങേർക്ക് മനസിലാക്കിക്കൊടുക്കണം.
ഇനി ഒരു വിദ്യാർത്ഥിയോടും ആളിതുപോലെ ചെയ്യരുത്.
നിയമമൊന്നും ഇല്ലാഞ്ഞിട്ടുകൂടി,
ഏറ്റവും അവസാനമാണു വിദ്യാർത്ഥികൾ ബസ്സിൽ കേറുക.
പുറകിലെ സീറ്റിലല്ലാതെ മറ്റൊരു സീറ്റിലും മിക്കവരും കണ്ടക്ടർ പറയാതെ ഇരിക്കാറില്ല. ഇരുന്നാലും ഒരു ഫുൾ ടിക്കറ്റ് കേറിയാൽ എണീറ്റും കൊടുക്കും. ഗതികേടുകൊണ്ടുകൂടിയാണു തൂങ്ങിപ്പിടിച്ച് കാലത്ത് ബസ്സിൽക്കേറി പഠിക്കാൻ പോകുന്നത്.”
പിന്നീട് ഞങ്ങൾ നേരെ ബിനിയേട്ടന്റെ അടുത്തുപോയി കാര്യങ്ങൾ വിശദീകരിച്ചു. കണ്ടക്റ്റർ സതീഷേട്ടന്റെ ഫോണിലേക്ക് വിളിക്കുകയും ഞങ്ങളോട് സംസാരിക്കുകയും ഇനി ഇത്തരത്തിൽ ഉണ്ടാകില്ലെന്ന് പറയുകയും ചെയ്തു. ക്ഷമചോദിപ്പിക്കാനൊന്നും ആരും തുനിഞ്ഞില്ല അതാർന്നില്ലല്ലോ ആവശ്യം.
അതിനുശേഷം സതീഷേട്ടൻ തന്നെ എസ്.ഐ ടെ നമ്പർ ഡയൽ ചെയ്യുകയും, കണ്ടക്ടർക്ക് കാര്യങ്ങൾ ബോധ്യപ്പെടുകയും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തതിനാൽ ബസ് സ്റ്റേഷനിലേക്കെത്തിച്ച് ട്രിപ്പ് മുടക്കാൻ ഞാനും ആഗ്രഹിക്കുന്നില്ലെന്നും പരാതി പിൻ വലിക്കുകയാണെന്നും പറഞ്ഞാണു ആ വിഷയം അവസാനിപ്പിച്ചത്.
സതീഷേട്ടൻ തിരിച്ചുപോകുമ്പോൾ ഞാൻ പറഞ്ഞു.
“ഒരുപക്ഷേ എന്റെകയ്യിൽ അന്നത്തെ ഫുൾ ചാർജ്ജ് ആയ 12 രൂപ ഉണ്ടാർന്നേൽ ഒരുപക്ഷേ ഞാനത് കൊടുത്ത് വേഗം വീടെത്താൻ നോക്കിയേനെ” എന്ന്.
“ഇല്ലാത്തതുകൊണ്ടാണു, അത്രേം സാമ്പത്തികമായി പിന്നോക്കം നിക്കുന്നതോണ്ടാണു ഹോസ്റ്റലിൽ നിന്ന് പഠിക്കുക എന്നതൊരു സ്വപ്നം പോലുമാക്കി അവശേഷിപ്പിക്കാതെ എന്നെപ്പോലുള്ളവർ ദിവസം കാലത്ത് ആറരക്ക് ബസ്സുകേറി തിരിച്ച് ഏഴരക്ക് വീട്ടിലെത്തുന്നത്. അമ്മ നാലുമണിക്കെണീറ്റ് ചോറുണ്ടാക്കി പാത്രത്തിലാക്കി തരുന്നത്. ദിവസേന പലപല ബസ്സുകളിൽ തൂങ്ങിപ്പിടിച്ച് 100 കിലോമീറ്റർ യാത്രചെയ്ത് പഠിക്കാൻ പോയിവരുന്നത്.”
മന്ത്രിക്കതോർമ്മയില്ലാഞ്ഞിട്ടാകില്ല.
വെറും മറവി.!
സൗകര്യപ്രദമായ സുഖകരമായ മറവി.!!!!