രചന : ഷിഹാബുദീൻ കന്യാന ✍

സൂര്യനുദിച്ചു പൊങ്ങി
ഇരുട്ട്‌ വഴി മാറുമ്പോൾ
ഓഫീസിലേക്കൊരോട്ടം,
ഓഫീസ്‌ ചെയറിലിരുന്ന്
യാത്രികമായോരോ സ്വിച്ചുകളും
ഓണാക്കിക്കൊണ്ടിരുന്നു.
വൈഫൈ കണക്റ്റായപ്പോഴേക്കും
മെയിലുകളോരോന്നും
നോട്ടിഫിക്കേഷൻ ബാറിൽ മിന്നി മറഞ്ഞു.
ടാസ്ക്കുകളോരോന്നും
കീബോർഡിൽ നൃത്തം വെച്ചു.
എസി തണുപ്പിലിരുന്ന്
വിയർക്കുമ്പോൾ ലഞ്ച്‌ വന്നു.
എന്നും കഴിക്കുന്ന ബിരിയാണിക്കിന്ന്
വേവ്‌ കുറഞ്ഞത്‌ അറിഞ്ഞിട്ടില്ല.
ആയുസ്സിലെ നിമിഷങ്ങളെ
കൊന്ന് തള്ളി മിനുറ്റ്‌ സൂചി
പാഞ്ഞു പോവുമ്പോൾ
ഈവനിംഗ്‌ ടീ ടാബിളിൽ
ഹാജർ വെക്കും.
ചായക്കാരൻ പയ്യൻ
തിരിച്ചു കിട്ടാത്തൊരു
പുഞ്ചിരി തന്ന് മടങ്ങിയത്‌
നിങ്ങളറിഞ്ഞിട്ടില്ല.
കമ്പ്യൂട്ടറിനു മുന്നിൽ
ടാലിയാവാത്ത അക്കങ്ങളെ
ശപിച്ചൊടുവിൽ
വീട്ടിലേക്കൊരു മടക്കം.
ബസിലെ ഡ്രൈവർ മാറി,
കിളിയുടെ കയ്യൊടിഞ്ഞു,
പുതിയ പാലം വന്നു
വഴിയോരത്തെ
ഹോർഡിംഗ്‌ തലകുത്തി നിന്നു.
ഒരു പകൽ മുഴുവൻ
എരിഞ്ഞു കത്തിയിട്ടും
നിങ്ങളിന്ന് സൂര്യനെ കണ്ടിട്ടേയില്ല.
രാത്രി നിലവിനെ പോലും
ഒരു നോക്ക്‌ കാണാതെ
മയക്കത്തിലേക്കൊരു വീഴ്ച്ച.
നിങ്ങളെങ്ങനെയാണിങ്ങനെ
ആരുടെയുമാരുമാകാതെ
ജീവിച്ചു തീർക്കുന്നത്‌…?

By ivayana