രചന : ചാക്കോ ഡി അന്തിക്കാട് ✍

വരണ്ട ചുണ്ടുകളുമായി
അവൾ.
ക്‌ളീൻ ഷേവിൽ
അവൻ.
ലിപ്സ്റ്റിക് നീട്ടി അവൻ:
“ഇതു പുരട്ടിയശേഷം
നിന്റെ ചുണ്ടുകൾ
ഞാൻ കവർന്നെടുത്തോട്ടെ?…
നിനക്ക്
ഈ ലിപ്സ്റ്റിക് സ്വന്തം!”
കിട്ടി…മുഖമടച്ചുള്ള അടി.
ഒന്നാം പ്രണയം-കാമം ചീറ്റി!
കാറിൽ നിന്നിറങ്ങി, ഒറ്റമരത്തണലിലേയ്ക്ക്
അവളെ വലിച്ചടുപ്പിച്ച്
മറ്റവൻ:
“നിന്നെ ഞാൻ
കെട്ടിപ്പിടിച്ചോട്ടെ?”
അവന്റെ കൈകൾ
അവളുടെ കഴുത്തിൽ
പെരുമ്പാമ്പായി!
“നിനക്ക് ഒരു ചുരിദാർ സ്വന്തം.”
അവളുടെ ഇടംകാൽ
അവന്റെ നാഭിയിൽ…
രണ്ടാം പ്രണയം-കാമവും ചീറ്റി!
തലയ്ക്കു മുകളിൽ
സൂര്യൻ,
ഊമയായ ന്യായാധിപൻ,
എല്ലാം വിലയിരുത്തുന്നുണ്ടായിരുന്നു…
“നിനക്ക് വിശപ്പുണ്ടോ?
വല്ലതും കഴിച്ചോ?”
വിയർത്തു കുളിച്ചു
നടന്നു തളർന്ന,
മെലിഞ്ഞ യുവാവ്,
അവളോട്
ആംഗ്യഭാഷയിൽ
ആദ്യമായി ചോദിച്ചു.
അവൾ അവന്റെ
കൈയ്യിൽ
ഒരുമ്മകൊടുത്തു.
മൂന്നാം പ്രണയം,
കാമമാകാതെ
തലയുയർത്തി നിന്നു.
പിന്നീടവർ,
കോമാളി വേഷംകെട്ടി,
ആമയും മുയലും,
കീരിയും പാമ്പും,
കള്ളനും പോലീസും,
അഭിനയിച്ചു തകർത്തു.
കാണികളും
തൊട്ടടുത്ത
ബേക്കറിക്കാരനും
ഒന്നും കൊടുത്തില്ല.
അയാൾ
വളർത്തു പൂച്ചയെ
റൊട്ടി തീറ്റിക്കാൻ
പുറകിൽ
പോയതുകണ്ടപ്പോൾ,
അവർ
കടയിൽ കയറി
റൊട്ടി മോഷ്ടിച്ചു.
കടക്കാരൻ
അന്ധനായതുകൊണ്ട്
ഒന്നും കണ്ടില്ല.
സി.സി.ക്യാമറയിൽ
എല്ലാം പതിഞ്ഞു.
മോഷ്ടിച്ച
റോട്ടിയുമായി
അവരോടി…
ചേരിയിലേയ്ക്ക്…
അവിടെ
കരഞ്ഞു തളർന്ന
രണ്ട് കുഞ്ഞനിയത്തിമാർ
കാത്തിരിക്കുന്നുണ്ടായിരുന്നു.
പഴകിയ
ഷവർമ കഴിച്ചു
കുഴഞ്ഞുവീണ,
സമ്പന്നരായ
കോളേജ്
പ്രണയജോഡികളെയും
വഹിച്ചുള്ള
ആംബുലൻസ്,
ചേരിയിലൂടെ
സിറ്റി ആശുപത്രിയിലേയ്ക്ക്
പാഞ്ഞു.
ഈ രണ്ട് മൂകരായ
അഭിനയപ്രതിഭകളെ,
പട്ടിണിക്കോലങ്ങളെത്തേടി,
ഒരു പോലിസ് ജീപ്പ്
പാഞ്ഞു വന്നു നിന്നു.
ഈ അഭിനയപ്രതിഭകൾ
കൈകൾ
ചേർത്തുപിടിച്ച്,
പുഞ്ചിരിച്ചു…
ജീപ്പിൽ കയറി.
അവരുടെ
കീറിയ
സഞ്ചിയിൽനിന്നും
താഴെവീണ,
ചാർളീ ചാപ്ലിന്റെ പടം,
ഒരു പോലീസുകാരന്റെ
ബൂട്ടിനടിയിൽകിടന്നു
നിലവിളിച്ചു!
നേരത്തെ
പ്രണയം-കാമം
നടിച്ച ആ യുവാക്കൾ,
ഒറ്റരാത്രിയുടെ,
ഒരു പുലർച്ചെയുടെ,
ഒരു സുപ്രഭാതത്തിന്റെ,
ഒരുച്ചയുടെ,
ഒരു സന്ധ്യയുടെ,
കാമുകിമാർക്കൊപ്പം,
മുഖം
തുവാലയിൽ മറച്ച്, കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു…
അന്ന് ആദ്യമായി
യഥാർത്ഥ പ്രണയത്തിന്
പോലീസ് ജീപ്പിൽ,
യഥാർത്ഥ
കാമത്തിനൊപ്പം
ഒരിടം
നിയമപരമായി
പതിച്ചു കിട്ടി.

By ivayana