രചന : ശ്രീകുമാർ എം പി ✍️

ആകാശത്തിലെ നക്ഷത്രങ്ങൾ
മനോഹരം തന്നെ !
എങ്കിലും
അരികിലുള്ള ദീപങ്ങളോളം
അവ നമുക്ക് പ്രയോജനപ്പെടില്ല.
വർണ്ണപ്പകിട്ടാർന്ന കൃത്രിമ
അലങ്കാരപുഷ്പങ്ങൾ നല്ലതു തന്നെ
എന്നാൽ
ഉഷസ്സിൽ വിടർന്ന
യാഥാർത്ഥ്യങ്ങളുടെ പൂജാമലരുകളാണ്
ജീവിതത്തിന്റെ
ശ്രീകോവിലിലേയ്ക്ക് വേണ്ടത്.
പവിത്രമായ പാൽപ്പായസം
സ്വാദിഷ്ഠം തന്നെ !
എന്നാൽ
ദാഹമകറ്റുവാനും ജീവൻ നിലനിർത്തുവാനും
യഥേഷ്ടം കുടിയ്ക്കുന്ന
ശുദ്ധജലത്തോളം പ്രാധാന്യം
അതിനില്ലല്ലൊ.
വിശ്വാസങ്ങളിലും
ആദർശങ്ങളിലും
ആചാരങ്ങളിലും നന്മയുണ്ടാകും
എന്നാൽ
ഒരാളിലെ നന്മ നിർണ്ണയിയ്ക്കപ്പെടുന്നത്
അനുനിമിഷം
അഭിമുഖീകരിയ്ക്കേണ്ടി വരുന്ന
കർമ്മധർമ്മങ്ങളെ
കൈകാര്യം ചെയ്യുന്ന
രീതിയിലൂടെയാണ്.
സങ്കല്പങ്ങളും
ഭാവനകളും
സ്വപ്നങ്ങളും
എപ്പോഴും പ്രചോദിപ്പിയ്ക്കുന്നവ തന്നെ.
എന്നാൽ,
മുന്നിൽ നേർക്കുനേർ
വന്നുനില്ക്കുന്ന യാഥാർത്ഥ്യങ്ങളാണ്
നിത്യജീവിതത്തെ നിർണ്ണയിയ്ക്കുന്നത്.
അവയെ മികവോടെ
പരമാവധി പരിഗണിയ്ക്കേണ്ടതാണ്.
പണവും പദവിയും പ്രശസ്തിയും
പലർക്കും
ജീവിതത്തിന് മാറ്റുകൂട്ടുന്ന
അലങ്കാരങ്ങളാകാം.
എന്നാൽ
അടിസ്ഥാനമാനുഷികഗുണങ്ങൾ
സ്വാഭാവികമായി ഇല്ലായെങ്കിൽ,
മറ്റുള്ളവർക്ക്
അവയൊക്കെ
ഒരു നോക്കുകുത്തിയിൽ
അണിയിച്ചൊരുക്കിയതുപോലെ തന്നെയല്ലെ !

By ivayana