രചന : രവിചന്ദ്രൻ സി ആർ ✍️
ഒരു വിധം നിർബന്ധിച്ചാണ് ബാലേട്ടനെ ഒന്ന് സമ്മതിപ്പിച്ചത്.. കൊറോണ കാരണം കണ്ണന്റെ തിരുനടയിൽ എത്തി ദർശനം നടത്തിയിട്ടു രണ്ടു വർഷമായി. രണ്ടാം ശനി, ഞായർ.. ബാങ്കിന് തുടർച്ചയായി രണ്ട് അവധി ദിനങ്ങൾ.. ഇതുവരെയും പല കാരണങ്ങളും കൊണ്ടു യാത്ര മുടങ്ങിയതാണ്.. എപ്പോഴൊക്കെയോ കൊടിമര ചുവട്ടിൽ നിന്ന് ദർശനം നടത്തിയതാണ്.. ഇപ്പോൾ നിയന്ത്രണങ്ങളോടെ ഓൺലൈൻ ബുക്കിങ്ങ് ചെയ്താൽ കിട്ടുന്ന സമയത്ത് പോയി കണ്ണനെ കാണാം.. ഏറെ പണിപ്പെട്ടു ബാലേട്ടൻ ഒന്ന് ഓൺലൈനിൽ ബുക്ക് ചെയ്യാൻ.
ശനിയാഴ്ച കാലത്ത് എട്ടര ആണ് ദർശനത്തിന് കിട്ടിയ സമയം.. വെള്ളിയാഴ്ച വൈകീട്ട് കിഴക്കേ നടയിലെ “നെന്മിനിവാക” ലോഡ്ജിൽ മുറിയെടുത്തു.. എപ്പോഴും അവിടെ ആണ് റൂമെടുക്കുക.. കാരണം രണ്ടടി വച്ചാൽ കൊടിമരം ആയി.. രാത്രി ഭക്ഷണശേഷം ബാലേട്ടനോട് സൂത്രത്തിൽ ചോദിച്ചു.. “നമുക്ക് നിർമ്മാല്യം തൊഴാൻ പോയാലോ?”
എത്ര കാലമായി നേരാം വണ്ണം ഒന്നു തൊഴുതിട്ട്.. അതായിരുന്നു മനസ്സിൽ.. ബാലേട്ടൻ ദേഷ്യപ്പെട്ടു..
“നമുക്ക് സമയം തന്നിട്ടുണ്ട്.. എട്ടര.. അപ്പോൾ പോകാം..”
എതിർത്തിട്ട് കാര്യമില്ല… ഒന്നു പറഞ്ഞാൽ പിന്നെ മാറില്ല.. മാത്രമല്ല ആരേയും സോപ്പിട്ട് വശത്താക്കി കാര്യം നേടുന്നത് ഇഷ്ടവുമല്ല.. പുള്ളിയുടെ അനിയൻ നേരെ വിപരീതമാണ്.. ഏതെങ്കിലും സെക്യൂരിറ്റിയെ പാട്ടിലാക്കി ക്യുവിലൊന്നും നിൽക്കാതെ അര മണിക്കൂർ കൊണ്ടു തൊഴുതു മടങ്ങും.. ബാലേട്ടന് നേരെ വാ, നേരെ പോ ഇതു മാത്രേ അറിയൂ.. പത്തു മണിക്കു തന്നെ ബാലേട്ടൻ ഉറക്കമായി.. ഇനി ആറു മണിക്കേ ഉണരൂ.. പതിനൊന്നു മണി വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണാ.. കാത്തോളണേ.. രണ്ടു വർഷത്തിന് ശേഷം നിന്നെ കാണാൻ ഞാൻ വരുന്നു.. എനിക്കു നിർമാല്യം തൊഴണമെന്നുണ്ട്..
ഞാൻ വന്നാൽ നീ ദർശനം തരുമോ കണ്ണാ.. ഉറക്കം വരുന്നത് വരെ മനസ്സിലുള്ളതു മുഴുവൻ കണ്ണനോട് പറഞ്ഞു.. രണ്ടു മണിക്കു തന്നെ ഫോണിൽ അലാറം സെറ്റ് ചെയ്തു.. എങ്കിലേ പ്രഭാത കൃത്യങ്ങളും, കുളിയും കഴിഞ്ഞ് ഒരുങ്ങി മൂന്നു മണിക്കു തന്നെ നടയിൽ എത്താൻ ആകു.. മൊബൈൽ തലയിണയുടെ അടുത്തു തന്നെ വച്ചു.. എപ്പോഴോ മയങ്ങി.. ഞെട്ടി ഉണർന്നു.. ഈശ്വരാ സമയം വൈകിയോ?.. അലാറം കേൾക്കാതെ പോയോ.. ഇല്ല.. സമയം കൃത്യം ഒന്നേ മുക്കാൽ…
എന്നും അങ്ങനെ ആണ്… സമയത്തിന് മുന്നേ എണീക്കും.. ഉടനെ പല്ലു തേച്ചു.. ഗീസർ ഓൺ ആക്കി.. ചൂട് വെള്ളത്തിൽ ഒരു കുളി.. വേഗം ഒരുങ്ങി.. രണ്ടേ മുക്കാൽ.. വാതിൽ പുറത്തുനിന്നും പൂട്ടി. നടയിൽ എത്തി.. അത്ഭുതം.. ആരുമില്ല.. ആകെ സെക്യൂരിറ്റി കാരൻ മാത്രം.. എങ്ങും ആരുമില്ല.. രാത്രി പന്ത്രണ്ട് മണി മുതൽ തിക്കും തിരക്കും ഉണ്ടാകേണ്ടതല്ലേ.. നീണ്ട ക്യു പ്രതീക്ഷിച്ച ഞാൻ അമ്പരന്നു.. പി. ലീലയുടെ ജ്ഞാനപ്പാന കേൾക്കുന്നുണ്ട്.. നട തുറന്നിട്ടില്ല.. ഞാൻ സെക്യൂരിറ്റിയോട് സംശയം ചോദിച്ചു.. “അല്ലാ.. എന്താ ആരെയും കാണാത്തത്?”
“കൊറോണ ആയിരുന്നില്ലേ.. കുറച്ചു ദിവസമേ ആയുള്ളൂ ഭക്തരെ അകത്തേക്ക് വിടാൻ തുടങ്ങിയിട്ട്.. സമയം അനുസരിച്ചാണ് ആൾക്കാരെ അകത്തേക്കു വിടുന്നത്.. അഞ്ചു മണിമുതൽക്കെ അങ്ങനെ സമയം നൽകിയിട്ടുള്ളു.. ചേച്ചി എവിടന്നു വരുന്നു?”
” ഞാൻ ശ്രീകൃഷ്ണപുരത്തു നിന്നും വരുന്നു.. നിർമ്മാല്യം തൊഴുതിട്ട് കുറേ വർഷം ആയി.. ഒന്നു തൊഴാൻ പറ്റുമോ? “
“ചേച്ചി ധൈര്യമായി പൊക്കൊളു”
പിന്നെ ഒരോട്ടം ആയിരുന്നു.. ആകെ ഒരു പരിഭ്രമം.. ആരുമില്ല.. നാരായണ ജപങ്ങളുടെ ആരവമില്ല.. അകത്തു ഒന്നു രണ്ടു സെക്യൂരിറ്റിക്കാർ മാത്രം.. നട തുറന്നു.. തെഴുതു നീങ്ങു എന്ന ആക്രോശമില്ല… കൺ നിറയെ കണ്ണനെ കാണുന്നതിനു മുന്നേ പിടിച്ചു തള്ളൽ ഇല്ല.. മേൽശാന്തിയും, കീഴ് ശാന്തികളും കണ്ണനെ ഉണർത്തി കുളിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.. കണ്ണാ.. എന്റെ മനസ്സ് നീ ശരിക്കും അറിഞ്ഞല്ലേ.. ഞാനും രണ്ടു സെക്യൂരിറ്റിക്കാരും മാത്രം തിരുമുന്നിൽ.. നിർമ്മാല്യം, തൈലാഭിഷേകം, വാകച്ചാർത്ത്, ശംഖാഭിഷേകം, സപ്ത ശുദ്ധി അഭിഷേകം എല്ലാം കൺ കുളിർക്കേ കണ്ടു.. ആരും മാറാൻ ആവശ്യപ്പെട്ടില്ല.. കണ്ണാ, കണ്ണാ, കണ്ണാ എന്ന് ആയിരം ആവർത്തി ജപിച്ചു കൊണ്ടേയിരുന്നു ഞാൻ.. നിവേദ്യ പൂജക്ക് നട അടച്ചു.. ഇനി അഞ്ചു മണിക്കു മാത്രമേ ദർശനം ഉള്ളു.. മനസ്സ് തണുത്തു..
നിർവൃതിയോടെ കന്നിമൂല ഗണപതിയെ തൊഴുതു.. ഏത്തമിട്ടു വടക്കേ ഭാഗത്തു കൂടി പുറത്തേക്ക് നടന്നു .. വാതിൽക്കൽ എത്തിയപ്പോൾ ആരോ പിന്നിൽ നിന്നും തോളിൽ തട്ടി.. ഞാൻ ഞെട്ടി..
വീണ്ടും വീണ്ടും തട്ടിയപ്പോൾ ഞാൻ കണ്ണു തുറന്നു… ബാലേട്ടൻ.. ഇതെങ്ങനെ??
എന്താ ഭദ്രേ ഇത്.. നേരം ആറു മണിയായി.. വേഗം കുളിക്കു.. എന്നിട്ട് വേണം എനിക്കു കുളിക്കാൻ…
കണ്ടതൊന്നും സ്വപ്നം എന്നു വിശ്വസിക്കാൻ എനിക്കായില്ല..
ബ്രഷും, പേസ്റ്റും, തോർത്തുമായ് ഞാൻ കുളി മുറിയിൽ കയറി..
എങ്കിലും കണ്ണാ എന്ന് മനസ്സിൽ പറഞ്ഞു…