രചന : അമ്മു ദീപ ✍️
രാത്രിയൊരു നീണ്ട തുമ്പിക്കൈ
ചുരുട്ടിയെടുക്കാറുണ്ടെന്നെ.
പതുപതുപ്പിൽ,ഇളംചൂടിൽ
ആലോലം താലോലം ഞാനുറങ്ങിപ്പോവുന്നു
തുമ്പിക്കൈയുടെ ആനയെ
ഞാനിന്നേവരെ കണ്ടിട്ടില്ല.
ദിക്കുകൾക്കപ്പുറം
നക്ഷത്രം മുട്ടെ ഉയരത്തിൽ
ഞാനതിനെ സങ്കല്പിക്കുന്നു.
അതിൻറെ കൊമ്പുകൾ
ആകാശഗംഗകൾ!
നിന്ന നിൽപ്പിൽ ചിലപ്പോൾ ആന
ഉറക്കംതൂങ്ങും.
തുമ്പിക്കൈ അയയുമ്പോൾ
ദു:സ്വപ്നം കാണും
പിച്ചും പേയും പുലമ്പും
ഞാനപ്പോൾ തുമ്പിക്കയ്യിനെ പൊത്തിപ്പിടിക്കും.
രാവേറെച്ചെല്ലുമ്പോൾ
ഉറക്കം തൂങ്ങി
ഉറക്കം തൂങ്ങി
പിറകിലേക്ക്
പൊത്തോം എന്ന്
ഒറ്റവീഴലാണ് ആന.
ഞാൻ ഞെട്ടി ഉണരലാണ്.
എവിടേക്കാണ്
ആന മറിഞ്ഞുവീഴുന്നത്?
ദിനവും എവിടെ നിന്നാണ്
എണീറ്റുവരുന്നത്?
ആന നിന്നിടത്ത്
പിൻഭാഗത്തായി
സ്വർണനിറത്തിൽ
തിളങ്ങുന്ന സൂര്യപിണ്ടം!
(വാക്കനൽ )