രചന : റഫീഖ് ചെറുവല്ലൂർ✍️
റൂഹിയെന്നു പേരുള്ളൊരു കുഞ്ഞു പൂച്ചക്കുട്ടിയുണ്ടെന്റെ വീട്ടിൽ.
പ്രിയമകനോമനിക്കാൻ,
കൂട്ടു കൂടി കളിരസമൊരുക്കുവാൻ
വലിയ വില കൊടുത്താണു
വാങ്ങിയതവളെ ഞങ്ങൾ.
ഇന്നവളരുമയാണോമന,
പുത്രിയാണെൻ പ്രിയതമക്കും.
പഞ്ഞിക്കെട്ടുപോൽ മാർദ്ധവം,
മനോഹരം അവളുടെ കുഞ്ഞുമേനി.
വെൺപൂടയിളക്കിയവൾ കുണുങ്ങിയാൽ,
ഒന്നു തലോടുവാൻ വിരൽ
തുടിക്കും.
മുട്ടിയുരുമ്മിയൊന്നു നോക്കിയാൽ,
വാത്സല്യത്തോടെയെടുത്തു
മടിയിൽ വെക്കുമാരും.
രുചിയുള്ള മാർജാരഭോജനം,
പിന്നെ വേവിച്ച കോഴിയിറച്ചിയും
പൂച്ചയവൾ പതിയെ നുണയുന്ന നേരം,
ഓർത്തു പോയ് ഞാനെന്റെ ബാല്യകാലം.
പ്രണയത്തോടെന്നെ വിളിക്കുന്ന പേരെന്തേ,
പൂച്ചക്കുട്ടിക്കുമിട്ടെന്നെൻ,
പാതിയുടെ പരിഭവം വേറെ !
സസ്നേഹമവളോടു ഞാൻ
പറഞ്ഞു,
ആത്മാവിൻ ഭാഷ വീണ്ടും
പ്രണയമാണെന്നു പറയുവാൻ
അവൾക്കും ഞാൻ റൂഹിയെന്നു പേരിട്ടു.