രചന : സുനു വിജയൻ✍️
പണ്ടെങ്ങോ കരീബിയൻ കടലിൽ ഉയർന്നു നിന്നിരുന്ന അഗ്നിപർവ്വതം പൊട്ടിയൊഴുകിയ ലാവ ഉറഞ്ഞു വലിയൊരു കരിങ്കുന്നു രൂപപ്പെട്ടിരുന്നു. ആ മലയടിവാരത്തിലെ ചെറിയ ഗ്രാമത്തിലായിരുന്നു ഞാൻ താമസിച്ചിരുന്നത്. മലയടിവാരത്തിലെ കറുത്ത മണ്ണും അവിടെ താമസക്കാരായ തടിച്ച നീഗ്രോകൾക്കും കരിം കറുപ്പു നിറമായിരുന്നു എന്ന് ഞാൻ പ്രത്യേകം എടുത്തു പറയുകയാണ്. കാരണം സാധാരണ ആഫ്രിക്കൻ വംശജരായ കറുത്ത വർഗ്ഗക്കാർക്ക് ഇത്രയും കറുപ്പില്ല എന്നെനിക്ക് തോന്നിയതുകൊണ്ട് ഞാൻ ഇങ്ങനെ പറയുന്നതാണ്.
തടിച്ചു പുറകിലേക്ക് വളരെ തള്ളിനിൽക്കുന്ന നിതബവും, ക്രമാതീതമായി മുന്നിൽ ചുമന്നുകൊണ്ട് നടക്കുന്നതുപോലെ തോന്നിപ്പിക്കുന്ന വലിയ മാറിടവും ഉള്ള, ആറടി ഉയരവും എൺപതു കിലോയിൽ അധികം ശരീര ഭാരവും ഉള്ള സ്ത്രീകളായിരുന്നു ആ മലയടിവാരത്തിൽ താമസിച്ചിരുന്നവരിൽ അധികവും.
പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കിൽ സ്ത്രീകൾക്കുള്ളതുപോലെ ഉന്തി നിൽക്കുന്ന കനത്ത മുലകൾ ഇല്ല എന്നതൊഴിച്ചാൽ കാഴ്ചയിൽ ആണും പെണ്ണും തമ്മിൽ വലിയ വത്യാസം ഉണ്ടായിരുന്നില്ല.
തടിച്ചുതൂങ്ങിയ കറുത്ത വലിയ ചുണ്ടുകളും, നമ്മുടെ നാട്ടിലെ ബോൾപ്പെന്നുകളിൽ കാണുന്ന സ്പ്രിംങ്ങിനെ ലജ്ജിപ്പിക്കുന്ന തരത്തിൽ ചുരുണ്ടു, ചുരുണ്ടു, വീണ്ടും ചുരുണ്ടു തലയോട് പറ്റിച്ചേർന്നു നിൽക്കുന്ന തലമുടിയും, വലിയ വീതിയുള്ള കാൽപ്പാദങ്ങളും, നെറ്റിത്തടവും,മുട്ടിനു മുകളിലും മുട്ടിനു താഴെയും തൂങ്ങിയാടുന്ന മസിലുകളും ആ ഗ്രാമത്തിൽ ആണിനും പെണ്ണിനും ഒരുപോലെയുള്ള ചില സവിശേഷതകൾ ആയിരുന്നു.
ഗ്രാമത്തിൽ എങ്ങും ചതുരാകൃതിയിൽ ഉള്ള തറനിരപ്പുയർന്ന വീടുകളാണ് ഉണ്ടായിരുന്നത്. വീടുകളുടെ മുറ്റത്ത് കടും ചുവപ്പു നിറമുള്ള ധാരാളം പനിനീർപ്പൂക്കളും, വെള്ളയും ചുവപ്പും നിറമുള്ള ഡാഫോഡിൽസ് ചെടികളും പൂത്തുലഞ്ഞു നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു.
ചില വീടുകളുടെ വരാന്തയോട് ചേർന്നു തക്കാളിപ്പഴങ്ങൾ കുലകുലയായി മൂത്തു പഴുത്തു കിടന്നിരുന്നു. ചിലർ വീടുകൾക്ക് മുൻപിൽ നിരനിരയായി കോളിഫ്ലവർ നട്ടുപിടുപ്പിക്കുകയും ബൊക്കകൾ പോലെ അവയിൽ ഇളം മഞ്ഞ നിറമുള്ള കോളിഫ്ലവറുകൾ ഉണ്ടായി നിൽക്കുകയും, അവ ആരും പറിക്കാതെ ഉണങ്ങിപ്പോകുകയും ചെയ്തിരുന്നു.
ജോലിതേടി ഭൂമിയുടെ അങ്ങേ അറ്റത്തുള്ള ഈ കരീബിയൻ കടലിലെ ദ്വീപിൽ ഞാൻ എത്തിയത് എന്റെ ഭാര്യയുടെ നിർബന്ധം മൂലമോ, ഭാര്യ വീട്ടുകാരുടെ കടുത്ത സമ്മർദം മൂലമോ ആയിരുന്നു എന്ന് ഞാൻ നിസ്സംശയം ഇപ്പോൾ പറഞ്ഞാൽ അതാരും അംഗീകരിക്കില്ല എന്നുമാത്രമല്ല എന്നെ ചിലപ്പോൾ പഴിക്കുകയും ചെയ്തേക്കാം. പക്ഷേ എന്നുകരുതി സത്യം മാറി മറിയില്ലല്ലോ.
എന്റെ ഭാര്യാ സഹോദരിയും ഭർത്താവും നാട്ടിലുള്ള അവരുടെ ബാങ്കിലേക്ക് എല്ലാമാസവും ലക്ഷങ്ങൾ അയക്കുന്നത് ചൂണ്ടിക്കാട്ടി, ഒരു കേവലം ഇൻഷുറൻസ് കമ്പനിയിൽ മാനേജറായി സ്വൈര്യ ജീവിതം നയിച്ചിരുന്ന എന്നെ, എനിക്കു കിട്ടുന്ന ചെറിയ ശമ്പളത്തെയും, ഞാൻ താമസിക്കുന്ന ചെറിയ വീടിനെയും പുച്ഛിച്ചു, അതി കഠിനമായ പരിഹാസത്തോടെ എന്റെ ഭാര്യാപിതാവ് സംസാരിക്കുകയും ചെയ്യുന്നത് കേട്ടും , കണ്ടും മടുത്താണ്, വലിയ പണക്കാരനാകാനും, ഭാര്യാ പിതാവ് ആഗ്രഹിക്കും പോലെ വലിയ മണിമാളിക പണിയാനും വേണ്ടിയാണ് അവരുത്തന്നെ മുൻകൈ എടുത്ത് ആ സഹോദരൻ, അതെ എന്റെ ഭാര്യാ സഹോദരീ ഭർത്താവ് ഗാർവ്വോടെ സംഘടിപ്പിച്ചു എനിക്ക് അയച്ചു തന്ന വിസയിൽ ഞാൻ ആ ലാവപൊട്ടിയുറഞ്ഞുണ്ടായ ഭൂ പ്രദേശത്തേക്കു ഒരു ശരണാർത്ഥിയെപ്പോലെ ഒരു ദിവസം മുഴുവൻ വിമാനത്തിൽ യാത്രചെയ്തു എത്തപ്പെട്ടത്.
ഞാൻ താമസിച്ചിരുന്നത് കരീബിയൻ കടലിന്റെ തീരത്തോടടുത്ത ഒരു മലയടിവാരത്തിൽ ആയിരുന്നു എന്നു പറഞ്ഞിരുന്നല്ലോ. ആ മലയിൽ നിറയെ ആരോ ക്രമത്തിൽ നട്ടുപിടുപ്പിച്ചതുപോലെ, എന്നാൽ ആരും നടാതെതന്നെ വരിവരിയായി വളർന്നു നിന്നിരുന്ന നാട്ടുമാവുകൾ സുലഭം ആയിരുന്നു. ഈ അഗ്നിപർവ്വത ദ്വീപിൽ ഈ നാട്ടുമാവുകൾ നട്ടത് ആരായിരിക്കും എന്നുള്ള ചോദ്യം ഇപ്പോഴും എന്നിൽ അവശേഷിക്കുന്നു എന്നിരുന്നാലും, ഈ പറയപ്പെടുന്ന കുന്നിന്റെ പേരായിരുന്നു എന്നെ കൂടുതൽ അതിശയിപ്പിച്ചിരുന്നത്.
ആ കടലിനോട് ചേർന്നുള്ള കുന്നിന്റെ പേര് മങ്കി ഹിൽ അഥവാ കുരങ്ങൻ മല എന്നായിരുന്നു. ആ ഗ്രാമത്തിൽ എന്നല്ല ആ ചെറിയ രാജ്യത്ത് ആരും ഇന്നേവരെ ജീവനുള്ള ഒരു കുരങ്ങനെ സിനിമകളിൽ അല്ലാതെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും ആ കുന്നിന് കുരങ്ങൻ മല എന്ന പേരുവീണു. എത്ര അതിശയകരമാണ് ഈ വസ്തുത അല്ലേ.
തടികൊണ്ടുള്ള ഭിത്തികളുള്ള ഒരു വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. ഞാൻ ഉറങ്ങിയിരുന്ന മുറിയിൽ ഒരു വലിയ ജനാലയും അതിനു ഇളം നീല നിറമുള്ള തിരശീലയും ഉണ്ടായിരുന്നു. ആ ജനാലയുടെ സമീപം ഇരുന്നുകൊണ്ട് കുന്നിൻ മുകളിലെ നാട്ടുമാവിന്റെ ചില്ലകളിൽതട്ടി ഒഴുകി വന്നിരുന്ന കാറ്റേറ്റ് എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന എമിലി ടിക്കണ്സൺ എഴുതിയ കവിതകളുടെ പുസ്തകത്തിൽ നോക്കി ഞാൻ വളരെയുറക്കെ ആ ആംഗലേയ കവിതകൾ ചൊല്ലിയിരുന്നു. അപ്പോഴൊക്കെ ഞാൻ ഇടയ്ക്കിടയ്ക്ക് കരയുകയും, എന്റെ അമ്മയെ മാത്രം ഓർക്കുകയും, എനിക്ക് ഇരുപത്തി അഞ്ചു വയസ്സായതിനു ശേഷവും അമ്മയുടെ കയ്യിൽനിന്നും വാങ്ങിക്കഴിച്ചിരുന്ന ഉരുളകളുടെ രുചിയോർത്തു ഭൂമിയുടെ അങ്ങേയറ്റത്ത് തനിച്ചിരിക്കുന്ന അമ്മയെ ഒത്തിരി സ്നേഹത്തോടെ ഓർക്കുകയും ആശ്ലേഷിക്കുവാൻ കൊതിക്കുകയും ചെയ്തിരുന്നു.
എനിക്ക് ജോലി ലഭിച്ചത് കരീബിയൻ കടലിനോട് ചേർന്നുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ ആയിരുന്നു. രണ്ടായിരത്തി അഞ്ഞൂറ് ഡോളറായിരുന്നു എന്റെ ശമ്പളം.വൈകുന്നേരം ഏഴുമണി മുതൽ പുലർച്ചെ ഒരുമണിവരെയുള്ള ആറുമണിക്കൂർ നേരം ആ വലിയ ഹോട്ടലിന്റെ രണ്ടാംനിലയുടെ കിഴക്കേ അറ്റത്തുള്ള അക്കൗണ്ട്സ് വിങ്ങിൽ രാത്രിയിൽ അക്കൗണ്ടന്റിന്റെ പണിയെടുക്കുവാനായാണ് ഞാൻ നിയോഗിക്കപ്പെട്ടിരുന്നത്.
ആ രണ്ടാംനിലയിൽ രാത്രിയിൽ പ്രവർത്തിക്കുന്ന പല ഡിപ്പാർട്മെന്റുകളും ഉണ്ടായിരുന്നു. പക്ഷെ എല്ലാ ഡിപാർട്മെന്റുകളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമായിരുന്നു ജോലിചെയ്തിരുന്ന്. അതിൽ ഞാനൊഴികെ മറ്റെല്ലാവരും തന്നെ കറുത്തവരായ നീഗ്രോകളായിരുന്നു ഉണ്ടായിരുന്നത്.
കരീബിയൻ കടലിന്റെ വിശാലമായ കടൽക്കരയിൽ കൂടി സായാഹ്നങ്ങളിൽ ഞാൻ ഹോട്ടലിലേക്ക് ജോലിക്കായി പോകുമ്പോൾ മണൽപ്പരപ്പിൽ കറുത്ത നഗ്നമേനികൾ നിന്നും ഇരുന്നും കിടന്നും ഇണചേരുന്നത് എനിക്ക് ഒരത്ഭുതം ഉളവാക്കുന്ന കാഴ്ച ആയിരുന്നെങ്കിലും അതവിടെ ഒരു തികച്ചും സാധാരണ സംഭവമാണ് എന്ന തിരിച്ചറിവ് എനിക്കുണ്ടായത് അൽപ്പം വൈകിത്തന്നെയാണ്.
ഫ്രിഗറ്റ് ബേ- അങ്ങനെയാണ് ആ കരീബിയൻ കടൽ തീരത്തിന്റെ പേര്. ബീച്ചിന് മുന്നിൽ വിവിധ രാജ്യങ്ങളുടെ പതാകകൾ ഏന്തിയ മാരിയറ്റ് ഹോട്ടലിന്റെ ഉയർന്നു നിൽക്കുന്ന കമാനം. അതിന്റെ ഇടതു വശത്തും, പിൻവശത്തുമായി പരന്നു കിടക്കുന്ന പച്ചപ്പരവതാനിപോലെയുള്ള പുൽമേടാണ്.അത് വിശാലമായ ഒരു ഗോൾഫ് ഗ്രൗണ്ടാണ്. ഗോൾഫ് ഗ്രൗണ്ടിനു മുന്നിൽ ബീച്ചിനോട് ചേർന്ന് നിരവധി ബാർബിക്യു ഹട്ടുകൾ ഉണ്ട്. ചിക്കനും, ബീഫും, മട്ടനും, പോർക്കും ചുട്ടുതിന്നു, കരീബിയൻ റമ്മും കുടിച്ചു മദോന്മത്തരായി വിവസ്ത്രരായും, നാമമാത്ര വസ്ത്രധാരികളായും നീഗ്രോ യുവതി യുവാക്കൾ അവിടെ നൃത്തം ചെയ്യുന്നുണ്ടാകും.
കോ ബ്രദറിന്റെ കാറിലായിരുന്നു വൈകുംനേരങ്ങളിൽ ചിലപ്പോൾ ഞാൻ ഹോട്ടലിലേക്ക് ജോലിക്കു പോയിരുന്നത്. സായാഹ്നങ്ങളിൽ ജോലിക്ക് പോകുമ്പോൾ ചിലപ്പോൾ ബീച്ചിൽ പോയിരിക്കാൻ കൊതി തോന്നാറുണ്ടായിരുന്നെങ്കിലും കറുത്തു തടിച്ച നഗ്ന മേനികളുടെ പേകൂത്ത് കാണാൻ തീരെ ഭംഗിയില്ലാതിരുന്നതിനാൽ സമയം ലഭിച്ചാൽ ഗോൾഫ് ഗ്രൗണ്ടിൽ ആകാശം നോക്കി കിടക്കാനായിരുന്നു ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. നഗ്ന മേനികൾ കറുത്തതും തടിച്ചുരുണ്ടതും ആയതിനാലാണോ എനിക്ക് അനിഷ്ടം തോന്നിയിരുന്നത് എന്നു ചോദിച്ചാൽ ഞാൻ എന്തു പറയാൻ.
ഒരു ദിവസം വൈകിട്ട് ഞാൻ ബീച്ചിന്റെ ഓരത്തുകൂടി നടക്കവേ ഒരു നീഗ്രോ യുവതിയുടെ നഗ്നതയിൽ പുണർന്നു നിൽക്കുന്ന ചിറ്റൂർകാരൻ വിശാലിനെ കണ്ടു. ഭാര്യയും ഒരു വയസ്സുള്ള മകനും വിശാലിന്റെ വീട്ടിൽ അതായത് എന്റെ വീടിനു സമീപം തന്നെയാണ് താമസിക്കുന്നത്. നല്ല പളുങ്കുപോലെ സുന്ദരിയായ ആ പെൺകുട്ടി വീട്ടിൽ ഉള്ളപ്പോൾ ഒരാനക്കുട്ടിയുടെ മുകളിൽ ഇവനെന്തിനു മേഞ്ഞു നടക്കുന്നു എന്ന അത്ഭുതമാണ് എനിക്കു തോന്നിയത്.
വിശാലിനെ മാത്രമല്ല കാഞ്ഞിരമറ്റംകാരൻ ജിറ്റോയെയും, ആലുവക്കാരൻ ഫ്രാൻസിസിനെയും, കൊല്ലംകാരൻ നന്ദുവിനെയും പലപ്പോഴും ആ ബീച്ചിൽ നീഗ്രോ യുവതികളുടെ നഗ്നതയിൽ നീന്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ വൈകുംന്നേരങ്ങളിലെല്ലാം അവരുടെ ഭാര്യമാർ വീടുകളിൽ ഭർത്താവിന് കഴിക്കുവാൻ രാത്രിയിലേക്കുള്ള നാടൻ വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലോ, കുഞ്ഞുങ്ങൾക്ക് നാട്ടിലെ കഥകൾ പറഞ്ഞുകൊടുക്കുന്ന നിർവൃതിയിലോ ആയിരുന്നിരിക്കണം.
ദ്വീപിൽ എത്തി രണ്ടു മാസം കഴിഞ്ഞപ്പോൾ എന്റെ ജോലിസ്ഥലത്ത് രാത്രിയിൽ ചിലപ്പോഴൊക്കെ അക്കൗണ്ട് ജനറൽ എത്താറുണ്ടായിരുന്നു. ക്ലൈമെത്ത എന്ന തടിച്ച നാൽപ്പതുകാരിയായിരുന്നു അക്കൗണ്ട് ജനറൽ. അവർ എപ്പോഴും കറുത്ത ഒരു തുണി തലയിൽ ചുറ്റി അതിൽ ഒരു ചുവന്ന റോസപ്പൂ അണിഞ്ഞിരുന്നു. തുറിച്ചു നിൽക്കുന്ന ചെറിയ കണ്ണുകളും, വളരെ വലിയ കവിളുകളും അവർക്കുണ്ടായിരുന്നു..
ധരിക്കുന്ന വസ്ത്രത്തിനു അനുയോജ്യമായ കടുത്ത കളറിലുള്ള ചായം അവർ ചുണ്ടിൽ തേച്ചിരുന്നത് അവരെ കൂടുതൽ വിരൂപയാക്കിയിരുന്നു.
ഒരു ദിവസം രാത്രി എട്ടുമണി കഴിഞ്ഞ സമയം ജോലി ചെയ്തുകൊണ്ടിരുന്ന എന്നെ അവർ അവരുടെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു. ഞാൻ മുൻപ് രണ്ടു തവണ മാത്രമാണ് അവരുടെ ഓഫീസിൽ പോയിട്ടുള്ളത്. ആ രണ്ടു തവണയും പകൽ ആയിരുന്നു.
വളരെ വിശാലമായ ഒരു മുറിയായിരുന്നു അത്. ഭിത്തിയിൽ ക്യുൻ വിക്ടോറിയയുടെയും, ചാൾസ് രാജകുമാരന്റെയും വലിയ ചിത്രങ്ങൾ തൂക്കിയിരുന്നു. നിലത്തു ചുവന്ന പരവതാനി വിരിച്ചിരുന്നു. വലിയ സോഫ ഇരിക്കാൻ ഒരു വശത്തു ഇട്ടിരുന്നു. മേശപ്പുറത്തു പലവിധ ട്രോഫികൾ നിരത്തി വച്ചിരുന്നു. ആ മുറി കണ്ടാൽ അതൊരു കോളജ് പ്രിൻസിപ്പലിന്റെ മുറിയെന്നവണം ദ്യോതിപ്പിച്ചിരുന്നു.
മുറിയിൽ കയറിച്ചെന്ന എന്നെ അവർ ജോലിയുടെ മികവു പറഞ്ഞു അഭിനന്ദിക്കുകയും, അടുത്ത മാസം മുതൽ അഞ്ഞൂറ് ഡോളർ ശമ്പള വർദ്ധനവ് ഉണ്ടാകും എന്നറിയിക്കുകയും ചെയ്തു.
എന്റെ സന്തോഷം കണ്ണുകളിൽ മിന്നിയത് അവർ കണ്ടു. അനന്തരം അവർ എന്റെ അടുത്തെത്തി എന്നെ പുണരുകയും എന്നെ അല്പം ഉയർത്തി എന്റെ ചുണ്ടുകളിൽ ബലിഷ്ടമായി ചുംബിക്കുകയും ചെയ്തു. ഞാൻ ആക്രമിക്കപ്പെട്ടവനെപ്പോലെ ഭയക്കുകയും ആ വൃത്തികെട്ട ചുംബനത്തിന്റെ ഓക്കാനത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. എന്റെ തറവാട്ടു പറമ്പിൽ നിൽക്കുന്ന വൃത്തികെട്ട മണമുള്ള ആഴാന്തൽ പൂവ് കഴിച്ചതുപോലെ തോന്നി അവരെന്നെ ചുംബിച്ചപ്പോൾ.
സോഫയിൽ ഇരിക്കാൻ എന്നെ ക്ഷണിച്ചുകൊണ്ട് അവർ പറഞ്ഞു.
“നിന്റെ ചുണ്ടുകൾക്ക് എത്ര മധുരമാണ്. നിന്റെ ശരീരം എത്ര ചെറുതാണ്. ഒരു പാവയെപ്പോലെ എനിക്ക് നിന്നെ പരിലാളിക്കാൻ തോന്നുന്നു.”
ഭയന്നു നിന്നിരുന്ന എനിക്ക് വേഗം അൽപ്പം വെള്ളം കുടിക്കണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നിയതു എന്താണ് എന്നെനിക്കറിയില്ല. അവരുടെ തടിച്ചു തൂങ്ങിയ ചുണ്ടുകളിലെ തവിട്ടു നിറമുള്ള ലിപ്സ്റ്റിക് എന്റെ മുഖത്തു പടർന്നത് ഞാൻ അറിഞ്ഞിരുന്നു.
ഒരു നിമിഷം ഞാൻ ധൈര്യം അവലംബിച്ചു പറഞ്ഞു
“എസ്ക്യൂസ്‌മി മാഡം “
എന്നിട്ട് ഞാൻ മുറിയുടെ പുറത്തേക്ക് കടന്നു. എന്നിട്ട് ഹോട്ടലിൽ നിന്നും വേഗം വെളിയിൽ വന്നു. കടൽത്തീരത്തുവന്ന് ആ കരീബിയൻ കടൽ വെള്ളത്തിൽ പലതവണ മുഖം കഴുകി. ഫ്രിഗേറ്റ് ബേ കടന്ന്, ഗോൾഫ് ഗ്രൗണ്ടും കടന്ന് ഞാൻ കാറിൽ മലയടിവാരത്തിലെ എന്റെ വീട്ടിലേക്ക് പാഞ്ഞു.
വീട്ടിൽ ചെന്ന് മുറിയിൽ കയറി വീണ്ടും മുഖവും ചുണ്ടും കഴുകി. ആ വൃത്തികെട്ട ആഴാന്തൽ പൂവിന്റെ ഗന്ധവും, ചുവയും, അത് പോകുന്നില്ല.
ജനാലയിലെ നീല തിരശീലനീക്കി ഞാൻ മങ്കിഹില്ലിലെ മാവിൻ ചില്ലകളിലേക്ക് നോക്കി. നേർത്ത നിലാവിൽ അവ ഇളകിയാടുന്നുണ്ടായിരുന്നു. തരളമായ ഒരുകാറ്റ് കുന്നിൻചെരുവിൽ നിന്നും ഒഴുകിയണഞ്ഞു. എമിലി ടിക്കൺസന്റെ കവിതകൾ വായിക്കാതെ ആ രാവിൽ ജനൽപ്പടിയിലിരുന്നു ഞാൻ വാവിട്ടു കരഞ്ഞു.