രചന : അശ്വതി ശ്രീകാന്ത് ✍
വിഷക്കായ തിന്ന്
ചത്തുപോയൊരു
ആട്ടിൻകുട്ടിയെയോർത്താണിന്ന്
ഉറക്കമുണർന്നത്.
നഗരപ്പാച്ചിലുകളിലേയ്ക്ക്
ജനാല തുറന്നിട്ട്
ചായക്കോപ്പ പകുതിയാക്കിയിട്ടും
‘മ്മേ’ന്നൊരു നിലവിളി
മുറി ചുറ്റിയോടുന്നു
പഞ്ഞിക്കെട്ടൊന്ന് കാലുരസുന്നു
ഇറങ്ങിയോടുമ്പോൾ നൂറാംവട്ടവും
അതേ വേരിൽ കാലുടക്കുന്നു
അതേ നോവ്
അതേ നോവെന്ന്
പിടഞ്ഞുപോകുന്നു
കുഞ്ഞേട്ടൻ കൈലി മടക്കി
നിലത്തിരിക്കുന്ന്
ഓർമ്മകളെ
തിരിച്ചിട്ട്
മറിച്ചിട്ട്
ചാവുറപ്പിക്കുന്നു
ആഴത്തിൽ
ആഴത്തിൽ
ആഴത്തിൽ
കുഴിച്ചിട്ടിട്ടും
മുളച്ചു പൊന്തുന്നല്ലോ
വിഷക്കായ വെന്ത ചിരട്ടപ്പാത്രം…
(വക്കനാൽ)