രചന : അനിൽകുമാർ സി പി ✍

ഇതുവരെ എഴുതിയതൊക്കെ മനുഷ്യരെക്കുറിച്ചാണ്. പക്ഷേ, ഇന്നു മുന്നിൽ മറ്റൊരു വാർത്തയാണ്. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് ദുബായ് ഗവൺമെന്റ് ജൂലൈ 1 മുതൽ 25 ഫിൽസ് വീതം ഈടാക്കും. അതായത് ഷോപ്പിങ് ഇനി യാതൊരു തയ്യാറെപ്പുമില്ലാതെ ചെയ്യേണ്ട ഒന്നല്ലാതാകുന്നുവെന്ന്. പുനരുപയോഗത്തിനു പറ്റിയ തുണി സഞ്ചികൾ ഒന്നോ രണ്ടോ, ഷോൾഡർ ബാഗിന്റെ അറയിൽ സൂക്ഷിക്കാം എന്നർത്ഥം! രണ്ടു വർഷത്തിനുള്ളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ പൂർണ്ണമായും അപ്രത്യക്ഷമാകും, അതിനു വേണ്ടിയാണ് സർക്കാറിന്റെ ഈ നീക്കം.

ഇക്കാര്യം വായിച്ചപ്പോൾ ഞാൻ എന്റെ സുന്ദര സുരഭില കൗമാര യൗവ്വന കാലഘട്ടത്തെ വെറുതേ ഒന്ന് ഓർത്തെടുത്തു. അന്ന് സാധനങ്ങൾ വാങ്ങിയിരുന്ന രീതി ഓർത്തു. പഞ്ചസാരയാകട്ടെ, മുളകോ മഞ്ഞളോ റവയോ ആകട്ടെ, അതു കടലാസിൽ പൊതിഞ്ഞു ചണം കൊണ്ടു കെട്ടിയാണു തരിക. ഇങ്ങനെ പൊതിഞ്ഞു തരുന്ന കടലാസ് ചിലപ്പോൾ ഇംഗ്ലീഷ് പത്രത്തിന്റേതാകാം. ഇംഗ്ലീഷ് പത്രം പലചരക്കുകടയിൽ കൊടുത്താൽ മലയാളം പത്രത്തേക്കാൾ വിലകിട്ടും. പല സിനിമപ്പരസ്യങ്ങളും ഞാൻ കണ്ടതും, നോക്കി നിന്നതും പഞ്ചസാരയോ മുളകോ മല്ലിയോ ഒക്കെ പൊതിഞ്ഞു വന്ന പത്രക്കടലാസിന്റെ തുണ്ടിലാണ്.

അമ്മയുടെ കണ്ണുവെട്ടിച്ച് അതിൽ ചില പരസ്യങ്ങൾ രഹസ്യമായി വീണ്ടും കണ്ടാസ്വദിച്ചതും അത്ര എളുപ്പത്തിൽ മറന്നു പോകില്ലല്ലോ. പറയാൻ വന്നത് ഇതൊന്നുമല്ല. അക്കാലഘട്ടത്തിൽ നമ്മുടെ വയലരികിലോ തോട്ടിലോ പുഴയിലോ നാം ഇന്നു കാണുന്ന ഒരു കാഴ്ച തീരെ കണ്ടിരുന്നില്ല. അതായത്, ചെളിപിടിച്ചു പൊന്തിക്കിടക്കുന്ന പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, കീറിയ പല നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ, ബീഡയുടെ കാലിപ്പാക്കറ്റുകൾ… ഇതൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വയലരികിൽ മേഞ്ഞു നടക്കുന്ന പശുക്കളുടെ വയറ്റിൽ പുല്ലിനൊപ്പം പ്ലാസ്റ്റിക് കവറുകൾ ആമാശയത്തിൽ എത്തിയിരുന്നില്ല. ഓടകളും തോടുകളും പ്ലാസ്റ്റിക് അടിഞ്ഞുകൂടി ഒഴുക്കു നിലച്ചതായില്ല.

എന്നാൽ പിന്നീട് വെള്ളയും നീലയും, വെള്ളയും റോസും നിറങ്ങളിൽ ആദ്യമായി പ്ലാസ്റ്റിക് ക്യാരിബാഗുകൾ നമ്മുടെ നാട്ടിലും വന്നു. നമ്മൾ കൊടിതോരണങ്ങൾക്കു പകരം അമ്പതുപൈസ കവർ കൊണ്ടു തോരണം പോലുമുണ്ടാക്കി. അപ്പോഴും പരിസ്ഥിതിക്കാർ പറഞ്ഞു, ഇത് അപകടമാണ് വേണ്ട, വേണ്ട എന്ന്. പക്ഷേ, നമ്മൾ അപകടമാണെന്നറിഞ്ഞു കൊണ്ടുതന്നെ വീട്ടിൽ തുണിസഞ്ചി മറന്നു വച്ച്, പലചരക്കു വാങ്ങാൻ ഇറങ്ങുന്നവരായി. അമ്പതു പൈസ കൊടുത്താൽ ഒരു കവറുകിട്ടും, അതല്ലേ അന്തസ്സ്! ആരാണ് പഴയ തുണിസഞ്ചിയോ കായസഞ്ചിയോ ഉപയോഗിക്കുക? ഛെ, വൃത്തികേട്! നമ്മളെന്താ അണ്ണാച്ചിയോ? അല്ല പിന്നെ!!

പിന്നെ, സൂപ്പർ മാർക്കറ്റുകൾ കടന്നുവന്നു. അതോടെ ഉപ്പു തൊട്ടു കർപ്പൂരം വരെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുകിട്ടാൻ തുടങ്ങി. ഒരു കിലോ പഞ്ചസാരയ്ക്ക് ഒരു കവർ, അങ്ങനെ ഓരോന്നും. പിന്നെ, ഇത് ഒക്കെക്കൂടി വയ്ക്കാൻ വലിയ പ്ലാസ്റ്റിക് ബാഗുകൾ. ഇവയൊക്കെ ഒറ്റത്തവണ കഴിഞ്ഞാൽ പറമ്പിലേക്കു വലിച്ചെറിയും. അതു കാറ്റിൽ പറന്നുപൊങ്ങി പല ദിക്കിലും എത്തും. ചിലപ്പോൾ നമ്മൾ മുറ്റം വൃത്തികേടായി എന്നു പറഞ്ഞ് കൂട്ടിയിട്ടു കത്തിക്കും. എല്ലാം പൂർത്തിയായി അതോടെ! നമുക്ക് നന്നായി അറിയാം പ്ലാസ്റ്റിക് ഒരു പെട്രോളിയം ഉൽപ്പന്നമാണ്, അതു കത്തിച്ചാൽ പുറത്തു വരുന്ന ഡയോക്സൈൻ ഉൾപ്പെടെയുള്ള വിഷവാതകങ്ങൾ ക്യാൻസർ ഉണ്ടാക്കാൻ കഴിയുന്നവയാണ്.

പ്ലാസ്റ്റിക് കത്തിച്ചാൽ അന്തരീക്ഷ മലിനീകരണമുണ്ടാകും. കത്തിക്കാതെ കുഴിച്ചിട്ടാൽ ഒരു പത്തു തലമുറ കഴിഞ്ഞാലും അതിനൊന്നും പറ്റില്ല… ഇങ്ങനെ, പ്ലാസ്റ്റിക് വന്ന കാലം മുതൽ നമ്മൾ ദോഷവശങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നു. അതോടൊപ്പം അതിന്റെ ഉപഭോഗം കുതിച്ചുയരുകയും ചെയ്യുന്നു. സിഗററ്റ് വലി ആരോഗ്യത്തിനു ഹാനികരം എന്നെഴുതിവെച്ച കൂടിൽ നിന്നും സിഗററ്റെടുത്ത് വലിക്കുന്ന അതേ മനോഭാവം തന്നെയാണ് ഇതും. ആരും സിഗററ്റു വലിച്ച ഉടൻ വീണു മരിക്കുന്നില്ല, അതുപോലെ പ്ലാസ്റ്റിക് കത്തിച്ചാലുള്ള ദോഷവശങ്ങളും ഉടനെ കാണാൻ സാധിക്കില്ല. എന്നാൽ ചില പ്രത്യക്ഷ കണക്കുകൾ ഇന്നു നമ്മുടെ മുന്നിലുണ്ട്. അമ്പതു ശതമാനം ഒട്ടകങ്ങൾ മരിക്കുന്നതു പ്ലാസ്റ്റിക് വേസ്റ്റ് ഭക്ഷണത്തിനൊപ്പം ആമാശയത്തിൽ എത്തുന്നതു വഴിയാണ്. 86% ആമകൾ ചാവുന്നതും ഇതേ പ്രശ്നത്തിലാണ്. എന്തിനു പറയുന്നു, കടലിൽ മത്സ്യങ്ങളേക്കാൾ ഏറെ പ്ലാസ്റ്റിക് നിറയുകയാണ്.

ഇതിനൊക്കെ പരിഹാരം എന്ന നിലയിൽ, ബംഗ്ലാദേശ് ആദ്യമേ പ്ലാസ്റ്റിക് നിരോധിച്ചു. ലോക രാഷ്ട്രങ്ങളും ഘട്ടം ഘട്ടമായാണെങ്കിലും ആ വഴിക്കു നീങ്ങുകയാണ്. ശുഭപ്രതീക്ഷയാണ്, ദുബായ് ഗവൺമെൻറും അത്തരത്തിൻ ചുവടുവെച്ചു തുടങ്ങുന്നുവെന്നത്.

നമുക്ക് ഗവൺമെന്റ് നയത്തിനൊപ്പം നിൽക്കാം. കരുതാം ഒരു തുണി സഞ്ചി കൂടി ഷോപ്പിങ്ങിനിറങ്ങുമ്പോൾ. വലുതായി ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ സാരമില്ല, അണ്ണാറക്കണ്ണനെപ്പോലെ ഇത്തിരി സഹായം നമുക്കും പറ്റും. കൈകോർക്കാം കൂടുതൽ മെച്ചപ്പെട്ട ഭൂമിക്കു വേണ്ടി. ഈ ഭൂമി മനുഷ്യന് മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന കാര്യവും നമുക്കോർക്കാം.

By ivayana