രചന : യഹിയാ മുഹമ്മദ്✍

കാക്ക
കറുത്ത ഒരുപക്ഷിതന്നെ
മേനി കറുത്തു പോയതിൻ്റെ
ആകുലതകളോ
വ്യാകുലതകളോ
അതിൻ്റെ
നോട്ടത്തിലോ
നടപ്പിലോ
പ്രകടിപ്പിക്കുന്നേയില്ല
കൊക്ക്
വെളുത്ത ഒരു പക്ഷിതന്നെ
ഉടൽ വെളുപ്പിൻ്റെ
പൊങ്ങച്ചമോ? ധാർഷ്ട്യമോ?
ചിറകടിത്താളത്തിലോ
പറക്കലിൻ്റെ ചടുലതയിലോ അവ
പ്രദർശിപ്പിക്കുന്നുമില്ല
നേരം പുലർന്നാൽ കാക്ക പറന്നു വരും
പതിവുപോലെ കൊക്കും
തോട്ടുവക്കിലോ വീട്ടുവളപ്പിലോ
വല്ലതും ചികഞ്ഞ് ചികഞ്ഞ്
കൊത്തിത്തിന്നും
വിശപ്പൊടുങ്ങിയാൽ
അവ പറന്നു പോവും
ഒരു കാക്കയും വെളുക്കാൻ വേണ്ടി
ഇന്നേവരെ കുളിച്ചിട്ടില്ല
ഒരു കൊക്കും
വെളുത്തത് കൊണ്ട് കുളിക്കാതിരുന്നിട്ടുമില്ല
അവർ തമ്മിൽ
മേനി പറച്ചിലോ
അധികാര മത്സരങ്ങളോ
ദുർവാശികളുടെ
വടംവലികളോ നടക്കുന്നുമില്ല
പറക്കുന്ന
ആകാശവും
ഇരിക്കുന്ന കൊമ്പുകളും
ഇര തേടുന്ന ഭൂമിയും
അവറ്റകൾക്കെന്നും ഒന്നു തന്നെ –
ആരും പകുത്തെടുത്തതുമില്ല.

യഹിയാ മുഹമ്മദ്

By ivayana