മാഹിൻ കൊച്ചിൻ ✍

മണലാരണ്യത്തിന്റെ ഈ വരണ്ട ജീവസ്ഥലികളിലൂടെ ഓരോ സിരകള്‍ ഒഴുകുന്നുണ്ട് ; അറബികടല്‍ കടന്നു അങ്ങകലെ കേരളത്തിന്റെ മണ്ണിലേക്ക്.! ഓരോ പ്രവാസിയും സമയരഥത്തിന്റെ നിമിഷങ്ങളില്‍ ശ്വസിക്കുന്നത് പോലും നാട്ടിലുള്ള ഒരു സ്നേഹത്തിന്റെയോ , ഇഷ്ട്ടത്തിന്റെയോ , വാല്‍സല്ല്യത്തിന്റെയോ , കാരുണ്യത്തിന്റെയോ സ്വാസ്ഥ്യത്തിനു വേണ്ടിയാണ്. ആരെയൊക്കെയോ ഹൃദയമൂറ്റി സ്നേഹിക്കുന്നു എന്ന കുറ്റം ചെയ്തതിനാല്‍ , നാലും, അഞ്ചും , പതിറ്റാണ്ട് മണലാരണ്യത്തിന്റെ അസ്വാതന്ത്ര്യങ്ങളില്‍ തടവില്‍ കഴിയുന്നവന്റെ നെടുവീര്‍പ്പുകളുടെ ആര്ദ്രതയാണ് ഇന്ന് നാം സമ്പന്നതയില്‍ കാണുന്ന ഈ കേരളം തന്നെ…!

പ്രവാസിയെപ്പോലെ നാടിനെ സ്നേഹിക്കുന്നവര്‍ , നാടിന്‍റെ ഉണ്മയും , ഉപ്പും , തിരിച്ചറിയുന്നവര്‍ , സാംസ്കാരിക പൈതൃകം ചെരാത്‌ പോലെ കെടാതെ സൂക്ഷിക്കുന്നവര്‍ മറ്റാരുണ്ട്..?! ജീവിതത്തിനായി ജന്മനാട്ടില്‍ നിന്നു സ്വയം ബഹിഷ്കൃതരായവരാണ് പ്രവാസികള്‍. അവരുടെ കണ്ണീരും , വിയര്‍പ്പും , നോവും , നൊമ്പരങ്ങളുമാണ് ഇന്ന് നാമിന്നു കാണുന്ന സമ്പല്‍സമൃദ്ധിയുടെ ഈ കേരളം….
കേരളത്തിലിറങ്ങിയ ഗള്‍ഫ് പണത്തിന്റെ എത്രശതമാനം സല്‍ക്കാരങ്ങളായും വിദ്യാഭ്യാസത്തിനുള്ള കോഴയായും വലിയ വീടുകളായും സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മേളനങ്ങളായും മാറിയിട്ടുണ്ടെന്ന് ഒരു കണക്കെടുക്കേണ്ടതുണ്ട്. അക്കൂട്ടത്തില്‍ പുതിയകാലത്ത് ഉള്‍പ്പെടുത്തേണ്ടതാണ്

പ്രവാസികളുടെ
ഹൃദയത്തിന്‍റെ കനിവില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലും. വിലാപങ്ങള്‍ക്കുമപ്പുറത്ത് ഒരു പരകായപ്രവേശം കൂടിയാണ് പ്രവാസം. നാടിനെയും , നാട്ടുകാരെയും , നാടിന്‍റെ ആവശ്യങ്ങളെയും ഹൃദയത്തിലേക്ക് പറിച്ചു നടുന്ന പരകായ പ്രവേശം….
പണയപ്പെടുത്തിയ ജീവിതം ഓര്‍ത്ത്. വിതച്ചു തീര്‍ക്കേണ്ട വിത്തുകളും വാരി കാറ്റുപിടിച്ച പായക്കപ്പലിലെ

ദിക്കറിയാത്ത നാവികനെ പോലെ, നരച്ചു തീരും മുമ്പേ തീരമണയുന്നതും കാത്ത്. പഥികരായ് തീരുന്ന ജന്മങ്ങളളാണ് പ്രവാസികള്‍…! നമ്മുടെ നാടിനെ ‍ , വിശേഷിച്ച് മലപ്പുറത്തെ ഒരാധുനിക സമൂഹമാക്കി മാറ്റിയത് , വിദ്യാഭ്യാസ ഉന്നമനം നേടിയവരാക്കിയത് , ആധുനിക ചികിത്സ ലഭിക്കുന്ന വയോജന സമൂഹമുള്ള നാടാക്കി മാറ്റിയത് , Infrastructure സൗകര്യങ്ങള്‍ വര്‍ദ്ധിച്ച നാടാക്കി മാറ്റിയത്. പ്രവാസികളാണ്. അവരാണ് യഥാര്‍ത്ഥ വിപ്ലവകാരികളും , നവോഥാന നായകരും ..!

കടലില്‍ നിന്നു മുത്തും പവിഴവും പെറുക്കി ഉപജീവനം നടത്തിയിരുന്ന ഒരു ജനതയ്ക്കു ചുട്ടുപൊള്ളുന്ന മണല്‍ക്കാടിനടിയില്‍ ലോകത്തെ സമ്പന്നമാക്കുന്നതിനുള്ള അത്ഭുതനിധിയുണ്ടെന്ന സൂചന ആദ്യം നല്‍കിയത്, 1930 കളില്‍ അറബ് ജനത അബൂ നഫ്ത് അഥവാ എണ്ണയുടെ പിതാവ് എന്നു വാത്സല്യപൂര്‍വം വിളിച്ച മേജര്‍ ഫ്രാങ്ക് ഹോംസ് ആയിരുന്നു. ന്യൂസ്‌ലാന്റ് കാരനായ ഭൗമശാസ്ത്രജ്ഞന്‍ മേജര്‍ ഫ്രാങ്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത പട്ടാള സേവനമനുഷ്ടിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തിന്റെ കോര്‍ട്ടര്‍ മാസ്റ്റര്‍ പദവി അലങ്കരിക്കുന്ന കാലം- 1918.

മൊസപ്പൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) സൈനികര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി വരുമ്പോഴാണ് ഭൂമിക്കടിയില്‍ എണ്ണയുടെ ഊറലുണ്ടെന്നു നിരീക്ഷിക്കുന്നത്. താന്‍ കണ്ടെത്തിയ സത്യം ദിവസവും എഴുതുന്ന കത്തുകളിലൂടെ ഭാര്യയുമായി പങ്കുവച്ചു. യുദ്ധത്തിനുശേഷം 1920 ല്‍ ഫ്രാങ്ക് ഗള്‍ഫ് നാടുകളിലേക്കു യാത്ര തിരിച്ചു. മൊസപ്പൊട്ടോമിയന്‍ ഭൂമിയുടെ അടിയില്‍ കണ്ടെത്തിയ നിധി ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടെന്ന് അദ്ദഹം മനസ്സിലാക്കി. ലോകസമ്പദ്‌വ്യവസ്ഥയുടെ ധമനികളിലൂടെ ഒഴുകേണ്ട രക്തമാണ് എണ്ണയെന്നു തിരിച്ചറിഞ്ഞിട്ടാവണം 1922 ല്‍ സൗദി അറേബ്യയിലെത്തി ഇബ്‌നു സഊദുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ കാല്‍ച്ചുവട്ടിനടിയിലുള്ള നിധി ശേഖരത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തത്.

അറേബ്യന്‍ മണ്ണിലെ പെട്രോളിന്റെ ചരിത്രം ഇന്നു മറ്റൊരു ദിശയില്‍ എത്തി നില്‍ക്കുകയാണ്. ലോകത്ത് എണ്‍പത് മില്യണ്‍ ബാരല്‍ പെട്രോള്‍ ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അതിന്റെ എട്ടിലൊന്ന് സൗദി അറേബ്യയില്‍ നിന്നുമാണ്.കഴിഞ്ഞ വര്‍ഷം മാത്രം 15.9 ബില്ല്യന്‍ രൂപയാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിലവിലുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (FDI) മൂന്നിരട്ടി വരും ഈ സംഖ്യ. എന്നിട്ടും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പ് വരുത്താനും കേന്ദ്ര സര്‍ക്കാറിനോ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ കഴിയുന്നില്ല എന്നതാണ് വാസ്തവം….!
നന്മ വറ്റാത്ത പ്രവാസികൾക്ക് നിങ്ങൾക്ക് മുകളിലെ ആകാശം നിറയെ, ശുഭാശംസകള്‍.

By ivayana