രചന : മനോജ്‌ കാലടി✍️

തെക്കിനിയ്ക്കുള്ളിൽ കേൾക്കുന്നുഗദ്ഗദം
കാലം മറന്നൊരു കരുതലിന്റെ.
അമ്മയെപോലെ കരുതലിൻ രൂപമായ്
പോയകാലത്തിന്റെ മൂകസാക്ഷി.

വറുതിതൻനാളിലുള്ളം നിറയ്ക്കുവാൻ
അരുമയോടന്നവൾ കൂടെനിന്നു.
സ്വർണ്ണക്കതിർമണിനെല്ലും വിളകളും
ആദരവോടവളേറ്റുവാങ്ങി.

അഭിമാനമായവളോരോകുടിലിന്ന-
കത്തളം നന്നായലങ്കരിച്ചു.
ഞാറ്റുവേലയ്ക്കൊപ്പമുള്ളം നിറയുമ്പോൾ
പത്തായം നാടിൻ സംസ്കൃതിയായ്.

കാലത്തിനോടൊപ്പംകൃഷിയുംതളർന്നപ്പോൾ
പത്തായം ചിതലിന്നാഹാരമായ്‌.
വീടിന്നകങ്ങൾ പരിഷ്കാരമാകുമ്പോൾ
ഇവയൊക്കെ ദുഃശ്ശകുനങ്ങളായി.

കൃഷിയുംമറന്നു നാം വിത്തുംമറന്നു നാം
വിഷഭോജനങ്ങൾക്കടിമയായി.
പത്തായവയറുകൾ ശൂന്യമായീടുമ്പോൾ
നമ്മൾക്ക് ഉദരത്തിൽരോഗമായി.

സ്മൃതികളെ തഴുകുവാൻശക്തിയില്ലാതെ
ഓർമ്മകൾ ചിതയിലെരിഞ്ഞിടുന്നു.
വിതയ്ക്കാതെയുണ്ണാൻ പഠിക്കുമീകാലത്ത്
കാലത്തിൻ കരുതൽ മറന്നു നമ്മൾ.

മനോജ്‌ കാലടി

By ivayana