രചന : ടി.എം. നവാസ് വളാഞ്ചേരി ✍️
പ്രണയ പൂർവ്വം നേർപാതിയെ കാത്തിരിക്കുന്ന സുന്ദരി പൈങ്കിളിയുടെ കൊച്ചു പരിഭവങ്ങളിലൂടെ ഒരു യാത്ര. ഓരോ കാത്തിരിപ്പും പ്രണയത്തെ എത്രത്തോളം ജീവസ്സുറ്റതാക്കുന്നു എന്ന് കൂടൊരുക്കി കാത്തിരിക്കുന്ന പൈങ്കിളി നമുക്ക് പറഞ്ഞു തരുന്നു.
കൂട്ടിന്നിളം കിളി
കൂടൊരുക്കി പൂമരത്തിൽ കാത്തിരിക്കും പൈങ്കിളി.
കൂട്ടു നിന്റെ പ്രണയ ഗീതം കേട്ടിടാനായെത്തുമോ ?
പൂനിലാമഴ പെയ്ത് തോർന്നത് കൂട്ടറിഞ്ഞിട്ടില്ലയോ ?
സൂര്യനന്തിച്ചോപ്പണിഞ്ഞത് കൂട്ട് കണ്ടിട്ടി ല്ലയോ ?
പൂർണ്ണ ചന്ദ്രപ്രഭ പരത്തും പൂനിലാവിൻ രാവിതിൽ
കൂട്ടതെത്തും കൂട്ട് കൂടാൻ സുന്ദരി പൂ പൈങ്കിളി
കൂട്ട് നിന്നെ അന്നമൂട്ടാൻ തേടിയലയുകയാണവൻ
പാതി നിന്റെ വിശപ്പകറ്റാൻ
ഊരിലലയുകയാണവൻ.
കാറ്റു കൊള്ളാൻ കടലിനരികിൽ പോയതല്ല കൂട്ടവൻ
നീല വാനിൽ ഉല്ലസിക്കാൻ പോയതല്ല കൂട്ടവൻ
കൂട്ടിനുള്ളിൽ പുല്ല് കൊണ്ടൊരു മെത്ത പണിതൊരു പൈങ്കിളി.
ഏറെ വൈകാതോടിയെത്തും കൂട്ടുകൂടാൻ നിൻ കിളി.
കൊക്കുരുമ്മാൻ കഥകൾ ചൊല്ലാൻ ജീവനാം നിൻ പൊൻകിളി
കൂട്ടതെത്തും നേരമിൽ നീ സ്നേഹ മഴയായ് പെയ്തിടു
കൂട്ടവന്റെ ഹൃത്തതിൽ
നീ പ്രണയ ലഹരി പകർന്നിടു
പാതിരാവിൽ കുളിരു കോരി
പൂമഴയായ് പെയ്തിടു.