രചന : ഉണ്ണി കെ ടി ✍️

അറവുശാലയിൽ
ഊഴംകാത്തയവെട്ടിനില്ക്കുന്ന അറവുമാടുകളുടെ
കൂട്ടത്തിൽ എന്നെക്കണ്ട് അതിശയംകൂറി
ചുമലിൽ മായാത്ത നുകതഴമ്പിൽത്തഴുകി
അനുതാപം ചൊല്ലരുത്….,
ഉഴുതുമറിച്ചവയലേലകളിൽ
വിളഞ്ഞ കതിർക്കറ്റകളുടെ കണക്കെടുപ്പിൽ
എന്റെ കിതപ്പലിയിച്ച്
സഹതപിക്കരുതെന്നതൊരു
കേവലപ്രാർത്ഥനയല്ല…!
ദൗത്യനിർവ്വഹണത്തിനിടക്കു മറന്നുപോയത്
ജീവിക്കാനാണെന്ന നിഗമനങ്ങളുടെ മുനകൊണ്ടൊരു
ദുരന്തചിത്രം കോറരുത് ..!
പരാതിയും പരിഭവവും ഒരു പ്രതലത്തിലും
ഞാനടയാളപ്പെടുത്തിയിട്ടില്ല.
കർമ്മകാണ്ഡം
നിബിഢമായിരുന്നകാലം ഉദയാസ്തമയങ്ങളുടെ
ഇടയിൽ നീണ്ടുകിടക്കുന്ന പെരുവഴിയിൽ
ഭാരംനിറച്ചവണ്ടിയും വലിച്ച് വൻകയറ്റങ്ങളിൽ
കിതച്ചിടറുമ്പോൾ
വായുവിൽപുളഞ്ഞ
ചാട്ടവാറിന്റെ
സീൽക്കാരം തളരരുത്
എന്നോരോർമ്മപ്പെടുത്തലായിരുന്നു.
പതിയെ ഇടറിതുടങ്ങിയ ചുവടുകൾ ഭീതിയേറ്റുമ്പോൾ
ഉണർവ്വിലും നിദ്രയിലും ഒരേകിനാവിനെ
പ്രാർത്ഥിച്ചുണർത്തിയതിന്റെ ഫലശ്രുതിയാണീ
അറവുശാല…!!!
ഇതെന്റെ മുക്തിവാടം…!
ഊഴംകാത്തുള്ള ഈ നില്പ്പിലും
ഏറെ സന്തുഷ്ടിയുണ്ട്.
സഫലജന്മത്തിന്റെ
രസക്കൂട്ടുകൾ പകർന്ന
സായൂജ്യം
പുനർജ്ജന്മമോഹമായി
പൂക്കുമെങ്കിൽ ഞാനാദ്യമായി വിധാതാവിനുമുന്നിൽ
മുട്ടുകുത്തും….!
യുഗയുഗാന്തരങ്ങളിലൂടെ
നടന്നപാതകളും തോളേന്തിയ
ചുമടുകളും
പിൻവിളിയാകുമ്പോൾ
ഈ പറുദീസയിലിനിയും ഇരവുപകലുകൾ
തേടിയെന്റെ
കാമനകൾ തീവ്രമാകും…!
വാഴ്വിലുഴവിന്റെ മഹത്വം
ജന്മപുണ്യമായ് നെറുകയിൽ ചൂടി
മറുജന്മപാതയിലിനിയും പിഞ്ചുകാലൂന്നി പിച്ചവച്ചും
പിന്നെ ചുവടുറപ്പിച്ചും ഞാൻ നിവർന്നുനില്ക്കും.

By ivayana