രചന : എസ്.എൻ.പുരം സുനിൽ ✍️
ഓലപ്പഴുതിലൂടൂളിയിട്ടെത്തുന്ന
നീല നിലാവിൻ നുറുങ്ങുവെട്ടം
വട്ടം തെളിച്ചൊരാ പ്രേയസീമാർവ്വിടേ
പറ്റിപതിയുമാ യാമമിങ്കൽ
ചെല്ലക്കരത്താലുഴിഞ്ഞുലഞ്ഞീടുന്ന
മുല്ലപ്പൂഗന്ധമിയലുന്ന തെന്നലിൻ
കള്ളത്തരങ്ങളറിയുകയാകിലോ
കാമിനി നിദ്രയിൽ പുഞ്ചിരിപ്പൂ…?!
കോകില സൗഭഗ രാഗതീരങ്ങളായി
മാകന്ദശാഖികളുല്ലസിക്കും
പാതിരാപ്പൊന്നിൽ തിളങ്ങുന്ന മഞ്ഞുപോൽ
സ്വേദമുറയുമാ മാറിടത്തിൽ
പരതുന്ന കണ്ണിലെ പാരവശ്യങ്ങളെ
വിരുതോടെയേറ്റും വരികളെന്നും
പ്രണയം പനിച്ചു തുടിച്ചു തുളുമ്പിടും
പരിണാമശായിയായി പ്രോത്ജ്വലിക്കാൻ
കറയറ്റ കാമനയ്ക്കുയിരേകും സത്യമായ്
നിറയേണ്ട പുഷ്പിണി മോഹനാംഗി
പ്രിയപാതി പ്രകൃതിയായ് മാറുകിൽ കാവ്യമാം
പ്രകൃതിയിന്നോലക്കുടിലിലെത്തും…!!!