രചന : വിദ്യാ രാജീവ്‌ ✍

റഹീം നാട്ടിൽ വന്നിട്ടിപ്പോൾ 9 വർഷമാകുന്നു. പടച്ചോൻ അവനു നൽകിയ രണ്ടു മക്കളെയും നോക്കാൻ ഉമ്മയേയും ബാപ്പയേയും ഏൽപ്പിച്ചാണ് പോയത്.
ജമീല അവന്റെ പ്രാണനായിരുന്നു. അവർ ഇരുവരും ഇണപിരിയാത്ത പ്രണയ ശലഭങ്ങളായിരുന്നു.സെപ്റ്റംബർ അഞ്ചാം തീയതി ഉച്ചയ്ക്ക് പുഴയിൽ തുണി നനയ്ക്കാൻ പോയതായിരുന്നു. കാലൊന്നു വഴുതി..ജമീല പിന്നെ തിരിച്ചു വന്നിട്ടില്ല.
അവളുടെ മരണം റഹീമിനെയാകെ തളർത്തികളഞ്ഞു.

ഒരു നിമിഷം പിരിഞ്ഞിരുന്നിട്ടില്ല രണ്ടു പേരും. അവൾക്ക് പനിവന്നാൽ പോലും വിട്ടുമാറില്ല കൂടെ ഇരിയ്ക്കും. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവന് ജമീലയേ.
അവളുടെ മരണശേഷം മക്കളുടെ മുഖത്തുപോലും അവൻ ശരിക്കൊന്ന് നോക്കിയിട്ടില്ല. മറ്റൊരു നിക്കാഹിനായ് ഒത്തിരി നിർബന്ധിച്ചു നോക്കി പക്ഷേ അവൻ സമ്മതിച്ചില്ല. ജമീലയുടെ ഓർമ്മകളാൽ അവന് ഭ്രാന്ത് പിടിക്കാതിരിയ്ക്കാൻ അവനെ ഉപ്പ വിദേശത്തേയ്ക്ക് അയച്ചു.പിന്നെ വല്ലപ്പോഴും ഫോൺ വിളിക്കും അത്ര തന്നെ. ആ മക്കളെ കാണുമ്പോൾ നെഞ്ചുപൊടിയും പോലെ തോന്നും ഉമ്മയുടെയും ബാപ്പയുടെയും സ്നേഹമില്ലാതെ വളരുവല്ലേ പാവങ്ങൾ.

ജമീലയുടെ ഓർമ്മകളിൽ നിന്നും വിട്ടകന്ന്‌ റഹീം പൂർണ്ണമായുമൊരു പ്രവാസിയായ് കഴിഞ്ഞു കൂടവേ. വർഷങ്ങൾക്കു ശേഷം ആ മനസ്സിൽ ഒരു പെൺക്കുട്ടി കടന്നു കൂടി. റഹീമിന്റെ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ കുറേ നാളായി വന്നു പോകുന്ന ഒരു ഹിന്ദു കുട്ടി ആവന്തിക. അവളെ കണ്ടമാത്രയിൽ തന്നെ റഹീമിനു വല്ലാത്ത ഇഷ്ടവും ആത്മബന്ധവും തോന്നി. അവളുടെ സംസാരം കേട്ടാലാർക്കും ഇഷ്ടം തോന്നിപോകും അത്രയ്ക്ക് നിഷ്കളങ്കയായിരുന്നു അവൾ. ഹിന്ദുവാണ് ആ കുട്ടി ഉമ്മയും ഉപ്പയും സമ്മതിക്കുമോ അതാണ് പ്രശ്നം എന്നാലും സാരമില്ല.. റഹീമിന് അവളെ ഒത്തിരി ഇഷ്ടായി. കുറച്ചു നാളുകൾ കൊണ്ട് അവർ നല്ല സുഹൃത്തുക്കളായ്. ആവന്തിക എന്തും തുറന്നു പറയുന്ന സ്വഭാവക്കാരിയായിരുന്നു.

അവൾ വിവാഹിതയാണെന്നും, ഒരു മകൾ ഉണ്ടെന്നും ഭർത്താവുമായ് ചില പ്രശ്നങ്ങളാൽ വേർപിരിഞ്ഞു ജീവിക്കുകയാണെന്നുമു ള്ള സത്യം റഹീമിനോട് പറഞ്ഞു.ആ നിമിഷം ആവന്തിക തനിക്ക് ഉള്ളതാണ് എന്ന് റഹീം മനസ്സിൽ ഉറപ്പിച്ചു സന്തോഷിച്ചു.അപ്പോഴും തന്റെ ഇഷ്ടം റഹീം ആവന്തികയോട് തുറന്നു പറഞ്ഞിരുന്നില്ല.അവസരം വരുമ്പോൾ പറയാം എന്ന് കരുതി മാറ്റി വച്ചു. അവളുടെ കണ്ണുകളായിരുന്നു റഹീമിന് ഏറ്റവും പ്രീയം. എന്നും സംസാരിക്കുമ്പോൾ ആ കണ്ണുകളിൽ തന്നെ അവൻ നോക്കുമായിരുന്നു..
ആവന്തികയോട് റഹീം പലതവണ ഫോൺ നമ്പർ ചോദിച്ചു നോക്കി പക്ഷേ അവൾ ഒഴിഞ്ഞുമാറി തന്നില്ല.അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ഇക്ക എന്ന് പറഞ്ഞു.. പിന്നെ അധികം നിർബന്ധിച്ചില്ല..”എന്നാലും റഹീം പലവട്ടം ചിന്തിച്ചു നോക്കി എന്താകും അവൾ ഫോൺ നമ്പർ ചോദിച്ചപ്പോൾ…അങ്ങനെ പറഞ്ഞത്…” വരട്ടെ നോക്കാം…

അങ്ങനെയിരിക്കെ റഹീമിന്റെ ഉപ്പയ്ക്ക് അസുഖം കൂടുതൽ ആണെന്ന് പറഞ്ഞു നാട്ടിൽ നിന്ന് ഫോൺ വന്നിരുന്നു. റഹീമിന് ഉടനെ നാട്ടിൽ എത്തണമായിരുന്നു. ആവന്തികയോട് ഒരു യാത്ര പോലും പറയാൻ കഴിയാതെ പുറപ്പെടേണ്ടി വന്നു. റഹീം നാട്ടിലെത്തിയപ്പോയെക്കും ഉപ്പ മരിച്ചിരുന്നു. ഉപ്പയുടെ മരണശേഷം ഉമ്മച്ചി കിടപ്പിലായ്. മക്കളെ നോക്കാൻ ആരുമില്ലാതെയായി. പിന്നെ വിദേശത്തേയ്ക്ക് തിരിച്ചു മടങ്ങാൻ കഴിഞ്ഞില്ല. ആവന്തികയേ കാണാൻ മനസ്സ് വല്ലാതെ ആശിച്ചു. അവളുടെ സാമീപ്യം റഹീമിന് വലിയ ആശ്വാസമായിരുന്നു. പോരുന്നതിനു മുൻപ് തന്റെ പ്രണയം അവളോട് പറയാമായിരുന്നു എന്ന് പലപ്പോഴും മനസ്സിൽ മന്ത്രിച്ചു കൊണ്ടിരുന്നു.

എന്നും തനിച്ചു കഴിയാനാകും പടച്ചോന്റെ വിധി എന്ന് സ്വയം പഴിച്ചു കൊണ്ട് പിന്നീടുള്ള കാലം മക്കൾക്കായ് ജീവിച്ചു.
ഇന്ന് സെപ്റ്റംബർ 5 ജമീലയുടെ ഇരുപതാം ഓർമ്മദിനം അവളുടെ ഖബറിനടുത്തായ് മറ്റൊരു ഖബറുകൂടി കാണാം … റഹീമിന്റെ.

By ivayana