ഒന്നാം പക്കം
ക്ഷണനേരം മാത്രം
ബാക്കി നില്‍ക്കെ,
കണ്ണടച്ചുറങ്ങുമെന്‍
ജീവിതപാതയിൽ
പുച്ഛിച്ചുതള്ളി
അകന്നവരൊക്കെയും
മന്ദമായ് മൗനമായ്
മനോദുഃഖമഭിനയിപ്പൂ.
നന്മകള്‍ മാത്രം
പതം പറഞ്ഞവര്‍
കറുത്ത പൂക്കളാല്‍
ബലിക്കാക്കയെ
കൊട്ടിവിളിച്ചിടുന്നൂ.
മുഖം പൊത്തി
പതം പറഞ്ഞീടവേയാ
വിരലുകള്‍ കണ്ണുകളെ
മാത്രം മറച്ചിടുന്നില്ല.
ആ കണ്ണുകൾ
മുക്കും മൂലയും
പതിരുകൾ
പരതി നടക്കുന്നു .
അന്ത്യയാത്രയ്ക്ക്
വെള്ളിവെളിച്ചം
വീണു തുടങ്ങി .

രണ്ടാം പക്കം
സമയം ഇല്ലാത്ത
ജനാവലിയുടെ
അറ്റത്തു
കുളിച്ചൊരുങ്ങികിടന്നു.
പുഷ്പാർച്ചനയിൽ
തിരുമുഖം വിളങ്ങി
മയങ്ങി കിടക്കുന്നപോൽ
വരിവരിയായ്
അകലുന്നിതായെന്‍
മനസിന്നേടുകളില്‍
മനനം ചെയ്യാതേറെ
മോഹങ്ങളും
സ്വപ്നങ്ങളും
പ്രതീക്ഷകളും
കഠിനം വെറുപ്പാൽ
വലിച്ചെറിയുന്നു
ഞാനീ ചിരിക്കാത്ത
നിറമില്ലാ പൂക്കളെ.

മൂന്നാം പക്കം
കത്തിയമർന്നിട്ടും
ചിന്തകൾ തരിശായി
കിടക്കുന്ന മണ്ണിനു സമം .
ആളൊഴിഞ്ഞ
പൂരപറമ്പുപോൽ
ശൂന്യമായ സ്വപ്നങ്ങൾ
ചിതയ്ക്കുള്ളിൽ
പൊട്ടിച്ചിരിക്കുന്നു .
ഞെരുങ്ങിയമരുന്നു
നെഞ്ചിൻകൂടുപോൽ
ബിംബകല്‍പ്പനകളില്‍
ചാലിച്ച ലാവണ്യത്തിന്റെ
ചീട്ടുകൊട്ടാരം
തളർന്നു മയങ്ങുന്ന സഖീ .
സഹിക്കുമോ നിലയറിയാതെ
മുങ്ങി താഴ്ന്ന
കറുപ്പേത് വെളുപ്പേത്
എന്നറിയാത്ത ഈ
മഠയന്റെ വേർപാട് .

നാലാം പക്കം
ചൂടാറിയ ചിത
കൊത്തിപ്പെറുക്കി
ബലികാക്ക ചിലച്ചപ്പോൾ
ചിലമ്പിച്ച ശബ്ദത്തിലാ
ആത്മാവു വിളിക്കുന്നു .
“വരിക നീ.
നിന്നെ മറന്നവരെന്‍
ആത്മാവൊരുകുടം
ചാരത്തിലാക്കി.
കഥയില്ലാത്തൊരീ വഷളൻ തിരക്കഥയായിരുന്നോർക്കുക.
മടങ്ങാം നിനക്ക്
ആത്മാവിൻ വെട്ടം
മങ്ങിതുടങ്ങുന്നു “.

അഞ്ചാം പക്കം
മരണാസന്നമുദ്രകൾ
ഏറെ കളിച്ചു ഞാൻ
മടങ്ങിത്തുടങ്ങുന്നു
മണ്ണിന്‍ മാറിൽ നിന്നും
വിണ്ണിലേക്കായ് സഖി .
ഓര്‍ക്കണം നീയെന്നെ ആണ്ടുബലിയ്ക്കായല്ല .
സപ്തദിനങ്ങൾക്കപ്പുറം
നിന്നിൽ ഞാന്‍ മുളയ്ക്കും.
മൃതമാം കനവുകൾക്കവസാന
വരിയായി എഴുതി
വെക്കുന്നിതായീ
വ്രണിതമാനസത്തിന്‍
മരണപത്രം .

ആറാം പക്കം
പലകുറി ചിന്തിച്ചെന്‍
നോവുകള്‍ പുഞ്ചിരിയാക്കി,
മോഹങ്ങള്‍ക്കാര്‍ജവമായ്
നേത്രങ്ങളിലഗ്നിയാക്കി, സുസ്മേരവദനമുയർത്തി
നിവർന്നു നിന്നെന്‍
നിലപാടുകൾ വ്യക്തമാക്കി
കറുപ്പും വെളുപ്പും
നോക്കാതെ മതത്തിന്റെ
കെട്ടുപാടുകളില്ലാതെ
പുനർജനിക്കാൻ
പാകപ്പെടുത്തിയെടുക്കാൻ
ഒരുദിനം.

ഏഴാംപക്കം
പൂര്‍വജന്‍മത്തിന്‍
തീക്കുപ്പായം
അണിഞ്ഞുകൊണ്ടു
പുനര്‍ജന്മമെടുക്കണം.
പോയ് വരാം സഖീ.
ശബ്ദം താഴ്ത്താനും,
ചിറകൊതുക്കാനും,
ചിരിയൊതുക്കാനും,
പൊതിഞ്ഞു പിടിക്കാനും,
അടച്ചു വെക്കാനും,
അടക്കിപ്പിടിക്കാനും
അനുവാദമേകാതെ,
നാരിയും നരജന്മമെന്നോതീ
സഹജീവിയെന്നോതീ,
കാമദാഹത്തിനുള്ളൊരു
മാംസം മാത്രമല്ലെന്നുറച്ചു
സ്ഥാപിച്ചീടുമൊരുശിരുള്ള
പെണ്ണായ് പുനര്‍ജനിച്ചീടണം.

നിന്റെയുള്ളിലെന്‍
അഗ്നിയില്‍ നരനായി
പിറന്നനാരീജന്മമായീ
വിശാല സുന്ദര ലോകത്തു
ചിറകുവീശി പറക്കാൻ
ആർജ്ജവമുള്ള
കരുത്തുറ്റ പെണ്ണായൊരു
നാരീജന്മം .
എന്റെ പുനര്‍ജന്മം

✍🏻സന്തോഷ് പിള്ള

By ivayana