രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ ✍

പകലുമഞ്ഞച്ചുമാഞ്ഞുപോകുമ്പോള്‍
ഇരുട്ടുപടികയറി ഇടറിയെത്തുമ്പോള്‍
കരിന്തിരികത്തുന്ന നിലവിളക്കിന്‍റെ പിന്നിലൊരു
രാമനാമച്ചിന്തു മറഞ്ഞിരിക്കുന്നപോല്‍

ഒഴിഞ്ഞ വാല്‍ക്കിണ്ടി കമിഴ്ത്തിനോക്കുന്നു
ഇറ്റാത്തവെള്ളത്തിനു പകരമൊരുതുള്ളി
കണ്ണുകടഞ്ഞുപൊള്ളിമുറിഞ്ഞുവീഴുന്നു
വെന്തകാല്‍വലിച്ചു നടകയറുന്നു ഞാന്‍

അരത്തിട്ടയിലെ കളഭച്ചാണയിലൊരു
ഗൌളിയിരതേടി വാ പൊളിച്ചിരിക്കുന്നു
ചാരിയ വാതില്‍പ്പുറകിലിരുട്ടിന്‍റെ
നരകഗുഹാമുഖം തുറന്നിരിക്കുന്നു

ഗതികിട്ടാതലയുന്ന ദുരാത്മാക്കളെപ്പോലെ
ചുറ്റും ചലിക്കുന്ന നരച്ച രൂപങ്ങള്‍ക്കിടയില്‍
മിഴിവുവഴിയുന്നൊരാ നിഴലിനെതേടി
നിലതെറ്റിയുഴറുന്നെന്‍ മിഴികള്‍രണ്ടും

കാതില്‍നിറയുന്ന പെരും മുഴക്കങ്ങളായി ,
വിട്ടുപോകാത്ത നോവിന്‍റെ പാട്ടുകള്‍.
കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കിനായി
വട്ടം പിടിച്ചു തളരുന്നെന്‍ കര്‍ണ്ണപുടങ്ങള്‍

ഉറക്കത്തിലേക്കൊരുമാത്ര കൂപ്പുകുത്താന്‍
കണ്ണടച്ചുപിന്നെയും പിന്നെയും കേഴുന്നുഞാന്‍ ,.
കണ്ണിമയ്ക്കാതെ കനവുപൂത്തു നില്‍ക്കുന്നെന്‍,
കണ്‍മുന്നിലൊരു കനിവിന്‍റെപുഞ്ചിരിത്തേറ്റം

മൂര്‍ദ്ധാവിലൊരു മെല്ലിച്ചകൈ പതിയുന്നു
മുടിയിഴകളില്‍ ചുളിഞ്ഞ വിരലുകളിഴയുന്നു
കനച്ചകുഴമ്പുമണം നാസികയില്‍ പടരുന്നു
അമ്മേ വിളിച്ചു ഞാനതിലലിഞ്ഞുചേരുന്നു.

By ivayana