മോഹനൻ പി സി ✍
തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ഈ ബസ് വെയിറ്റിംഗ് ഷെഡ് പണ്ടിങ്ങനെയൊന്നുമായിരുന്നില്ല . തികച്ചും അപരിഷ്കൃതം , സാധാരണം . ഡിഗ്രി പഠനവേളയിൽ എത്രയോ വട്ടം ഫസ്റ്റ് ഷോ കഴിഞ്ഞ് നാലാഞ്ചിറ മാറിവാനിയോസ് ഹോസ്റ്റലിലേക്ക് ബസ്സുകാത്ത് ഞാനിവിടെ നിന്നിരിക്കുന്നു !
എത്ര വൈകിയാലും എനിക്കായി ഒരു ബസ്സെങ്കിലും ഈ സ്റ്റാന്റിലെത്താതിരുന്നിട്ടില്ല .
1979 . സ: ഭുവനേന്ദ്രൻ . KSRTC ജീവനക്കാരനായ അയാൾ നിരത്തിയ ലഘുലേഖകൾ കണ്ടാകൃഷ്ടനായി , സാംസ്കാരികവേദിയിലേക്ക് എന്നിലെ ബാങ്കുദ്യോഗസ്ഥൻ മൂക്കും കുത്തി വീണത്ഇവിടെ വച്ചായിരുന്നല്ലോ .
അയാൾ അന്നിവിടെ നിരത്തിയ നിശിത സത്യങ്ങൾ എത്രമാത്രമെന്നെ പൊള്ളിച്ചു ! പിന്നെത്ര വട്ടം ഞങ്ങൾ , അതായത് ഞാനും പ്രസാദുമെങ്കിലും , സാംസ്കാരികവേദി ലഘുലേഖയുമായി , ഇതേ ബസ് സ്റ്റാന്റിൽ …..
‘ ഡോക്ടറെ ജനങ്ങൾ വിചാരണ ചെയ്തതിനെപ്പറ്റി , മാധ്യങ്ങളിലൂടെ ഒരു പാട് നിങ്ങൾ കേട്ടിരിക്കും . തീവ്രവാദമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള പദ്ധതിയെന്നും മറ്റും മറ്റും …..
ഈ ലഘുലേഖ വാങ്ങി വായിക്കൂ .
ഡോക്ടറെ വിചാരണ ചെയ്ത ഞങ്ങൾക്കെന്താണ് പറയാനുള്ളതെന്ന് നിങ്ങൾക്കറിയേണ്ടെ ? നിങ്ങളറിയണം.. ഈ ലഘുലേഖ വായിക്കൂ …’
‘ ഡോക്ടറെ ജനങ്ങൾ ചികിത്സിക്കുന്നു ‘ എന്ന സാംസ്കാരികവേദി ലഘുലേഖയുമായി എത്രയോ സന്ധ്യകളിൽ ഞങ്ങളീ ബസ്‌സ്റ്റാന്റിൽ വാചാലരായിരിക്കുന്നു !
ഈ സ്റ്റാന്റിൽ നിന്നാണ് ഇടയ്ക്ക് ശംഖു മുഖം ബീച്ചിലക്കും ബസ്സുകയറാറുള്ളത് . ആ ബീച്ചിപ്പോഴുണ്ടോ ? കടലെടുത്തു പോയതായി വായിച്ചു .
ബസ് സ്റ്റാന്റേ , ഇനിയുമൊരിക്കൽ കൂടി സന്ധിക്കുമോ നമ്മൾ ?