രാവിലെ എണീറ്റ് ഡാറ്റ ഓൺ ചെയ്തപ്പോൾ വാട്ട്സ്അപ്പ് ഇൻബോക്സ് അവളുടെ മെസ്സേജുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
“അനന്തൻ ഞാൻ പോകാണ്, എന്നോട് ക്ഷമിക്കണം എന്നല്ലാതെ എനിക്ക് മറ്റൊന്നും പറയാൻ കഴിയില്ല”
“നീ എന്നോട് എന്നോട് ക്ഷമിക്കില്ലേ?, ഞാൻ നിന്നെ വേദനിപ്പിക്കുകയാണെന്ന് അറിയാം. എന്റെ സന്തോഷമാണ് ഞാൻ കളഞ്ഞ് പോകുന്നത്.”
“ഏട്ടന് അവളില്ലാതെ പറ്റില്ല. നല്ലൊരു ഭാര്യ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു പോയി അനന്തൻ.”
“ഇനി നിന്റെ നന്ദന ഇല്ല”
“ജീവിക്കണം തോറ്റ് കൊടുക്കില്ല. മരിക്കണം എന്ന് ആഗ്രഹിച്ചു പോകുന്നു പക്ഷേ കുട്ടികളെ ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല”
“നീ നന്നായിട്ട് ജീവിക്കണം. ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു അതിനും കഴിഞ്ഞില്ല.”
കൺകോണിൽ വന്ന് നിറഞ്ഞ കണ്ണുനീർ ആരും കാണാതിരിക്കാൻ അനന്തൻ തുടച്ചു.
തൊണ്ടയിൽ എന്തോ വന്ന് നിൽക്കുന്നത് പോലെ അയാൾക്ക് തോന്നി. അവൾ പോയി എന്നേക്കുമായി യാത്ര പറഞ്ഞുകൊണ്ട്
നേരം ഏഴുമണിയായി ലേബർക്യാമ്പ് സജീവമായി വരുന്നു. തൊഴിലാളികളുടെ ഒച്ചയും ബഹളവും ചുറ്റുപാടും.
അയാൾക്ക് ചുറ്റുപാടും ഒരുപാട് തൊഴിലാളികൾ ഉണ്ടായിരുന്നു. ഒന്ന് കരയാൻ പോലുമാകാതെ അയാൾ തന്റെ മനസ്സിനെ ഒന്ന് കീഴടക്കാൻ വല്ലാതെ ശ്രമപ്പെട്ടു.
മറുപടിയൊന്നും കൊടുത്തില്ല സത്യം പറഞ്ഞാൽ മറുപടി കൊടുക്കാനുള്ള അർഹത തനിക്കില്ല.
നാലുവർഷങ്ങൾക്ക് മുമ്പാണ് നന്ദന അനന്തന്റെ ജീവിതത്തിലേക്ക് വരുന്നത്. ഈ നഗരത്തിൽ എത്തിപ്പെടുന്നതിന് മുമ്പ് നാട്ടിൽ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂട്ടിൽ അനന്തൻ അധ്യാപകനായിരുന്നു.
അതെ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ നന്ദന ഒരു സ്റ്റുഡന്റായിരുന്നു. നന്ദനയുടെ പഠനം പൂർത്തിയായപ്പോൾ അതെ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ അവൾക്ക് അധ്യാപികയായി ജോലി ലഭിച്ചു.
എല്ലാ അധ്യാപകരും എല്ലാ ദിവസവും ഉണ്ടാവില്ല. ചില ദിവസങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ. നന്ദനയും അനന്ദനും തനിച്ചായിരിന്നു.
അവൻ അധികം സംസാരിക്കാറില്ലെങ്കിലും. അവൾ അവനോട് ഒരുപാട് സംസാരിക്കുമായിരുന്നു.കൂടുതലും അവളുടെ പ്രശ്നങ്ങളായിരുന്നു വിഷയം.
അവളുടെ ഭർത്താവായ പ്രശാന്തിന്റെ മദ്യപാനമായിരുന്നു അവളുടെ ഏറ്റവും വലിയ പ്രശ്നം. ആദ്യമൊക്കെ അനന്തൻ വെറും കേൾവിക്കാരൻ മാത്രമായിരുന്നു.
പിന്നീട് ആശ്വാസവാക്കുകൾ പറയാൻ അയാൾ നിർബന്ധിതനായി. നന്ദന അറിയാതെ തന്നെ അനന്തൻ അവൾക്ക് പ്രശാന്തിനെക്കാൾ പ്രിയങ്കരനായി.
അനന്തൻ അവളെ കൂടുതൽ മനസ്സിലാക്കുന്നതായും സ്നേഹിക്കുന്നതുമായി അവൾക്ക് തോന്നി. മദ്യപാനം ഒഴിച്ച്നിർത്തിയാൽ പ്രശാന്തിനെക്കുറിച്ച് അവൾക്ക് മറ്റ് പരാതികൾ ഇല്ലായിരുന്നു.
പക്ഷേ അനന്തൻ എപ്പോഴും അവളുടെ ജീവിതത്തിൽ പ്രശാന്തിനൊക്കാൾ ഒരു പടി മുമ്പിൽ നിന്നിരുന്നു. ജോലി കിട്ടി ഈ നഗരത്തിൽ എത്തിയിട്ട് നാലുവർഷമായിട്ടും ഇത് വരെ അവളുമായുള്ള ബന്ധത്തിൽ ഒരു വിള്ളൽ പോലും വീണിട്ടില്ല.
നന്ദന ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലിയും വീട്ടിലെ ജോലിയും കഴിഞ്ഞ് അവനായി സമയം കണ്ടെത്തിയിരുന്നു.
പക്ഷേ ഈ അടുത്തകാലത്താണ് കാര്യങ്ങൾ മാറി മറിഞ്ഞറത്.
ഒരുമാസം മുമ്പ് ഒരു ദിവസം അവൾ വിളിച്ചപ്പോൾ അവളുടെ ശബദത്തിൽ ആകെ സങ്കടം തളം കെട്ടി നിൽക്കുന്നത് പോലെ തോന്നി.
“എന്ത് പറ്റി നന്ദന?” അനന്ദൻ ചോദിച്ചു
“ഏട്ടന് ഒരു പെണ്ണുമായി ബന്ധമുണ്ട് അനന്തു..”
“ഒന്ന് പോടി നിന്റെ തോന്നലാവും.”
“അല്ല അനന്തു വാട്ട്സ്അപ്പിൽ മെസ്സേജസ് ഞാൻ കണ്ടു. കോളേജിൽ കൂടെ പഠിച്ച ഒരു പെണ്ണാ. എനിക്ക് ചോദിക്കാനുള്ള അവകാശമൊന്നുമില്ല എങ്കിലും ഏട്ടൻ ഇങ്ങനെയാവുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.”
“കോളോജിൽ ഒരുമിച്ച് പഠിച്ച പെണ്ണ് ഇത്രയും കാലങ്ങൾക്ക് ശേഷം എങ്ങനെ..?”
“ആ പെണ്ണിന്റെ പേര് മിത്രയെന്നാണ്. ഈ അടുത്ത കാലത്ത് ഏട്ടന്റെ കൂടെ ഡിഗ്രിക്ക് പഠിച്ചവരെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു അങ്ങനെ കോണ്ടാക്ട് വന്നതാവും.”
“ഇത് ഒരു പ്രണയം തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?”
“ഉണ്ട് നമ്മളെപ്പോലെ തന്നെ അവരും ഒരുപാട് അടുത്തു”
“ഞാൻ ഇത് ചോദിക്കും അനന്തു ഇല്ലെങ്കിൽ അവൾ ഏട്ടനെ കൊണ്ട്പോകും. എന്റെ കുട്ടികൾക്ക് അച്ഛൻ ഇല്ലാതാവും.”
“മ്ം.” അനന്തൻ മൂളി
“ഞാൻ ചോദിക്കുമ്പോൾ ഏട്ടന്റെ തീരുമാനം അവളോടെപ്പം പോകാനാണെങ്കിൽ ഞാൻ തനിക്ക് ഒപ്പം ഉണ്ടാവില്ല. പിന്നീട് കുട്ടികൾക്ക് വേണ്ടി ജീവിക്കണം. ഒരു ജോലികണ്ട് പിടിക്കണം. പിന്നെ അങ്ങേട്ട് ജീവിക്കാനുള്ള തത്രപ്പാടായിരിക്കും.”
ഒരു പക്ഷേ അവൾ തന്നെ സ്നേഹിച്ച് തുടങ്ങിയപ്പോൾ അയാൾ മറ്റൊരു ബന്ധത്തിലേക്ക് പോകാനുള്ള സാധ്യത അവൾ ഒട്ടും പരിഗണിച്ച് കാണില്ല. ഇപ്പോൾ അവൾക്കും വേദനിച്ച് തുടങ്ങിയിരിക്കുന്നു. അയാൾ ചിന്തിച്ചു.
അതിന്റെ അനന്തരഫലമാണ്. ഇപ്പോൾ വന്ന മെസ്സേജുകൾ. ഒരുപാട് സ്നേഹിച്ച പെണ്ണിനെ വിട്ടുകളയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അനന്തന് മനസിലായി.
ഇത് അവൾക്ക് മാത്രമല്ല തനിക്ക് കൂടി ഒരു പാഠമാണ്. ഒരിക്കിലും തനിക്ക് കിട്ടാൻ സാധ്യതയില്ലാത്ത ഒരു പെണ്ണിനെ മനസ്സിലേക്ക് കയറ്റി വയ്ക്കരുതായിരുന്നു. നിറയുന്ന കണ്ണുകൾക്കൊപ്പം അനന്തന്റെ ചിന്തകൾ ചിന്നിച്ചിതറി.
ഓഫീസിൽ കയറിയിട്ടും നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതായി അയാൾക്ക് തോന്നി.
ഓഫീസിൽ നിന്ന് ഇറങ്ങി അനന്തൻ ഫോണെടുത്ത്. വാട്ട്സ്അപ്പിൽ നന്ദനയുടെ ലാസ്റ്റ് സീൻ നോക്കി. തലേദിവസം രാത്രി പതിനൊന്ന് മണി. തനിക്ക് അവസാനമായി മെസ്സേജ് അയച്ച സമയം.
ചിലപ്പോൾ അവൾ ഫോൺ ഉപയോഗിക്കുന്നുണ്ടാവില്ല. ഫോൺ ഉപയോഗിച്ചാൽ ചിലപ്പോൾ അത് അവൾക്ക് തന്നിലേക്ക് തിരികെ വരാനുള്ള ഒരു സാധ്യതയാകുമെന്ന് കരുതിയിട്ടുണ്ടാവും.
അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അനന്തന് ഉറക്കം വന്നില്ല അർഹതയില്ലാത്ത ഒരു സ്ഥാനമാണ് താൻ നേടിയെടുത്തതെന്ന് അയാൾക്ക് തോന്നി തുടങ്ങി.
നന്ദനയുടെ ശബ്ദം ഒന്ന് കേൾക്കാൻ അനന്തന്റെ മനസ്സ് വല്ലാതെ കൊതിച്ചു. അവന്റെ സങ്കടങ്ങൾ കേൾക്കാൻ പതിവ് പോലെ നന്ദന വിളിച്ചില്ല. കണ്ണീര് കൊണ്ട് അവന്റെ തലയണ നനഞ്ഞ് കുതിർന്നു.
കണ്ണിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരോ തുള്ളി കണ്ണുനീരും അനന്തനോട് പറഞ്ഞു. നിന്റെ നന്ദന ഇനിയില്ല അവൾ മരിച്ചു. ജീവിച്ചിരിക്കുന്നത് പ്രശാന്തിന്റെ നന്ദന മാത്രമാണ്.
(രചന: അനന്തൻ ആനന്ദ്)