ഷാജി ടി ✍

നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ വിലമതിക്കാനാവാത്ത ഒന്നാണ് ബാല്യം. കുപ്പായമിടാതെ ബട്ടൺ പൊട്ടിയ ട്രൗസറുമിട്ട്, അത് അരയിൽ നിന്നും ഊർന്നു വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച്, മൂക്കുമൊലിപ്പിച്ച്, സൈക്കിൾ ടയർ വടികൊണ്ട് തട്ടിതിരിച്ച് ഇടവഴികളിലൂടെ അതിന് പിന്നാലെ ഓടിയ ഓർമ്മകളിൽ നിന്നും തുടങ്ങുന്ന ബാല്യം. മാങ്ങക്കായ് മാവിലേക്ക് കല്ലെറിഞ്ഞും, പട്ടം പറത്തിയും, പൂമ്പാറ്റയെയും തുമ്പിയെയും പിടിച്ചും, ഊഞ്ഞാലാടിയും നടന്ന കുട്ടിക്കാലം..

മഴക്കാലത്ത് വീടിന്റെ കോലായിലിരുന്ന് കടലാസ്‌ വഞ്ചികളുണ്ടാക്കി മുറ്റത്തെ ഇറയത്തെ വെള്ളത്തിൽ ഒഴുക്കി വിട്ടതും വാഴപ്പിണ്ടി കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കിയതും അരയിൽ തോർത്ത് ചുറ്റി കുളത്തിൽ നീന്തൽ പഠിക്കാൻ പോയതും, ഉമിക്കരിയും ഉപ്പും കൊണ്ടുള്ള പല്ല് തേപ്പ്, കാന്താരി കൂട്ടിയുള്ള പഴങ്കഞ്ഞിയുടെ രുചി, നാൽക്കവലകളിലെ മാടക്കടകൾ, വലിയ വെളിച്ചം പകരുന്ന പെട്രോമാക്‌സ് തുടങ്ങി ഒരുപാട് ഓർമ്മകൾ നമ്മെ പഴമയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. മഞ്ചാടിക്കുരു ചിതറിത്തെറിക്കും പോലുള്ള കുസൃതികളും വളകിലുക്കം പോലുള്ള പൊട്ടിച്ചിരികളും നിറഞ്ഞൊരു കുട്ടിക്കാലം.. അതുപോലൊരു കാലം ഇനിയില്ലെന്നുള്ളത് തന്നെയാണ് ആ നാളുകളെ ഇത്ര മനോഹാരമാക്കുന്നത്..

ബാല്യങ്ങൾ കയറാത്ത കുന്നുകളും എറിയാത്ത മരങ്ങളും ഇറങ്ങാത്ത കുളങ്ങളും എത്തിനോക്കാത്ത കൂടുകളുമുണ്ടാകുമോ എന്ന് സംശയമാണ്.. ചിത്രശലഭങ്ങളുടെ പിന്നാലെ പതുങ്ങി പതുങ്ങി നടക്കുന്ന, അപ്പൂപ്പൻതാടി ഊതിപ്പറത്തുന്ന, മഞ്ചാടിക്കുരു പെറുക്കി നിധിപോലെ സൂക്ഷിയ്ക്കുന്ന, ഒരു കുട്ടി നമ്മുടെയൊക്കെ ഉള്ളിലിരുന്ന് ഇപ്പോൾ കരയുന്നുണ്ടാവും.. എങ്കിലും ഒരിയ്ക്കലും തിരിച്ചുകിട്ടാത്ത ആ ബാല്യത്തിന്റെ ഓർമ്മകൾ ഒരു ചാറ്റൽമഴ പോലെ ഇടക്കിടെ നമ്മിൽ പെയ്തു കൊണ്ടിരിക്കും.. ആ ഓർമ്മകളിൽ ചിലതെല്ലാം ഓർത്തെടുക്കുവാൻ ശ്രമിക്കുകയാണിവിടെ..

https://www.youtube.com/watch?v=lzzC8F0pQrk

By ivayana