രചന : സി.ഷാജീവ്, പെരിങ്ങിലിപ്പുറം✍

ഒരു തിര കയറിവരുന്നു.
അതിന്റെ പതകളെ,
സൂര്യപ്രകാശത്തിൽ
വിടരുന്ന വർണങ്ങളെ
നോക്കിനിന്നുപോകുന്നു.
അവ കൊതിയോടെ
ഇങ്ങോട്ടും നോക്കുന്നു.
അറിയാതെ
തിരയിലെ ഓരോ തുള്ളിയിലും
ഓരോ സാമ്രാജ്യവും
ബന്ധങ്ങളും തീർക്കുന്നു.
നക്ഷത്രത്തിളക്കത്തിനു കീഴെ
കാർമേഘം കണക്കേ
ചില തുള്ളികൾ
കറക്കുന്നു,
അകലുന്നു.
അകത്തുനിന്നൊരു തിര
വെളിയിലേക്കുപോകുന്നു.
പല മണങ്ങൾ
ഗുണങ്ങൾ
രുചികൾ
തിരയറിയുന്നു.
ഉത്സവങ്ങളുടെ ചന്തയിൽ
അലയുമ്പോൾ
വീർക്കുന്നുണ്ട് ബലൂണുകൾ.
ഊത്തുകൾ ശബ്ദിക്കുന്നു.
ഐസ്ക്രീം നുണഞ്ഞിരിക്കും
പകലുകൾ.
തിരകൾ വന്നുപോകുന്നു.
ആഘോഷങ്ങളിൽ
പൂവിടുന്ന പുതുചേർച്ചകൾ,
താമസിക്കുന്ന വീടുകൾ,
പ്രിയരുടെ ഉല്ലാസങ്ങൾ,
തിരക്കുകൾ,
യാത്രയിൽ ചേർത്തുവച്ച
കവിതകൾ…
ഒരു നാൾ മനസ്സിലേക്കൊരു
കൂറ്റൻ തിരവന്നാഞ്ഞിടിച്ചപ്പോൾ
മുൻതിരകൾ വ്യാജനെന്നും
കണ്ടത് ‘മാജിക് ഷോ’യെന്നും
തിരയടങ്ങിയ ബോധ്യം.
ബലൂണുകൾ
ഉത്സവങ്ങൾ
വീടുകൾ
കവിതകൾ… ഇവയുടെ
ചേർച്ചകളൊക്കെയും
ചോർച്ചകളായിരുന്നെന്ന്
ചോരാതെ തിരയടിക്കുന്നു.
തീരത്തരിച്ചിറങ്ങും
നഷ്ടങ്ങളുടെ വെയിൽ.
തീരമണൽ കടന്ന്
തിരയില്ലാത്ത
ശാന്തമായ ആഴക്കടൽ തേടി
മുറിവേറ്റ കാലുകൾ
നീങ്ങുന്നു വേഗം.
തിരകൾ വിവിധരീതിയിൽ
ഇടവേളകളിൽ വന്നുപോകുന്നത്
ഇപ്പോൾ വ്യക്തമായി കാണാം.
കടലാഴത്തിന്റെ സ്വസ്ഥതയിലിരുന്ന്
വെറുതെ കണ്ടുരസിക്കാനിങ്ങനെയും
കുറേ തിരകൾ.
അവ സൂര്യപ്രകാശത്തിൽ
വല്ലാതങ്ങു തിളങ്ങുന്നു…!

സി.ഷാജീവ്

By ivayana