രചന : സണ്ണി കല്ലൂർ✍

അരനൂറ്റാണ്ട് മുൻപ് പോലീസിനെ ജനങ്ങൾക്ക് പേടിയായിരുന്നു. വല്ല കേസിലൊക്കെ ചെന്നു പെട്ടാൽ പിന്നെ നാണക്കേട്. നാട്ടുകാർ മറക്കുകയില്ല, എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും, മക്കൾക്കും പേരുദോഷം..
മണൽ, ക്വാറി, സൈബർ കുറ്റകൃത്യങ്ങളൊന്നും അന്ന് ഇല്ല. കൈക്കൂലി കിട്ടാനുള്ള സാദ്ധ്യത കുറവ്.

തേങ്ങാ, വാഴക്കുല മോഷണം, കള്ളുഷാപ്പിലെ അടിപിടിക്കേസ്, വല്ലപ്പോഴും ഒരു കുത്തുകേസ് വഴി, അതിർത്തി തർക്കങ്ങൾ, കുടുംബവഴക്ക്, മദ്യപാനം മൂലംവരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ്, പിന്നെ ഓണം ഉൽസവങ്ങൾ പെരുന്നാൾ, , ശിവരാത്രി സമയത്തെല്ലാം കുറച്ചു ദിവസം പോലീസുകാർ അവിടെ ഡ്യൂട്ടിയായിരിക്കും.

കാക്കിനിറം, കൂടെ പച്ചയും ചുവപ്പുമായ കൂമ്പൻ തൊപ്പി, വലിയ ബട്ടൻസ് പിടിപ്പിച്ച കാക്കിഷർട്ട്, മുട്ടുവരെയെത്തുന്ന കളസം, രണ്ടും ഇടിവെട്ട് പോലും ഏൽക്കാത്ത കട്ടിയുള്ള കാക്കിതുണി, അരയിൽ ബെൽട്ട് തോളിൽ നമ്പറും വിസിലും, വള്ളിചെരുപ്പ്, കണ്ണമുതൽ മുട്ടിന് താഴെവരെ ഇളം പച്ചനിറത്തിലുള്ള കമ്പിളിപോലുള്ള തുണി ചുറ്റിയിരിക്കും, പട്ടികടിയേൽക്കാതിരിക്കുന്നതിനും മുൾചെടികളിലൂടെ ഓടുമ്പോൾ പരിക്ക് പറ്റാതിരിക്കാനും ആയിരിക്കണം. അവസാനം മുള കൊണ്ടുള്ള ലാത്തി.
പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ മാത്രമേ അന്ന് വാഹനങ്ങൾ ഉണ്ടായിരുന്നുള്ളു. ജീപ്പുകൾ.. ആണ് ഉപയോഗിച്ചിരുന്നത്

ഇന്നു കാലം മാറി.. ലോകത്ത് ഒരിടത്തും കേൾക്കാത്ത ക്രൂരകൃത്യങ്ങൾ ദൈവത്തിൻറ സ്വന്തം നാട്ടിൽ.. മനുഷ്യനെ പച്ചക്കറിക്ക് അരിയുന്നതു പോലെ വെട്ടിനുറുക്കുക, വഴിയിൽ കിടക്കുന്ന അവയവങ്ങൾ..
എന്തു കൊണ്ട് മനുഷ്യൻ ഈ രീതിയിൽ അധഃപതിക്കുന്നു.
പാചകം ചെയ്യുന്നതിനിടയിൽ ഉള്ളിയോ സവാളയോ ഇറച്ചിയോ മുറിക്കുമ്പോൾ വിരൽ അൽപം മുറിഞ്ഞാൽ പലരും സഹിക്കില്ല, രണ്ടു മൂന്നു ദിവസം പൊതിഞ്ഞു കെട്ടി നടക്കും എപ്പോഴും അതേലായിരിക്കും നോട്ടം. മൂർച്ചയുള്ള കത്തി കാണുമ്പോൾ തന്നെ പേടി തോന്നും…

കാലത്തിനൊത്ത് മനുഷ്യൻ മാറുന്നില്ല. അക്രമം ഒരു തൊഴിലായി സ്വീകരിച്ചവർ, അവർക്ക് എല്ലാ സഹായവും ചെയ്യുന്നവർ. രണ്ടാമത് ഒരു കുറ്റകൃത്യം നടത്തിയാൽ എങ്ങിനെയെങ്കിലും അതിൽ നിന്നും രക്ഷപെടാം എന്ന ആത്മവിശ്വാസം. കേസ് കാൽ നൂറ്റാണ്ട് നീണ്ട് പോകും. ഗൾഫിൽ കുറ്റകൃത്യം നടത്തിയാൽ ഒന്നോ രണ്ടോ മാസത്തിനകം വിവരമറിയും.. അതുകൊണ്ട് അക്രമത്തിന് ആരും തുനിയില്ല.

പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളം, മാനുഷ്യരെല്ലാരും ഒന്നുപോലെ സുഖത്തിലും സമ്പത്തിലും സമൃദ്ധിയിലും കഴിഞ്ഞ നല്ലനാളുകൾ മാവേലിയുടെ ഭരണകാലം, ഓർമ്മക്കായി നമ്മൾ ഓണം ആഘോഷിക്കുന്നു
സസ്യ ശ്യാമള കോമള പരിമള കുമ്പളങ്ങ, എന്നൊക്കെ കവികൾ പറഞ്ഞു. ഇതൊക്കെയാണ് ചെറുപ്രായത്തിൽ തലയിലേക്ക് അടിച്ചു കയറ്റുന്നത്. കേരളം മനോഹരമാണ് യാതൊരു സംശയവും ഇല്ല.

ഒരു നൂറു വർഷം മുൻപ്.. ഇവിടെ ഉണ്ടായിരുന്ന ദുരാചാരങ്ങൾ തീണ്ടലും തൊടീലും മേൽജാതി കീഴ്ജാതി, മാറുമറക്കൽ തുടങ്ങിയുള്ള വൃത്തികേടുകൾ, തിളച്ച എണ്ണയിൽ കൈ മുക്കൽ, തൂക്കികൊല, കഴുത്തുവെട്ട് തുടങ്ങിയ കലാപരിപാടികൾ, കൈയ്യൂക്കുള്ളവന് എന്തും ചെയ്യാനുള്ള അധികാരം, സ്ത്രീ വിശേഷങ്ങൾ വിവരി്ക്കുന്നില്ല. ഈ ചരിത്രമൊന്നും നമ്മളോട് ആരും പറഞ്ഞു തന്നില്ല. പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കി മറ്റൊരു സുന്ദരമായ ചിത്രം മനസ്സിൽ പ്രതിഷ്ഠിക്കുകയായിരുന്നു.

അന്നത്തെ മനുഷ്യരുടെ മൂന്നാം തലമുറയെയാണ് ഇന്ന് നമ്മൾ കാണുന്നത്.
ദുരാചാരങ്ങൾ നിയമം മുഖേനെ നിരോധിച്ചെങ്കിലും മറ്റൊരു രൂപത്തിലും ഭാവത്തിലും ഇന്നും തുടരുന്നു. ഇന്നത്തെ ക്രൂരകൃത്യങ്ങൾ ഉദാഹരണം.
ലോകം മുഴുവനും മതവും വിശ്വാസവും മാറ്റി നിർത്തി സാങ്കേതികവും സാമ്പത്തികവുമായി ഒരോ നിമിഷവും മുന്നേറികൊണ്ടിരിക്കുന്നു. ഇവിടെ മാത്രം പത്തിരട്ടിയായി മതം വളരുന്നു,

ഏതാനും വർഷം മുൻപ് ഉദ്ദേശം നാൽപതുപേരുടെ മലയാളി ഗ്രൂപ്പ് യൂറോപ്പിൽ തീർത്ഥാടനത്തിന് പോവുകയാണ്. രണ്ടു മണിക്കൂർ വിമാനയാത്ര, അത് കഴിഞ്ഞ് നാല് മണിക്കൂർ ബസ്സ്.
വിമാനം ഉയർന്ന് പൊങ്ങി, യാത്രക്കാർ സീറ്റു ബെൽട്ട് അഴിച്ചു. നൂറിലധികം പേർ ഉണ്ടാകണം, വിലകുറഞ്ഞ സർവീസ് ആയതു കൊണ്ട് സീറ്റ് ഒഴിവില്ല. ചെറിയ വിമാനം..
ചിലർ ഉറങ്ങാനുള്ള ശ്രമം, ചെറിയ കുട്ടികൾ കരച്ചിൽ നിർത്തിയിട്ടില്ല, പലനാട്ടുകാർ പലഭാഷക്കാർ, യാത്രചെയ്തു ക്ഷീണിച്ചവരും ജോലിക്കാരും വിമാനത്തിൽ നിന്നും എന്തെങ്കിലും കുടിക്കാൻ കിട്ടുമോ എന്ന് ആലോചിച്ചിരിക്കുന്നു.

പൊടുന്നനവേ ഒരാൾ ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി.. മലയാളമാണ് കൊന്തമനസ്ക്കാരം, അൻപത്തിമൂന്നുമണി ജപം എന്നു പറയാം. പിന്നാലെ ഒരു പത്തു മുപ്പതു പേരെങ്കിലും പ്രാർത്ഥനയിൽ പങ്കു ചേർന്നു. മറ്റുള്ള ജനങ്ങൾ ഇവർ എന്താണ് പറയുന്നതെന്ന് അറിയാതെ അന്തം വിട്ടിരിക്കയാണ്. എയർ ഹോസ്റ്റസ്മാർ രണ്ടു പേർ ഇത് കേട്ട് മുന്നിലേക്കും പിന്നിലേക്കും നടക്കുന്നുണ്ടെങ്കിലും ഇടപെട്ടില്ല.
ശബ്ദം കൂടി കൂടി വന്നു. മുക്കാൽ മണിക്കൂർ തലക്ക് സ്വൈര്യം കിട്ടിയില്ല. പിന്നെ..നിശ്ശബ്ദത… അവസാനിച്ചെന്ന് കരുതി. അങ്ങനെയിരിക്കുമ്പോൾ ആകാശത്തുനിന്നും വരുന്നതുപോലെ ഒരു കക്ഷി പാട്ടു തുടങ്ങി.. നല്ലമാതാവിൻറ പാട്ട്, കൂട്ടുകാരും വിട്ടുകൊടുത്തില്ല. അലറി വിളി.

കൂട്ടകരച്ചിൽ പോലെ തോന്നി…. മരണവീട് മനസ്സിൽ തെളിഞ്ഞുവന്നു.
നാട്ടിൻ പുറത്ത് ആരെങ്കിലും മരിച്ചാൽ പിറ്റേ ദിവസമായിരിക്കും ശവമടക്കൽ.. ഇന്നത്തേ പോലെ യാത്രാസൗകര്യമില്ല, ബന്ധുക്കളും പരിചയക്കാരും ബോട്ടിലും വഞ്ചിയിലും ഒക്കെയാണ് വരുന്നത്.
മൃതദേഹത്തിനരികിൽ ഇരുന്ന് പതം പറഞ്ഞ് ഉറക്കെ നെഞ്ചത്തടിച്ച് കരയുന്ന ഒരു കൂട്ടരുണ്ട്, ചേടത്തിമാരായിരിക്കും.
മത്തായിച്ചൻചേട്ടൻ കൂട്ടുകാരൻ തട്ടിപോയതറിഞ്ഞ് വാസ്തവമാണോ എന്നറിയാൻ പതുക്കെ നടന്ന് പന്തലിലേക്ക് വരുന്നു…
ഇതുവരെ ഷർട്ടും ചെരുപ്പുമിടാത്ത ചങ്ങാതി വെളുത്ത ഷർട്ടും മുണ്ടും കറുത്ത് തിളങ്ങുന്ന ഷൂസും മുഖത്ത് കുട്ടികൂറാ പൗഡറുമിട്ട് അനങ്ങാതെ പെട്ടിക്കകത്ത് കിടക്കുന്നു.

രംഗം ചൂടു പിടിച്ച് പൊട്ടിതെറിച്ച് മുകളിലെ ടർപായ അനങ്ങുന്നു.
അയ്യോ.. ദേ കൂട്ടുകാരൻ വന്നേക്കണ കണ്ടാാ….. ഒരു ചേടത്തി പെട്ടിയിൽ കിടക്കുന്ന ആളിനെ പിടിച്ച് കുലുക്കി കരയേണ്.
രണ്ടു പേരും കൂടി ശിവരാത്രിക്ക് പോയപ്പോ പോലീസ് പിടിച്ച് അകത്തിട്ടില്ലേ, എനിക്ക് ഓർക്കാൻ വയ്യേ…. കിടക്കണ കിടപ്പ് കണ്ടാ.. കൂട്ടുകാരത്തി ചേടത്തി…അലമുറയിടുന്നു.
ധൈര്യവാനായ മത്തായിച്ചൻചേട്ടനും കൂട്ടുകാരനുമായി പണ്ട് ചെയ്തു കൂട്ടിയ തമാശകൾ ഓർത്ത് അവസാനം കരഞ്ഞു പോയി..
രണ്ടു പേർ പുളളിയെ പിടിച്ചു കസേരയിലിരുത്തി പത്രകടലാസ് കൊണ്ട് വീശി.. കുറച്ചു കഴിഞ്ഞപ്പോൾ പിന്നാമ്പുറത്ത് കൊണ്ടു പോയി ഒരു ചെറുത് പിടിപ്പിച്ചു. മത്തായിച്ചൻചേട്ടൻ പൂർവ്വസ്ഥിതിയിലായി.

വിമാനത്തിലെ പ്രാർത്ഥനക്കാർ ഒരു മണിക്കൂറോളം ജനങ്ങളെ വലച്ചു കളഞ്ഞു. കുഴലു പോലെയുള്ള വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപെടാൻ കഴിയില്ലല്ലോ…
ഇതിനിടക്ക് പൈലറ്റ് അരമണിക്കൂറിനകം ഇറങ്ങാൻ പോകുകയാണെന്ന് പറഞ്ഞതും പ്രാർത്ഥനയും പാട്ടും അവസാനിച്ചു. മഴപെയ്ത് തോർന്നതു പോലെ സമാധാനമായി.
ആർക്കെങ്കിലും പ്രാർത്ഥിക്കണമെങ്കിൽ മനസ്സിൽ പ്രാർത്ഥിച്ചാൽ പോരെ .. അസമയത്ത് പാവം മറ്റു യാത്രക്കാരെ ശല്യപ്പെടുത്തണമോ… കപടഭക്തിക്കാർക്ക് സ്ഥലകാല ബോധമൊന്നും ഉണ്ടാവില്ല.
എൻറ മറ്റൊരനുഭവം പറയുകയാണെങ്കിൽ..

ചെറുപ്പം, പൊടിമീശയും കൃതാവും ഫിറ്റ് ചെയ്ത് ജോലി അന്വേഷിച്ചു നടക്കുന്ന കാലം…ഗൾഫ് വരുന്നതിന് മുൻപ് മലയാളികൾ ബാംഗ്ളൂർ, ബോംബെ, ഡൽഹി ഇവിടെയൊക്കെയാണ് ജോലി കണ്ടെത്തുന്നത്..
പഴയ ഡെൽഹിയിൽ എനിക്ക് ഒരു ചെറിയ ജോലി കിട്ടി.. താമസിക്കുന്ന സ്ഥലത്തുനിന്നും ഒന്നരമണിക്കുർ ട്രെയിൻയാത്ര.
രാവിലെ പാസ്സഞ്ചർ വണ്ടിയിൽ കയറും നിറയെ ആളുകൾ ഉണ്ടാകും. ജനലും വാതിലും തുറന്നു കിടക്കും എല്ലാ സ്റ്റേഷനുകളിലും നിർത്തിയാണ് പോകുന്നത്. ഒരു പ്രത്യേക താളത്തിൽ ആടിയാടി രസമായിട്ടാണ് യാത്ര.

ആരെങ്കിലും ശ്രീരാമനെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനം.. അല്ലെങ്കിൽ ഹനുമാൻ ചലീസ…. പാടാൻ തുടങ്ങും.. നമ്മൾ അറിയാതെ തന്നെ മനസ്സിൽ ആ പാട്ട് പാടി പിൻതുടർന്നുകൊണ്ടിരിക്കും. സ്കൂൾ കുട്ടികളും പണിആയുധങ്ങളേന്തിയ കൃഷിക്കാരും സ്ത്രീകളും വലിയ ഉദ്യോഗസ്ഥരും പ്രായഭേദമന്യേ ഓരേ സ്വരത്തിൽ കൂടെ പാടും. ഇതിനിടക്ക് യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്യും. പാട്ടുകാർ ആരേയും ശല്യപ്പെടുത്തുന്നില്ല. കേൾക്കാൻ ഇഷ്ടമില്ലാത്തവർക്ക് അടുത്ത കമ്പാർട്ടുമെൻറിലേക്ക് പോകാവുന്നതേയുള്ളു.

ഒരു വശത്ത് മഥുരാ റോഡ്, ഇരുവശവും വലുതും ചെറുതുമായ കമ്പനികളും ഫാക്ടറികളും അതിലെല്ലാം മലയാളികൾ കുറഞ്ഞ ശമ്പളത്തിൽ രാത്രിയും പകലും ജോലി ചെയ്യുന്നുണ്ടാവാം…
പച്ചവിരിച്ച പാടങ്ങൾ , ചെറു റോഡിലൂടെ പോകുന്ന കുതിര.. കാള വണ്ടികൾ, സാരിതുമ്പു കൊണ്ട് മുഖം മറച്ച് നടന്നു പോകുന്ന സ്ത്രീകൾ.. പൂക്കളും മരങ്ങളും.. വല്ലപ്പോഴും കാണുന്ന മയിലുകൾ കലപിലകൂട്ടുന്ന പച്ചതത്തകൾ, മാവിൻ കൂട്ടങ്ങൾ, രാവിലത്തെ നേരിയ മഞ്ഞും പ്രകൃതിയും.. ഇളം കാറ്റും..
കീർത്തനം കേട്ട് നാട്ടു വിചാരങ്ങളുമായി ജോലി സ്ഥലത്ത് എത്തുന്നത് അറിയില്ല. ഇന്നും ആ മനുഷ്യരെ കാണണമെന്ന് തോന്നും… നന്ദി പറയാൻ.

ഉൽസവങ്ങൾ, ഓണം വിഷു പെരുന്നാൾ.. കമ്പനി ബോണസ് കിട്ടുന്ന സമയത്തെല്ലാം പതിവില്ലാതെ ജോലിക്കാരുടെ കൈയ്യിൽ കൂടുതൽ പണം വരും..
പുഴയരികിലും, ഒഴിഞ്ഞ വീടുകളിലും, രഹസ്യസങ്കേതങ്ങളിലും ചീട്ടു കളിക്കാർ ഒത്തു കൂടും. മിക്കവാറും ദൂരെ നിന്നു വരുന്ന സംഘങ്ങളായിരിക്കും. നാട്ടുകാരും കൂടെ ചേരും. മുച്ചീട്ട് കളി. കുറഞ്ഞ സമയം കൊണ്ട് ഇഷ്ടം പോലെ കാശ് കിട്ടുകയും നഷ്ടപെടുകയും ചെയ്യും. കാശ് പോയവൻ അത് വീണ്ടെടുക്കാനായി വാച്ചോ മാലയോ സ്വർണ്ണമോ വിറ്റ് വീണ്ടും കളിക്കാൻ വരും.. അതും പോകും…

നമ്മളുടെ പരിസരത്ത് നടന്ന സംഭവങ്ങൾ
ചീട്ടു കളിക്കാരുടെ വിവരം പോലീസ് അറിഞ്ഞാൽ പിന്നെയാണ് തമാശ…
കുളികടവിൽ കളി നടക്കുകയാണെങ്കിൽ ഒന്നുകിൽ പോലീസ്, എണ്ണയും സോപ്പും തോർത്തുമായി കൈലിമുണ്ടു് ഉടുത്താണ് വരവ്. അല്ലെങ്കിൽ വലിയ വഞ്ചി വാടകയ്ക്കെടുത്ത് നാട്ടുകാരെ ആരെയെങ്കിലും വഞ്ചി കുത്തുവാൻ വിളിക്കും നാല് അഞ്ചു പോലീസുകാർ വണ്ടിയിൽ ഒളിച്ചിരുപ്പുണ്ടാകും, കുറച്ചു പേർ കരയിലൂടെയും വന്ന് കളിക്കാരെ വളയും..

കളിക്കാരെ പിടിക്കുന്നതിനേക്കാൾ കൂടുതൽ അവരുടെ കൈയ്യിലുള്ള നോട്ടു കെട്ടുകളും വാച്ച് സ്വർണ്ണം മുതലായവ കൈക്കലാക്കുകയാണ് പോലീസുകാരുടെ ഉദ്ദേശം…. തൊണ്ടി മുതൽ.
കളിക്കാർ ഓടാനും വെള്ളത്തിൽ നീന്താനും കഴിവുള്ളവരായിരിക്കും. ഒരിക്കലും പിടി കൊടുക്കില്ല. തടി കേടാക്കേണ്ട കാര്യമില്ലല്ലോ….
പതിവില്ലാത്ത വഞ്ചിയോ അപരിചിതരേയോ കണ്ടാൽ ഉടനെ കളി മതിയാക്കി മുങ്ങും…
പ്രതീക്ഷിക്കാതെ പോലീസു വന്നാൽ ഓടുക അല്ലെങ്കിൽ വെള്ളത്തിലേക്ക് ചാടുക
നീന്തി അക്കരെ ചെന്നിട്ട് പിന്നാലെ ആരും വരുന്നില്ല എന്ന് ഉറപ്പായാൽ, പോയ ധൈര്യം തിരിച്ചുവരും…. തിരിഞ്ഞു നിന്നു ഒരു കൗപീന നമസ്ക്കാരം ചെയ്യാനും ഇക്കൂട്ടർ മടിക്കില്ല. അതു കണ്ട് പോലീസുകാരൻ കണ്ണു പൊത്തും … എന്നിട്ട് പല്ല് കടിച്ച് ഞെരിച്ചു കൊണ്ട് മനസ്സിൽ പറയും…

നിന്നെയൊക്കെ എന്നെങ്കിലും എൻറ കൈയ്യിൽ കിട്ടും അന്ന് ഉപ്പും കുരുമുളകും വെളിച്ചെണ്ണയിൽ അരച്ച് അതേൽ പുരട്ടുമെടാ പെരുച്ചാഴിയുടെ മോനെ……

By ivayana