രചന : സെഹ്‌റാൻ ✍

“മുയലുകൾ നിലവിളിക്കുന്നത് കേട്ടിട്ടുണ്ടോ?”
“മുയലുകൾ!? ഇല്ല…”
“ഞാൻ കേട്ടിട്ടുണ്ട്. എന്റെ കൗമാരകാലത്ത്…. ഞാനോമനിച്ചു വളർത്തിയിരുന്ന മുയലായിരുന്നു അത്. ഇരുൾ കനത്തുകട്ടപിടിച്ചൊരു രാത്രിയിൽ അതിനെയൊരു നായ പിടിക്കുകയായിരുന്നു. തടയാനായുമ്പോഴേക്കും ശരവേഗത്തിൽ കുതിക്കുന്ന നായയുടെ കിതപ്പ് ഞാൻ കേട്ടു. പിന്നെ അകന്നകന്ന് പോകുന്നൊരു നിലവിളിയും…
മുയലിന്റെ നിലവിളി!!
എന്റെ ദിനരാത്രങ്ങളുടെ ശാന്തതയെ നടുവേപിളർത്താൻ ആ നിലവിളിയൊച്ച ധാരാളമായിരുന്നു

വീണ്ടുമൊരു വിലാപമെന്റെ കാതുകളെ
വേട്ടയാടാൻ തുടങ്ങുന്നത് നാൽപ്പതാം വയസ്സിൽ!
അതീ ‘ജെ’ നഗരത്തിന്റെ പന്ത്രണ്ടാം നമ്പർ തെരുവിൽ വെച്ചായിരുന്നു.
അതൊരു സ്ത്രീയായിരുന്നു!
മഞ്ഞിന്റെ നനവുപുരണ്ട മണ്ണിലവൾ മലർന്നുകിടന്ന് നിലവിളിക്കുകയായിരുന്നു. ആൾക്കൂട്ട വിചാരണയ്ക്ക് ശേഷം അവളുടെ പഴകിപ്പിഞ്ഞിയ വസ്ത്രങ്ങളവർ വലിച്ചു കീറുമ്പോൾ ദേഹത്തുടനീളമുള്ള മുറിവുകളുടെ കണ്ണിൽ നിന്നും ചുവന്ന കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു.
ചരൽമണ്ണിലൂടവളുടെ ശരീരം നിർദ്ദയം വലിച്ചിഴയ്ക്കപ്പെടുമ്പോൾ അമ്മേയെന്ന് ഉറക്കെ വിളിച്ചലറിക്കരയുന്ന അവളുടെ കുട്ടികളുടെ തൊണ്ടക്കുഴികളിൽ ചോര പൊടിഞ്ഞിട്ടുണ്ടാവണം.
അഴുക്കുചാലിന്റെ ഓരത്ത് പരസ്പരം ചൂടുപകർന്ന് പറ്റിക്കൂടിയിരുന്ന തെരുവുനായ്ക്കൾ അവളുടെ നിലവിളികേട്ട് ഭയവിഹ്വലരായ് ചുരുണ്ടുകൂടുന്നത് കണ്ടു. കല്ലെറിയാൻ കൂടിയ ആൾക്കൂട്ടം തേവിടിശ്ശിയെന്ന ഫലകം അവളുടെ കഴുത്തിൽ തൂക്കാൻ വൈകുന്നതിൽ അക്ഷമരായ് പരസ്പരം പിറുപിറുക്കുന്നത് കേട്ടു.
തെരുവോരത്തൊരുക്കിയ ഒരു തടിത്തൂണിൽ തലകീഴായവളുടെ ദേഹമവർ കെട്ടിത്തൂക്കിയിട്ടു. അവളുടെ ദേഹത്ത് നിന്നും മുടിയിഴകളിലൂടൊഴുകിയ ചുടുരക്തം മണ്ണിലേക്ക് തുള്ളികളായ് പെയ്തു. ചോരപ്പെയ്ത്തിൽ നിറം നഷ്ടപ്പെട്ട പ്രാണികളന്നേരം അവളുടെ കൺതിളക്കങ്ങളിലേക്ക് പ്രാണപരാക്രമത്തോടെ ചാടിക്കയറി. ആൾക്കൂട്ടത്തോട് അരുതേയെന്ന് പറയാനാവാതെ തളർന്നുപോയ നാവിനെയും, മരവിച്ചുപോയ ശരീരത്തെയും മനസാ ശപിച്ച്, അവളുടെ കുട്ടികളുടെ കണ്ണുകളിലേക്ക് അറിയാതെ ഞാനൊന്നു പാളിനോക്കി. ഏങ്ങലടിച്ചുകരയുന്ന അവരുടെ കണ്ണുകളിൽ മരണം മുന്നിൽക്കണ്ടെന്നോണം പായുന്ന മുയൽക്കുഞ്ഞുങ്ങളെ ഞാൻ കണ്ടു!
മെല്ലെമെല്ലെയെന്റെ കണ്ണുകളിൽ ഇരുൽ നിറയുകയായിരുന്നു. അബോധാവസ്ഥയിലേക്കെന്റെ കാൽ വഴുതി…

“പ്രജ്ഞയിലേക്ക് തിരികെവരുമ്പോൾ ഞാൻ നടക്കുകയായിരുന്നു. ‘ജെ’ യുടെ അതിർത്തിക്കും അപ്പുറത്തുള്ള വനാന്തർഭാഗത്തേക്ക്… (മുൻപെപ്പോഴോ ഞാനവിടെ പോയിട്ടുണ്ട്. എന്തിനായിരുന്നുവത്…?)
ഇടതുകൈയിൽ അവളുടെ അറുക്കപ്പെട്ട ശിരസ്സ്. വലംകൈയിൽ അവളുടെ തുരന്നെടുക്കപ്പെട്ട ഹൃദയം!
എപ്പോഴാണവയെന്റെ കൈകളിലെത്തിയതെന്ന് ഞാൻ വിസ്മയിച്ചു. കണ്ണീരോടെ, ദയാവായ്പ്പോടെ ഞാനതിൽ ചുംബിച്ചു. ചുണ്ടുകളിൽ രക്തത്തിന്റെ ക്ലായ്പ്പുരുചി!
നിസ്സഹായതയുടെ ഒരു കാറ്റെന്നെ അന്നേരം തഴുകിക്കടന്നുപോയി. അതിലവളുടെ നിലവിളി അടക്കം ചെയ്തിരുന്നു..

“*യാക്കൂബ് അബ്രാം, ഒന്നുചോദിച്ചോട്ടെ
സത്യത്തിൽ നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? “
“എനിക്കറിഞ്ഞുകൂടാ… പക്ഷെ അവൾ ജീവിച്ചിരിക്കുന്നു!! ഇന്നലെയുമവളെന്റെ
കട്ടിൽക്കാലിനരികിലിരുന്ന് വിലപിക്കുന്നുണ്ടായിരുന്നു. ദീനദീനം… ഉച്ചത്തിലുച്ചത്തിൽ… മുറിയുടെ മൂലയിൽ നിന്ന അവളുടെ കുട്ടികളെന്നെ തറച്ചുനോക്കിക്കൊണ്ടേയിരുന്നു. അവരുടെ കണ്ണുകളിൽ മുയൽക്കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. നിങ്ങളെന്തേ ഞങ്ങൾക്കായൊരു വാക്കുപോലും പുറപ്പെടുവിച്ചില്ല എന്നൊരു ചോദ്യം അന്നേരമൊക്കെയെന്റെ മുറിക്കുള്ളിലൊരു മുയൽനിലവിളിപോൽ
ചുറ്റിത്തിരിയുന്നുണ്ടായിരുന്നു…
നിങ്ങൾ കേട്ടിട്ടുണ്ടോ സുഹൃത്തേ മുയലുകൾ നിലവിളിക്കുന്നത്…!? “
⭕⭕⭕
*യാക്കൂബ് അബ്രാം ‘ജെ’ യിലെ പഴയൊരു ചിത്രകാരനായിരുന്നു. വരയ്ക്കുന്ന ചിത്രങ്ങളിലെല്ലാം ആളുകൾക്കയാൾ മുയലുകളുടെ കണ്ണുകളായിരുന്നു വരച്ചുചേർത്തിരുന്നത്. വർഷങ്ങൾക്ക് മുമ്പ് പെട്ടെന്നയാൾ ചിത്രംവര നിർത്തുകയാണുണ്ടായത്.ഇപ്പോൾ ഇരുളടഞ്ഞ തന്റെ മുറിയിലയാൾ ഏകാന്തവാസം നയിക്കുന്നു.
മായക്കാഴ്ച്ചകളുടെ നഗരത്തിലൂടെ അനുഭവങ്ങളുടെ കടലാസുവഞ്ചി ഒഴുകിക്കൊണ്ടേയിരിക്കുന്നു…
⭕⭕⭕

By ivayana