രചന : ജുനൈദ് വരന്തരപ്പിള്ളി✍
ഇൻസ്റ്റഗ്രാമിൽ പന്ത്രെണ്ടുകാരനായ
യുക്രെയ്ൻ കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്.
ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം
യുദ്ധങ്ങളെ കുറിച്ചുള്ള അഞ്ചാം പാഠം
ഞാനവന് ഓൺലൈനിൽ ട്യൂഷനെടുത്തിരുന്നു.
ഒന്നും രണ്ടും ലോകയുദ്ധങ്ങളെ കുറിച്ച്,
യുദ്ധാനന്തരമുണ്ടായ സമാധാന ചർച്ചകളെ കുറിച്ച്,
ഞാനവന് ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നു.
രണ്ടാഴ്ചയായി അവൻ ഓഫ്‌ലൈനിലാണ്.
പരീക്ഷ പേടിയാകും.
ഇന്നലെയവന്റെ മെസേജ് വന്നു,
“സുഖമല്ലേ…!”
ഞാനവനെ പരിഹസിച്ചു,
“ജീവനോടയുണ്ടല്ലോ ലേ….,
രണ്ടാഴ്ച്ചയായി കണ്ടിട്ട്..”
അവൻ ചിരിക്കുന്ന സ്മൈലി മാത്രം അയച്ചു.
“നീ പഠിച്ചോ….”
“പഠിച്ചു, പക്ഷെ ഭയ്യ പറഞ്ഞതൊന്നുമല്ല യുദ്ധം,
യുദ്ധാനന്തരം ഒരു സമാധാനവുമുണ്ടാകില്ല,
യുദ്ധത്തിൽ അമ്മയുടെ നെറ്റിയിൽ ബുള്ളറ്റ് കയറും,
അനിയന്റെ ശരീരം ചിന്നി ചിതറും,
ചേച്ചിയെ ആരൊക്കയോ പിച്ചിചീന്തും
അച്ചൻ പട്ടാളക്കാരന്റെ വേഷത്തിൽ
വീട്ടിലേക്ക് ശവപെട്ടിയിൽ തിരിച്ചുവരും,
വീടുകൾ തിരിച്ചറിയാതെയാകും,
ഞാനൊറ്റയ്ക്കാവും,
ശേഷം എനിക്കൊരു പേര് കിട്ടും
അഭയാർത്ഥി…”
ഞാനവനോട് പറഞ്ഞു,
“നീയൊന്നും പഠിച്ചില്ല…”
അവൻ വീണ്ടും ചിരിക്കുന്ന സ്മൈലിയിട്ടു.
ശേഷം വെടി വെക്കുന്ന ചിത്രം പങ്കുവെച്ചു.
പിന്നെയവൻ ഓൺലൈൻ വന്നേയില്ല.