രചന : ജോസ് അൽഫോൻസ്✍
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സിന്ദൂര സന്ധ്യ യാത്ര മൊഴിഞ്ഞു
ചക്രവാളസീമ ചുവന്നു തുടുത്തു
നീലനിലാവ് പടർന്നു വാനിൽ
ആയിരം വർണ്ണങ്ങൾ ചാലിച്ചെഴുതിയ
വർണ്ണ മനോഹര ചാരുത പടർന്നു
പകലവൻ പള്ളി നീരാട്ടിനിറങ്ങി
ആഴക്കടലിൻ അലകൾക്കിടയിൽ
പൗർണ്ണമിതിങ്കൾ പതിയെ കൺ തുറന്നു
വാനിലെ നിലാപൊയ്കയിൽ
കാവിൽ അന്തിവിളക്ക് തെളിഞ്ഞു
കൽവിളക്കിലെ നെയ്ത്തിരി
നാളങ്ങൾ ദീവ്യപ്രഭ ചൊരിഞ്ഞു
നീലനിലാവ് തെളിഞ്ഞു വിരിഞ്ഞു വെള്ളിമേഘങ്ങളിൽ വീണ്ടും
വെൺ കുറ്റ കുടകൾ വിടർന്നു
താരക റാണിമാർ താലങ്ങളേന്തി
തലോലം നർത്തനമാടുന്നു വാനിൽ
നിഴലും നിലാവും ഇണചേരും രാവിൽ
നിശാശലഭങ്ങൾ തേനുണ്ട് രമിക്കുന്നു
നീർമാതളം പൂത്ത് വിരിയും നേരം
നിലാപക്ഷികൾ പാടുന്നു രാഗർദ്രഗീതം
കുളിരലകൾ തളിരിലകളിൽ താളം തുള്ളി
താരാട്ടിനീണം മൂളി വന്നു പൂന്തെന്നൽ
പുതിയൊരുണർവ്വിൻ പുളകവുമായ്
രാത്രിമുല്ലകൾ പടർത്തി പരിമളം
പൗർണ്ണമി രാവിൽ പാതിമയക്കത്തിൽ
പൂർണ്ണിമേ നിന്നെ ഞാൻ കണ്ടു
പുലരും വരെ നിൻ ശീതളഛായയിൽ പുണർന്നു ശയിക്കുവാൻ മോഹം.