രചന : ശി വൻ✍
പൊള്ളുന്ന വെയിലിൻ്റെ കാഠിന്യം വക വെയ്ക്കാതെ , ഉഷ്ണകാറ്റിനെ വലം വെയ്ക്കുവാൻ
അനുവദിക്കാതെ വിവരമറിഞ്ഞെത്തിയ ആളുകൾ തിങ്ങി ഞെരുങ്ങുന്ന കാഴ്ച്ച കണ്ടതും രണ്ട് കാക്കകളുടെയത്രേം വലിപ്പമുള്ള വലിയൊരാൺകാക്ക ഉറക്കെ നിലവിളിക്കാൻ തുടങ്ങി.
നിലവിളി നീല ടാർപ്പാള കെട്ടിപ്പൊക്കിയ വീടിൻ്റെ മുറ്റത്തേക്ക് ഒഴുകിയിറങ്ങി.
മറ്റു കാക്കകളുടെയും കാറ് തുടങ്ങിയപ്പോൾ വന്നവർ എന്തോ കണ്ടപോലെ അതിശയിച്ചു നിന്നു , ശേഷം വീടിൻ്റെ അകത്തേക്ക് ക്ഷണിക്കാതെ കടന്നു ചെന്നു.
പൊക്കമുള്ള മതിലിൻ്റെ ഇപ്പുറം റോഡരികിൽ വന്ന് നിന്ന വഴിപോക്കൻ വീട്ടുമുറ്റത്തെ ആൾക്കൂട്ടം കണ്ട്
ആദ്യമൊന്ന് പരിഭ്രമിച്ചു.
അകത്തേക്ക് കയറാൻ മനസ്സില്ലാ മനസ്സോടെ നീങ്ങിയതും അകത്ത് നിന്നും രണ്ടു പേര്
അയാളുടെ മുന്നിലൂടെ പുറത്തേക്ക് വരുന്നു.
ഒരുവൻ മറ്റേ ആളോട് വഴിപോക്കൻ്റെ മുന്നിലൂടെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് വരുന്നത്.
വഴിപോക്കൻ തൻ്റെ വിടർന്ന കണ്ണുകൾ കൊണ്ട് അവരെ സൂക്ഷിച്ചു നോക്കി , അവർ പറയുന്നത് കേൾക്കുവാൻ കാതുകൾ കൂർപ്പിച്ച് നിന്നു.
അധികം പ്രായമൊന്നുമില്ല.
കെട്ടിയോൻ മരിച്ചിട്ട് വർഷങ്ങളായി.
ആകെയുള്ളത് മൂന്ന് പെൺമക്കൾ ആന്നേ..
എന്നാലും ആത്മഹത്യ ചെയ്യുവാൻ വേണ്ടി എന്താണാവോ ഇത്രേം പ്രശ്നം…?
വഴിപോക്കൻ്റെ കണ്ണുകളിൽ അഗ്നി പടർന്നു.
മരണ വീട്ടിലേക്കാണ് താൻ കയറി ചെല്ലുന്നത് എന്ന ബോധം അയാൾക്ക് അപ്പോഴാണ് ഉണ്ടായത്.
വിറച്ചു കൊണ്ട് അയാള് അങ്ങോട്ടേക്ക് നീങ്ങി.
ഇടറിയ കാൽ വീണ്ടും പൊക്കി വെച്ച് പടവുകൾ താണ്ടി മുറിയുടെ അകത്തേക്ക് പതിയെ കയറി.
വെള്ള വസ്ത്രം കൊണ്ട് മൂടി ഒരു സ്ത്രീയെ നിലത്ത് കിടത്തിയിരിക്കുന്ന കാഴ്ച അയാള് ദയനീയമായി നോക്കി നിന്നു.
ചുറ്റും അലമുറയിട്ട് കരയുന്ന കുറച്ച് പെണ്ണുങ്ങൾ.
മക്കളും ഉണ്ട് കൂട്ടത്തിൽ.
കട്ടളയില് വലത് കൈ കൊണ്ട് ഞെരുക്കി പിടിച്ചു
കുറച്ച് നേരം അയാള് മരിച്ച സ്ത്രീയുടെ മുഖം നോക്കി കണ്ണുകൾ മുറുക്കി അടച്ചു.
ശേഷം നിറഞ്ഞു തുളുമ്പാൻ തയ്യാറായ കണ്ണ്നീർ തുള്ളികൾ താഴേക്ക് പതിക്കാതെ ഒളിപ്പിച്ചു കൊണ്ട് അവിടുന്ന് പുറത്തേക്ക് മടക്കം.
പോകുന്നേരം ആരേലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ
എന്ന് അയാള് ചുറ്റും പലവട്ടം നോക്കി.
മുമ്പ് അവരെ കാണാൻ വന്നതും , അവരുമായി ഗേറ്റിൻ്റെ അരികിൽ നിന്ന് സംസാരിച്ചതും ,
തൻ്റെ പ്രേമോപഹാരങ്ങൾ അവർക്ക് നൽകിയതും അയാള് ഒരു സ്ക്രീനിൽ എന്ന പോലെ മനസ്സിൽ നിന്ന് പകർത്തി.
ഗേറ്റ് കടക്കുന്നതിന് മുമ്പ് തന്നെ അടക്കി പിടിച്ച കണ്ണുനീർ തുള്ളികൾ അനുവാദമില്ലാതെ മരണ വീടിൻ്റെ മണ്ണിലേക്ക് നിലംപൊത്തി.
കോളേജ് സമയത്തെ പ്രണയം കണ്ടില്ലെന്ന് നടിച്ചു
ഒരുവളെ വീട്ടുകാർ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ചു വിടുന്നു.
അന്യ മതത്തിൽപ്പെട്ട ഒരുവന് കെട്ടിച്ച് നൽകാൻ സൽപ്പേരുള്ള കുടുംബത്തിന് മാനക്കേടാണ് എന്നതാണ് വീട്ടുകാർ മുന്നോട്ട് വെച്ച കാരണം.
മനസ്സിൻ്റെ ഏതോ ഒരു കോണിൽ ആഴത്തിൽ കുഴി വെട്ടി അവള് തൻ്റെ പ്രണയത്തെ കുഴിച്ചു മൂടി മറ്റൊരുവൻ്റെ ഭാര്യയായി.
മനസ്സും ശരീരവും നൽകി ഭർത്താവിനെ സ്നേഹിച്ചപ്പോൾ , അവളുടെ കാമുകൻ തൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് തീരുമാനിച്ചു നാടുവിട്ടു.
വർഷങ്ങൾക്കിപ്പുറം മൂന്ന് പെൺമക്കൾക്ക് ജീവനും ജീവിതവും നൽകി അവളുടെ ഭർത്താവ് ഭൂമിയിലെ സമയം തീർന്നു തിരികെ മടങ്ങി.
ജീവിതം കൈവിട്ട് പോകുന്ന നിമിഷങ്ങൾ കണ്മുന്നിൽ പലവട്ടം വന്നെങ്കിലും തൻ്റെ മക്കളെ
അവള് നന്നായി പഠിപ്പിച്ചു വളർത്തി.
ജീവിതം മൂന്ന് മക്കൾക്കായി പകുത്ത് നൽകി
അതിൽ അവള് സന്തോഷവും അഭിമാനവും കണ്ടെത്തി.
ആൺ തുണയില്ലാതെ പ്രായമായ പെൺമക്കളെ വളർത്തുന്ന അമ്മയുടെ നെഞ്ചിലെ എരിയുന്ന അഗ്നിയുടെ തീവ്രത അളക്കാൻ കഴിയാതെ ബന്ധുമിത്രാതികളും നാട്ടുകാരും സംശയ ദൃഷ്ടിയോടെ അവളെ നിരീക്ഷണ വലയത്തിലാക്കിയപ്പോഴും അടി പതറാതെ അവള്
മക്കളെ തൻ്റെ ചിറകിൻ്റെ കീഴിൽ കൊണ്ടു നടന്നു.
അച്ഛൻ്റെ കുറവ് അറിയാതെ വളർന്ന മക്കളും അമ്മയുടെ മുഖം വാടാതെ സൂക്ഷിക്കുവാൻ പരമാവധി ശ്രദ്ധിച്ചു.
മക്കൾ പോലും അറിയാതെ പല രാത്രികളും പകലുകളും അവള് കരഞ്ഞു കൊണ്ട് തള്ളിനീക്കി.
തുണികൾ നെയ്തു കൂട്ടിയും ഭാഗ്യക്കുറി വിൽപ്പനയുമായി അവരുടെ ചെറിയ സ്വർഗ്ഗം സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതിബിംബമായി മാറി.
തൻ്റെ പ്രണയിനിയുടെ അവസ്ഥ എങ്ങനെയോ മനസ്സിലാക്കി പഴയ കാമുകൻ്റെ സ്നേഹവുമായി
അയാള് തിരികെയെത്തി.
പക്ഷേ അവളുടെ മനസ്സിലേക്കും വീട്ടിലേക്കും കയറുവാൻ അയാൾക്ക് കഴിഞ്ഞില്ല.
പ്രായം അർത്ഥമില്ലാതെ ദിനംപ്രതി കൊഴിഞ്ഞു പോകുന്ന വേളയിലും അയാളിൽ അവളിന്നും തൻ്റെ
പ്രണയിനിയുടെ രൂപത്തിൽ നിലകൊണ്ടു.
രാത്രി സമയങ്ങളിൽ കാവൽ നായയെ പോലെ അയാള് അവരുടെ വീടിന് ചുറ്റുമുള്ള കറക്കം പതിവാക്കി.
അവരുടെ കണ്ണിൽപ്പെടാതെ ദിവസങ്ങൾ പോയി മറഞ്ഞെങ്കിലും പ്രതീക്ഷിക്കാതെ ഒരുനാൾ അയാളെ അവള് തൻ്റെ വീടിന് മുന്നിൽ കണ്ടു.
അടുത്ത് വിളിച്ചു സംസാരിക്കുവാനോ സ്നേഹത്തോടെ ഒന്ന് നോക്കി നിൽക്കുവാനോ അവൾക്ക് ഭയമായി.
അയാളുടെ വരവിനെ വിലക്കാതെ ദിനങ്ങൾ മുന്നോട്ട് പോയപ്പോൾ പഴയ പ്രണയത്തിന് പകരമായി തനിക്കും മക്കൾക്കുമുള്ള ഒരു സംരക്ഷണ വലയമായി അയാളെ അവള് പരിഗണിച്ചു.
ഗേറ്റിനു മുമ്പിൽ അവർക്ക് ചിലവിന് വേണ്ടിയുള്ള പണം വെച്ച് അയാള് പ്രതീക്ഷയോടെ കാത്തിരുന്നു.
തനിക്കായി വെച്ച് നീട്ടിയ പണം സ്വീകരിക്കുവാനോ മടക്കി നൽകുവാനോ അവള് മുതിർന്നില്ല.
മൂന്ന് ദിവസം കാത്തിരുന്നു ഒടുവിൽ തൻ്റെ പണം അയാള് തിരികെ എടുത്ത് കൊണ്ട് മടങ്ങി.
അടുത്ത ദിവസം അയാളെ കാത്തിരുന്നത് ഒരു വെള്ള പേപ്പറിൽ പൊതിഞ്ഞ ഏതാനും വരികളായിരുന്നൂ.
പണം തന്നു കൊണ്ട് എന്നെ അപമാനിക്കുന്നത് നിർത്തണമെന്നും ഒരു കൂട്ടിനായി എന്നും ഇതുപോലെ കൂടെ ഉണ്ടായാൽ മതിയെന്നും വരികളിൽ നിറച്ച് അയാൾക്ക് നൽകി.
അയാളുടെ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന് അവിടെ സമാപനമായി.
സന്തോഷവും സങ്കടവും അയാളിൽ ഒരുപോലെ വന്നു നിറഞ്ഞു.
ഒളിഞ്ഞും മറഞ്ഞുമുള്ള അയാളുടെ വരവിലെ സന്തോഷങ്ങൾക്ക് പല ദിനങ്ങളും സാക്ഷിയായി.
ഗേറ്റിനു അകത്തേക്ക് വരുവാൻ ഇതുവരെ അയാളെ അവള് ക്ഷണിച്ചിരുന്നില്ല.
പണത്തിനു പകരമായി ആവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു അയാള് അവളുടെയും കുടുംബത്തിൻ്റെയും നാഥനായി മാറി.
ഗോപാലൻ്റെ ചായയിലെ കടുപ്പം പോലെയാണ് അവിടെയെത്തുന്ന കരക്കമ്പികളും
ചൂടാറും മുമ്പേ ആളുകളിലേക്ക് എത്തിക്കുന്നത്
ചായക്കടക്കാരൻ ഗോപാലനും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ പരന്ന വാർത്തയാണ് വിധവയായ സ്ത്രീയുടെ പുതിയ അവിഹിതം.
നാട്ടിലെ ന്യൂസ്മേക്കർ ഗോപാലൻ വെളുപ്പാൻ കാലത്ത് പാൽ വാങ്ങി വരുമ്പോൾ വിധവയുടെ വീടിന് മുന്നിൽ ഒരുത്തനെ കണ്ടുവത്രേ.
തന്നെ കണ്ടതും ആദ്യം പരുങ്ങി , അന്വേഷിച്ചപ്പോൾ അയാള് ഒന്നും പറയാതെ സ്ഥലം വിട്ടിരുന്നു.
അങ്ങനെ ഗോപാലൻ ഉറപ്പിച്ചു അത് വിധവയുടെ ജാരനാണെന്ന്.
കണ്ണുംപൂട്ടി വന്നവരോട് ഗോപാലൻ ചായ്ക്കൊപ്പം പുതിയ വാർത്തയും അങ്ങ് വിളമ്പി കൊടുത്തു.
നാട് മുഴുവൻ കാട്ടുതീ പോലെ വാർത്ത പെട്ടന്ന് പടർന്ന് പിടിച്ചു.
മുമ്പേ തന്നെ സംശയത്തിൻ്റെ നിഴലിൽ നിന്ന അവളുടെ വീട്ടിലേക്ക് രാത്രി കാലങ്ങളിൽ സദാചാരത്തിൻ്റെ വാളുമായി ചിലർ കറക്കം തുടങ്ങി.
പകൽമാന്യന്മാർ പകൽ വെളിച്ചത്തിൽ അവളെ കുറ്റം പറഞ്ഞും രാത്രിയിൽ വീട്ടിൽ കയറുവാൻ ഒരവസരത്തിനും വേണ്ടി കാത്തിരുന്നു.
നാട്ടിൽ നടക്കുന്നത് ഒന്നുമറിയാതെ അവർ അവരുടെ ലോകത്തിൽ മാത്രം ഒതുങ്ങി നിന്നു.
അമ്മയുടെ അവിഹിത കഥ പൊടിപ്പും തൊങ്ങലുമായി മാത്രം കേട്ട മൂത്ത മകൾ അമ്മയെ ശകാരിക്കുവാൻ തുടങ്ങി.
അയാളുടെ വരവ് ഇനിയുണ്ടായാൽ താൻ കൂടെ ഉണ്ടാവില്ല എന്ന് ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായ മകൾ താക്കീത് നൽകി.
കുടുംബത്തിൻ്റെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ട് അയാളെ വിലക്കാൻ അവള് തുനിഞ്ഞില്ല.
പതിവ് കാഴ്ചകൾ കണ്ടു പൊറുതി മുട്ടിയപ്പോൾ മൂത്ത മകൾ തൻ്റെ കാമുകനെ വിളിച്ചു വരുത്തി
കൂടെ ഇറങ്ങിപ്പോയി.
മകൾ നഷ്ടമായിട്ടും അയാളുടെ പിന്തുണ അവൾക്ക് ആശ്വാസമായി.
ദിവസങ്ങൾക്കപ്പുറം രണ്ടാമത്തെ മോളും അയാളും തമ്മിൽ വാക്ക് തർക്കമായി.
അയാളെ പഴി പറഞ്ഞ മകളുടെ മുഖത്തടിച്ചു കൊണ്ട് അവള് തൻ്റെ ദേഷ്യമടക്കി.
കുടുംബത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന നിലയിലേക്ക് എത്തിയപ്പോൾ അയാള് അവളിൽ നിന്നും ഒഴിഞ്ഞ് പോകുവാൻ അനുവാദം ചോദിച്ചു.
ഉത്തരമില്ലാതെ അവളുടെ നാവ് കുഴഞ്ഞു.
പോകും മുമ്പ് വീട്ടിലേക്ക് കയറിയിരുന്നു ഒരു ചായ കുടിക്കുവാൻ അയാളെ അവള് നിർബന്ധിച്ച് ക്ഷണിച്ചു.
സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു അവളുടെ വീട്ടിലേക്ക് അയാള് നടന്നു കയറി.
പകുതി കുടിച്ച ചായ ഗ്ലാസ് തട്ടി തെറിപ്പിച്ചു രണ്ടാമത്തെ മകൾ തൻ്റെ പ്രതിഷേധം അറിയിച്ചു.
വാക്ക് തർക്കങ്ങളിലേക്കും കയ്യാങ്കളിയിലേക്കും രംഗം വഴിമാറി.
ബഹളം കേട്ട് ചുറ്റുമുള്ളവർ വീടിന് മുന്നിൽ തടിച്ചു കൂടി.
രണ്ടാമത്തെ മകളുടെ സമ്മർദ്ദത്താൽ വന്നുകൂടിയ നാട്ടുകാർ സ്വയം അവരോധിച്ച ജാരനെ പിടികൂടി.
നന്മയുടെ മുഖം പിച്ചി ചീന്തി അയാളിൽ
പ്രഹരമേൽപ്പിച്ച അവർക്ക് തങ്ങളുടെ മനസ്സിൽ കൊണ്ട് നടന്ന സദാചാര പ്രതികാരത്തിൻ്റെ അന്ത്യമായി മാറി ആ ദിനം.
അയാളെ അപമാനിച്ചു കൊണ്ട് റോഡിലൂടെ നടത്തി.
അർദ്ധ നഗ്നനായ അയാളുടെ ശരീരമാകെ ചോര പൊടിയും വിധം മുറിവുകൾ വീണിരുന്നു.
വേശ്യായെന്നും കൂട്ടി കൊടുപ്പുകാരിയെന്നുമുള്ള
പേരുകൾ അന്നത്തെ ദിവസം അവള് സമ്പാദിച്ചു.
മക്കളുടെ കുത്തുവാക്കുകൾ കേട്ട് മാസങ്ങൾ അവള് തള്ളി നീക്കി.
പതിയെ പതിയെ അവളുടെ വരുമാനം നിലച്ചു.
അയാളുടെ സഹായമില്ലാതെ കുടുംബം മുന്നോട്ട് പോകില്ല എന്നവൾക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.
ഒരിക്കലും അയാള് ഇനി തിരികെ വരില്ല.
ദിവസവുമുള്ള അപമാനത്തിൻ്റെയും കുത്തുവാക്കുകളുടെയും ലോകത്ത് നിന്നും ഒരു മുഴം കയറിൽ അവള് അഭയം കണ്ടെത്തി.
വിവരമറിഞ്ഞ നാട്ടുകാർ മടിച്ചുമടിച്ച് അവിടെക്കെത്തി.
അപമാനിച്ചു ജീവനെടുത്ത അവർ തന്നെ അവൾക്ക് പട്ടടയൊരുക്കി.
നന്മയുടെ മുഖംമൂടി അണിഞ്ഞുകൊണ്ട് കപടത മാത്രം നിറഞ്ഞ ആളുകൾ ഇന്നും പുതിയ പുതിയ അവിഹിതങ്ങൾ തേടി പരക്കം പായുന്നു…
കൂട്ടത്തിൽ ഗോപാലനും നാട്ടുകാരും…..