രചന : ചാക്കോ ഡി അന്തിക്കാട്✍

അന്തരിച്ചജനകീയ നാടകപ്രതിഭ പ്രിയ മധുമാഷുടെ വിപ്ലവസ്മരണകൾക്കു മുൻപിൽസമർപ്പണം.

ധീരതയുടെ
വെള്ളിമേഘങ്ങൾ
ഇറങ്ങി വന്നത്…
വിപ്ലവസ്വപ്‌നങ്ങൾ
കൂട്ടിരിക്കുന്ന
താടിയ്ക്ക് കൂട്ടാവാൻ…
ആവിഷ്ക്കാര
സ്വാതന്ത്ര്യത്തിന്റെ
നാനാർത്ഥങ്ങളെ
വാചാലമായി
വ്യാഖ്യാനിക്കുമ്പോൾ,
വെള്ളത്താടി മെല്ലെ
നൃത്തം ചെയ്തിരുന്നു…
കണ്ണുകളിലെ
പ്രതിഷേധജ്വാലയായിരുന്നില്ലേ,
ശോഷിച്ച
നീണ്ട വിരലുകൾക്കിടയിൽ,
എരിയുന്ന
സിഗരറ്റിൻമുനമ്പിൽ
മിന്നിമറഞ്ഞിരുന്നത്!
ഇടിമുഴക്കംപോലുള്ള
ശബ്ദം,
പെയ്യാൻ മടിക്കുന്ന
വിപ്ലവ-പ്രതിവിപ്ലവ
മഴമേഘങ്ങളെ
വിറകൊള്ളിച്ചിരുന്നു!….
കോഴിക്കോടൻത്തെരുവിന്റെ
നാടകഗീതം നിലച്ചാലും,
ഓർമ്മകളുടെ
വിജനമായ
വിശാലത്തെരുവിൽ,
വിപ്ലവത്തിന്റെ വസന്തം
പൂക്കുമെന്ന്,
പട്ടാളവണ്ടികളെ വെല്ലുവിളിച്ച്,
ചോര വീണ തെരുവിൽ,
ആരെങ്കിലും
നാളെ
വിളിച്ചു പറയുമായിരിക്കും…
തേച്ചു മിനുക്കിയ
വസ്ത്രങ്ങളിൽ
പൊടിയും കരിയും
പുരളുമെന്നതിനാൽ…
പല അരുമ ശിഷ്യരും തെരുവരങ്ങിൽനിന്നും പരസ്യപ്പലകയിലേയ്ക്ക്
ചേക്കേറിക്കഴിഞ്ഞു!
സൂര്യന് മാത്രം മാറ്റമില്ല.
ലെനിന്റെ, മാവോയുടെ,
പ്രതീക്ഷയുടെ പെട്ടയെ
തിളങ്ങാൻ സഹായിച്ച സൂര്യൻ…
നാളത്തെ ‘അപ്രതീക്ഷിതം’
കാത്തിരിക്കുന്ന
തിളങ്ങാത്ത കണ്ണുകളിൽ
വിപ്ലവജ്വാല നിറയ്ക്കുന്ന
തിരക്കിലാണ്…
പ്രിയ മധുമാഷ്,
താങ്കൾ ഞങ്ങളെ
വിട്ടുപോയാലും,
ആ വെള്ളത്താടിയിൽ
കൂടുകൂട്ടിയ
സർഗ്ഗസ്വപ്നങ്ങളെ
ഓരോ സൂര്യരശ്മിയിലും
ഞങ്ങളെന്നും
കാണാൻ ശ്രമിക്കും…
‘കറുത്ത വാർത്ത’കൾ
സമ്മാനിക്കുന്ന
എല്ലാ ഏകാധിപതികളുടെയും
കൊലവിളികൾക്കെതിരെ,
പുതിയ ‘പടയണി’കൾ
തീർക്കാൻ
ഞങ്ങൾ തയ്യാർ!
പൊൻകുന്നം വർക്കിയുടെ,
പി.ജെ.ആന്റണിയുടെ,
ജോൺ അബ്രഹാംമിന്റെ,
സുരാസുവിന്റെ,
പി.എം.ആന്റണിയുടെ
വെള്ളത്താടികൾക്കും,
മധുമാഷിന്റെ
വെള്ളത്താടിക്കും,
നീളത്തിൽ അൽപ്പം
വ്യത്യാസമുണ്ടെങ്കിലും,
പുകച്ചുരുളുകൾക്കിടയിലൂടെ,
വരണ്ട ചുണ്ടുകളിൽനിന്നും
തെറിച്ചു വീണ
വിപ്ലവ സ്വപ്നങ്ങൾക്ക്,
സമാനതയുണ്ടായിരുന്നു!
അത് ഞങ്ങൾ
ഏറ്റെടുക്കുന്നു…
എന്നും
സൂര്യനസ്തമിച്ചാലും,
ജനകീയ നാടക വേദി,
സ്പാർട്ടക്കസ്സിനെപ്പോലെ,
ഭഗത് സിംഗിനെപ്പോലെ,
ചെഗുവേരയെപ്പോലെ,
കാലത്തിന്റെ
വിപ്ലവ ഓട്ടോഗ്രാഫിൽ
അസ്‌തമിക്കില്ല!
പാതിരാത്രിക്കു ശേഷം,
വെടിയൊച്ചകൾ കേട്ട്
ഞെട്ടിയുണരും
തലയ്ക്കുള്ളിൽ
ഉദിച്ചുയരുന്ന
അരാജക-ഉന്മാദ സൂര്യനെ,
ഞങ്ങൾ,
‘ജനകീയ കവിത…
ജനകീയ നാടക രചന’
എന്ന ഓമനപ്പേരിട്ടു
വിളിക്കട്ടെ!
കാണണം…കാലത്തിന്റെ
മായാത്ത യവനികയ്ക്കുള്ളിൽ …
എന്നും വിലാപഗാനവും
ചരമഗീതവും
ആലപിക്കുന്നവർ
പതിവു പല്ലവി തുടരട്ടെ…
നമ്മുടെ
തൊണ്ടകളിൽ
കുരുക്കുകൾ വീണാലും,
വിപ്ലവഗീതങ്ങൾ
മൂളുകയെങ്കിലും ചെയ്യാം…
ലാൽസലാം…
സഖാവേ…തൽക്കാലം വിട!
(‘കറുത്തവാർത്ത’‘പടയണി’മധുമാഷുടെ,സാംസ്‌ക്കാരികവേദിക്കാലത്തെ*നാടകരചനകൾ )
💖✍️💖

By ivayana