രചന : രാജു കാഞ്ഞിരങ്ങാട്✍
നഷ്ടപ്രതാപത്തിൻ്റെ ശവക്കോട്ട!
കപ്പൽച്ചേതംവന്ന നാവികൻ !!
നോക്കൂ;
ആ ശരീരചലനം
വാക്കുകളുടെ പെയ്തിറക്കം
അനുഭവങ്ങളിലെ ആനന്ദം
അതിരുവിടുന്ന പിരിമുറുക്കം
കൃത്യതയും, മൂർച്ചയുമുളളനോട്ടങ്ങൾ
ഒരു നിമിഷം മിന്നിമറയുന്ന –
ഗൂഢമായ ചിരി,
ആർത്തി മൂത്ത പരവേശം
കഴിഞ്ഞകാലത്തിൻ്റെ
കടലടയാളം തേടിയുള്ള
മനസ്സിൻ്റെ ഉഴറൽ
പിന്നെ,
തിരയുടെ പതച്ചൂര് നിറഞ്ഞ
കടൽമണമേറ്റെന്ന പോലെ
ഉളളിൽനിന്നൊരു പനിച്ചൂട് മാഞ്ഞപോലെ
പതിയെ ധൃതിമാഞ്ഞ് ഒരു കിടപ്പുണ്ട്
ഒരിക്കൽ എല്ലാമായിരുന്ന ഒരുവൻ
അവസാന നാളിൽ
ഇങ്ങനെയൊക്കെയല്ലാതെ
പിന്നെയെങ്ങനെയായിരിക്കും?!