രചന : കൃഷ്ണമോഹൻ കെ പി ✍
പർണ്ണകുടീരത്തിൽ സ്വപ്നം കണ്ടിരുന്നു ഞാൻ
പണ്ടത്തെപ്പലപല ചിന്തയിൽ മുഴുകി ഞാൻ
വർണ്ണസ്വപ്നങ്ങളെന്റെ കൺമുന്നിൽ വന്നീലല്ലോ
വർണ്ണിക്കാനൊരു ചെറുപുഷ്പവും കണ്ടീലല്ലോ
അങ്ങനെ മനോരഥം വിണ്ണിലേയ്ക്കുയർന്നപ്പോൾ
വാസന്തപഞ്ചമിയിൽ തിങ്കളെൻ മുന്നിലെത്തീ
അച്ചെറുപെരുമാളീ മർത്യമാനസത്തിനോടൊട്ടൊന്നു
ചോദിച്ചതുംരചിപ്പൂ ഞാനിന്നിപ്പോൾ
ഇതളുകൾ വിരിയ്ക്കുന്ന പൂവിന്റെയകക്കാമ്പിൽ
കനവുകൾ കണ്ടീടുന്ന മിഴിയിണയിങ്കൽ, പിന്നെ
ശിശുവെ പേറീടുന്ന മാതാവിന്മനസ്സിലും
പരിലസിച്ചിരിക്കുന്ന ജീവൻ താൻ സനാതനം
ഉണരുമീയുള്ളത്തിലെഭാവമാംതരംഗിണി
പുണരുന്നു മമജീവ സ്വപ്നത്തിൽ വിലോലയായ്
അണയുന്ന നേരത്തങ്ങു കേൾക്കുന്നു ചിന്തതന്റെ
പ്രണവസ്വരമന്ത്ര ധ്വനിയിതാ മാനസത്തിൽ
മാധുര്യം നുണയുവാൻ വെമ്പുന്ന മനുഷ്യന്റെ
നാവിന്നു രുചിയേകാൻ ലവണം രുചിക്കേണം
ലാവണ്യം കണ്ടെത്തീടാൻ ശ്രമിക്കും നരൻ തന്റെ
മാനസം വൈരൂപ്യത്താൽ മറഞ്ഞു നിന്നീടൊല്ലാ……
വനവും കവിതയും, ഈ ദിനത്തിലൊന്നിക്കുമ്പോൾ
വനപുഷ്പങ്ങൾ തന്റെവാസന പടരുമ്പോൾ
കരളിൽ കവിതാ മലർ പയ്യനെ വിരിയുന്നൂ
സരളം മഹീഹൃദം പുഞ്ചിരി തൂകിടുന്നൂ
പുസ്തകത്താളിൽ വീണ്ടും ഹസ്തങ്ങൾ ചലിക്കുമ്പോൾ
മസ്തകം മനസ്സിന്റെ വാതിലു തുറക്കുപോൾ
വിസ്താരമിയന്നങ്ങു നില്ക്കുന്ന
താളിന്മേലായ്
നിസ്തുലശോഭയാർന്നീ കവിതയോ നൃത്തംവയ്പൂ.