രചന : തസ്‌നി ജബീൽ ✍
കനവും നിനവും കണ്ണീരിൻ നനവും
കടലാസിൽ വിരിയിച്ച കവിത
വെറുതേയിരിക്കവേ വാനിൽ പറക്കുവാൻ
ചിറകായ് വിടർന്നതും കവിത
വിടരും പ്രഭാതവും മായുന്ന സന്ധ്യയും
ഭാവചിത്രം വരച്ചിട്ട കവിത
നൊമ്പരക്കാഴ്ചകൾ വിറയാർന്നവിരലിനാൽ
വരികളായ് തീർന്നതും കവിത
ഞാനും നീയും നമ്മളാകുന്നതാം
മാനവസ്നേഹത്തിൻ ഗീതവും കവിത
അനീതികളധികാരചക്രം തിരിക്കവേ
വാക്ശരങ്ങളായ് മാറുന്ന കവിത
കാലമാംശിഖരത്തിൽ നിന്നടരുന്നയോർമ്മകൾ
ഹൃദയാക്ഷരങ്ങളാകുന്നതും കവിത
ആത്മവിലാനന്ദവർഷമായ് പെയ്യുന്ന
ആർദ്രസംഗീതവും കവിത
തേടുമ്പോഴെല്ലാം അകലേക്കു മാഞ്ഞിട്ടു
പിന്നെയറിയാതെ പുൽകിടും പ്രണയവും കവിത.