രചന : സുനു വിജയൻ. ✍

“സുമേ എന്റെ തോർത്ത് ഇങ്ങെടുത്തേ ആ ഷഡ്ഢിയും കൂടി “
ഭർത്താവ് മുറിയിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് സുമ അൽപ്പം അരിശത്തോടെ പറഞ്ഞു.
“അത് അലമാരയുടെ രണ്ടാമത്തെ തട്ടിൽ വച്ചിട്ടുണ്ട്. അങ്ങെടുത്തോ. ഞാൻ ഈ കറിയൊന്നു ശരിയാക്കട്ടെ “
കാബേജ് തോരന് കടുകുവറുത്ത്, അതിലേക്കു തേങ്ങ ചിരകിയതിട്ട് ഇളക്കുന്നതിനിടെ സുമ മനസ്സിൽ പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് പതിനാല് വർഷം കഴിഞ്ഞു. ഇന്നുവരെ ചേട്ടാ എന്റെ ആ ബ്രേയ്സർ ഇങ്ങെടുത്തേ, അതു പോകട്ടെ എന്റെ ആ ചുരിദാർ ഇങ്ങേടുത്തെ എന്നുപോലും ഒരിക്കലും പറഞ്ഞിട്ടില്ല. അഥവാ അത്യാവശ്യത്തിനു ഒന്നു ബാത്റൂമിൽ കയറുമ്പോൾ

ചേട്ടാ ആ കുക്കറിൽ നാലു വിസിൽ അടിക്കുമ്പോൾ ഗ്യാസ് ഒന്ന് ഓഫാക്കണേ എന്നു പറഞ്ഞാൽ പോലും ചെയ്യാൻ മടിക്കുന്ന ആളാണ്. പിന്നെയല്ലേ മറ്റുകാര്യങ്ങൾ. സുമ ഒന്നു നിശ്വസിച്ചു, ദീർഘമായി.
“സുമേ നീ അവിടെ എന്തെടുക്കുവാ? എന്റെ നീല ഷർട്ട്‌ ഇതുവരെ നീ ഇസ്ത്രിയിട്ടില്ലല്ലോ, ഇനിയിപ്പോൾ ഞാൻ ഏതു ഷർട്ടിട്ടുകൊണ്ട് ഓഫീസിൽ പോകും. സുമേ, സുമേ “
അയാൾ വിളിച്ചു പറയുന്നതിനൊക്കെ ഓരോ മറുപടി പറഞ്ഞുകൊണ്ട് സുമ അടുക്കളയിലും, മുറ്റത്തും, അലക്കു കല്ലിന്റെ ചുവട്ടിലും, കോഴിക്കൂടിന്റെ അരികിലും, കറിവേപ്പിന്റെ അടുത്തും ഒരു യന്ത്രം പോലെ ഓടിക്കൊണ്ടിരുന്നു.
“അമ്മേ എന്റെ മുടിയൊന്നു പിന്നി താ “
പന്ത്രണ്ടു വയസ്സുള്ള മകൾ

“അമ്മേ എനിക്കിന്ന് ഇഡ്ഡലി വേണ്ട ദോശ മതി “പത്തു വയസ്സുള്ള മകൻ.
“സുമേ ഇന്ന് നീ ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ സരോജത്തിന്റെ തയ്യൽക്കടയിൽ കയറി എന്റെ ബ്ലൗസ് തയ്യിച്ചെങ്കിൽ വാങ്ങി വരണം ” ഭർത്താവിന്റെ അമ്മ
“മോളേ സുമേ വൈകിട്ട് വരുമ്പോൾ അച്ഛന്റെ കണ്ണടയുടെ കാര്യം തിരക്കണേ ” ഭർത്താവിന്റെ അച്ഛൻ.
ഇഡ്ഡലികുക്കറിൽ നിന്നും കാസറോളിലേക്ക് ഇഡ്ഡലി പെറുക്കിയിട്ട് ഡൈനിങ് ടേബിളിൽ കൊണ്ടു വച്ചപ്പോൾ സുമ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി. ഈശ്വരാ സമയം എട്ടേമുക്കാൽ കഴിഞ്ഞിരിക്കുന്നു. ഒൻപതു പത്തിന്റെ ബസ് കിട്ടിയില്ലെങ്കിൽ ഓഫീസിൽ എത്താൻ വൈകും. പിന്നെ സൂപ്പർ വൈസറുടെ ശകാരവും, ചിലപ്പോൾ ചെറിയ തോതിൽ അസഭ്യവും കേൾക്കണം. സുമയെന്ന സ്ത്രീയന്ത്രം തൻറെ പ്രവർത്തികളുടെ സ്പീഡ് കൂട്ടി.

“മട്ടും പടുതിയും കണ്ടാൽ വല്യ കളക്ടർ ഉദ്യോഗത്തിനു പോകുന്ന പോലെയാ, എന്നാൽ കിട്ടുന്ന നക്കാപിച്ചകൊണ്ട് വല്ല ഗുണമുണ്ടോ അതൊട്ടില്ലതാനും. നിന്നെ പറഞ്ഞാൽ മതിയല്ലോ ” മകന്റെ കാതിൽ അമ്മ പുച്ഛത്തോടെ മരുമകളുടെ കുറ്റം പറഞ്ഞുകൊടുക്കുന്നത് സുമ കെട്ടില്ലെന്ന് നടിച്ചു .അല്ലങ്കിൽതന്നെ ഇതെത്ര കേട്ടിരിക്കുന്നു.

ഒരു സൂപ്പർ മാർക്കറ്റ് ഓഫീസിൽ ക്ലർക്ക് ആയി ചെറിയതെങ്കിലും ഒരു ജോലി ഉള്ളതുകൊണ്ട് ചെറിയ ചെറിയ പല കാര്യങ്ങളും നടന്നു പോകുന്നുണ്ട്. അല്ലങ്കിൽ എന്തിനും, ഏതിനും ഭർത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിക്കണം. തനിക്കു കിട്ടുന്ന ശമ്പളം ഒരു രൂപാ കുറയാതെ വീട്ടിലേക്ക് ചിലവാക്കുന്നുണ്ട്. എന്നിട്ടും കിട്ടുന്നതൊക്കെ എവിടേക്കൊണ്ട് കളയുകയാണെന്ന ചോദ്യം എപ്പോഴും ബാക്കി.
മക്കളുടെ സ്കൂൾ ബാഗിൽ ടിഫിൻ ബോക്സും, വെള്ളവും എടുത്തു വച്ച്, ഭർത്താവിനും, മക്കൾക്കും കഴിക്കാൻ പ്ളേറ്റിൽ ഭക്ഷണം വിളമ്പി വച്ച് സുമ കയ്യിൽ കിട്ടിയ ചുരിദാറും എടുത്ത് ബാത്റൂമിലേക്ക് ഓടിക്കയറി.

ഒരു കാക്കക്കുളി കുളിച്ച് ചുരിദാറിനുള്ളിൽക്കയറി ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സ്കൂട്ടറിൽകയറി ഭർത്താവും കുട്ടികളും പോയിരുന്നു.താനോടൊരു വാക്ക് മിണ്ടാതെ പോയതിൽ വിഷമം തോന്നിയെങ്കിലും, അവർ കടന്നു പോയിട്ടും സുമ വെറുതെ വാതിൽവരെ നോക്കി തിരിച്ചു നടന്നു.
രണ്ടിഡലി നിന്ന നിൽപ്പിൽ കഴിച്ച് ബാഗിൽ വെള്ളവും ചോറ്റുപാത്രവും വച്ച് ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മായിയമ്മയുടെ ചോദ്യം.
“നിന്റെ താലി എന്തിയെ സുമേ “

“അമ്മേ അതിന്റെ കുഴ ഒരൽപ്പം ചളുങ്ങി, അതിനി ഒന്നു വിളക്കിപ്പിക്കണം. മാലയിൽ നിന്നും വിട്ടുപോയാലോ എന്നുകരുതി ഊരി വച്ചു “
“ഓ നിന്റെ സൂപ്പർ മാർക്കറ്റിൽ നീ കെട്ടിയതാണ് എന്നു തോന്നാതെയിരിക്കാനാണോ അതിതുവരെ ഒന്നു വിളക്കിക്കാഞ്ഞേ? വന്നുവന്നു കെട്ടുതാലി പോലും വേണ്ടാതായി. എന്റെ മോനേ കൊള്ളഞ്ഞിട്ട്, അല്ലാതെന്നാ പറയാനാ “
അമ്മായിയമ്മയുടെ കുത്തുവാക്കുകൾക്ക് ചെവി കൊടുക്കാതെ സുമ വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു. നടക്കുമ്പോൾ താലി ഒഴിഞ്ഞ മാലയിൽ കൈഓടിച്ചുകൊണ്ട് സുമ മനസ്സിലോർത്തു. കെട്ടുപാടുകളുടെ, ബന്ധനത്തിന്റെ വേവലാതിയുടെ അടയാളം. ഭർതൃമതിയുടെ കടമകളുടെ, കടപ്പാടിന്റെ മുദ്ര. ഒരു പെണ്ണിന്റെ യന്ത്രം പോലെയുള്ള ജീവിതത്തിന്റെ റിമോട്ട്.

ജോലി സ്ഥലത്തു നിന്നും വീട്ടിലെത്താൻ അൽപ്പം വൈകിയാൽ, ആൺ സുഹൃത്തുക്കളോട് ഒന്നു ചിരിച്ചു സംസാരിച്ചൽ, ഫോണിൽ ആരോടെങ്കിലും അൽപ്പം കൂടുതൽ സമയം സംസാരിച്ചാൽ,കിടപ്പറയിൽ ഒരൽപ്പം മുൻകൈ എടുത്താൽ, മൂടിപ്പുതച്ചു സുഖത്തോടെ കുറച്ചുനേരം കൂടുതൽ ഉറങ്ങിയാൽ താലിയുടെ ഉടമസ്ഥന്റെ നെറ്റി ചുളിയും, കണ്ണുകളിൽ ഈർഷ്യ തെളിയും,ചിലപ്പോൾ ഒന്നും പറയില്ല പക്ഷേ ഉള്ളിലെ അസ്വാരസ്യം കണ്ണുകളിൽ നിന്നറിയാം. പക്ഷേ ഇതൊക്ക അവർക്ക് യഥേഷ്ടം ആകാം കാരണം യജമാനന് എന്തും ആകാമല്ലോ.

പല ജോലികൾ ഒരുമിച്ച് ഒരേസമയം ചെയ്യേണ്ട പെണ്ണെന്ന യന്ത്രത്തിന്റെ അസ്തിത്വവും, അടയാളവും അതല്ലേ താലി? നിബന്ധനകളുടെ,സമരസപ്പെട്ട ജീവിതത്തിന്റെ ഒഴുക്കിനൊത്ത് മുങ്ങിയും, പൊങ്ങിയും, കിടപ്പറയിൽ മിക്കപ്പോഴും ഒരുപകരണമായി മാറേണ്ട ഗതികേടു നിറഞ്ഞ ലൈസൻസിന്റെ പവിത്രമായ പേര് താലി.സുമ സ്വയം ചോദിച്ചു.

തിരക്കേറിയ ബസിൽക്കയറി ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ സുമയുടെ മനസിലേക്ക് നൂറു കാര്യങ്ങൾ ഓടി വന്നു. കുട്ടികളുടെ ടെസ്റ്റ്‌ പേപ്പർ, ഭർത്താവിന്റെ മെഡിക്കൽ ടെസ്റ്റ്‌, ഇൻഷുറൻസ് പോളിസിയുടെ കുടിശ്ശിക, കോഴിക്കുള്ള തൂങ്ങലിന്റെ മരുന്ന്, കരണ്ടു ബില്ലിന്റെ അവസാന തീയ്യതി, പണയം വച്ച സ്വർണ്ണത്തിന്റെ തിരിച്ചടവ്, മകളുടെ ജന്മദിനത്തിനു അവൾക്ക് നൽകേണ്ട സമ്മാനം, കേടായ മിക്സിയുടെ ജാർ മാറ്റുന്ന കാര്യം, വൈകിട്ടത്തെ അത്താഴത്തിന്റെ കറി അങ്ങനെ ഒരായിരം കാര്യങ്ങൾ. ഒക്കെ കുരുങ്ങിക്കിടക്കുന്നത് അല്ലങ്കിൽ കുരുക്കിയിട്ടിരിക്കുന്നത് അതിൽതന്നെ. ആ താലിയിൽ.

കാരണം അതു നൽകുന്ന ഉത്തരവാദിത്തങ്ങൾ ഒരു രാജ്യം ഭരിക്കുന്നതിൽ കൂടുതലാണ്, എന്നിട്ട് കിട്ടുന്ന പാരിതോഷികമോ പരമ പുച്ഛവും.
ബസിൽ നിന്നു സുമ ആ കാഴ്ച കണ്ടപ്പോൾ അറിയാതെ ചിരിച്ചുപോയി. മുണ്ടുമടക്കികുത്തി, സിഗരറ്റു പുകച്ചു വഴിയോരത്ത് മൂത്രമൊഴിക്കുന്ന ആരുടയോ ഭർത്താവ് എന്ന യജമാനൻ. അയാൾ സ്വതന്ത്രനാണ്, നിയമം ലംഖിക്കാൻ അയാൾക്ക് യാതൊരു മടിയുമില്ല. അയാൾക്ക് താലിയുടെ കെട്ടുപാടില്ല, അതിന്റെ പവിത്രതയുടെ യുഗങ്ങൾ നീളുന്ന കഥയും അറിയേണ്ട.

ബസിൽ നിന്നിറങ്ങി സുമ നേരെ കുഴ ഇളകിയ താലി വിളക്കിച്ചേർക്കാൻ തട്ടാന്റെ അടുത്തേക്ക് നടന്നു. ആ താലി അതു കഴുത്തിൽ ഇല്ലാഞ്ഞിട്ട് എന്തോ ഒരിത്.അതിപ്പോൾ ഒരു കുരുക്കാണെങ്കിലും പെണ്ണിന്റെ മനസ്സു പോലെയാ. എന്തൊക്കയോ, ആരെയൊക്കയോ കഴുത്തിൽ കുരുക്കി ചുമന്നു നടക്കുന്നു എന്നെരു അഹം ബോധം.

By ivayana